കൃഷി ഓഫിസർമാർക്ക് പരിശീലനം നൽകി സജ്ജരാക്കാൻ യുഎഇ
Mail This Article
അബുദാബി ∙ രാജ്യത്തെ കാർഷിക ഉൽപാദനം വർധിപ്പിച്ചു ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് പരിസ്ഥിതി, കാലാവസ്ഥ മന്ത്രാലയം കൃഷി ഉപദേശ സേവനം മെച്ചപ്പെടുത്തുന്നു.
കർഷകർക്കു മികച്ച ഉപദേശം നൽകാനും ഏറ്റവും ആധുനിക സാങ്കേതിക സൗകര്യം ഒരുക്കാനും കൃഷി ഓഫിസർമാരെ സജ്ജമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കൃഷി ഉദ്യോഗസ്ഥർക്ക് കഴിവ് വികസിപ്പിക്കാൻ ആവശ്യമായ പരിശീലനം നൽകും. അവരുടെ വൈദഗ്ധ്യം വർധിപ്പിക്കുക വഴി കർഷകരെ നേരായ ദിശയിലേക്കു നയിക്കാൻ പ്രാപ്തരാക്കും. മണ്ണ്, ജലസേചനം, വിളകൾ, പച്ചക്കറി, പഴം, കീട നിയന്ത്രണം, തേനീച്ച കൃഷി, തേൻ ഉൽപാദനം എന്നീ മേഖലയിലാണ് കാർഷിക ഉദ്യോഗസ്ഥർക്കു പ്രത്യേക പരിശീലനം നൽകുന്നത്.
കൃഷിക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങൾ സംബന്ധിച്ച അറിവ്, അത് കൈകാര്യം ചെയ്യുന്നതിലുള്ള വൈദഗ്ധ്യം എന്നിവ കൃഷി ഉദ്യോഗസ്ഥർക്ക് ഉറപ്പാക്കും. പരിശീലന മുറികളിൽ പഠിച്ചതു പ്രയോഗിക്കാനുള്ള അവസരവും ഒരുക്കും. ഇതിനായി പ്രത്യേക കൃഷി നിലം ഒരുക്കും. അവിടെ ഉദ്യോഗസ്ഥർക്കു പ്രായോഗിക പരിശീലനം നൽകും. കർഷകരുമായി മികച്ച ആശയ വിനിമയത്തിനും കൃഷി രീതികളെക്കുറിച്ചുള്ള കർഷകരുടെ സംശയങ്ങൾക്കു കൃത്യമായി മറുപടി പറയുന്നതിനും ഉദ്യോഗസ്ഥരെ പ്രാപ്തരാക്കും. മികച്ച പരിശീലനത്തിലൂടെ ഉദ്യോഗസ്ഥരിൽ ആത്മവിശ്വാസം വളർത്തും. കാർഷിക മേഖലയുടെ മൊത്തം വികസനം ലക്ഷ്യമാക്കി നടപ്പാക്കുന്നതാണ് പരിശീലനം പരിപാടിയെന്നു ഭക്ഷ്യ വൈവിധ്യ വിഭാഗം അസി. അണ്ടർ െസക്രട്ടറി ഡോ. മുഹമ്മദ് സൽമാൻ അൽ ഹമ്മാദി പറഞ്ഞു.
പ്രാദേശികമായി ഉൽപാദനം വർധിപ്പിക്കാനും മത്സര ക്ഷമത ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. കാർഷിക മേഖലയിലെ ആഗോള വിദഗ്ധർ, ഗവേഷണ സ്ഥാപനങ്ങൾ, അനുബന്ധ പ്രസ്ഥാനങ്ങൾ എന്നിവരുമായി സഹകരിച്ചായിരിക്കും ഉദ്യോഗസ്ഥരുടെ പരിശീലനം നടപ്പാക്കുക.
കാർഷികോൽപാദനം വർധിപ്പിക്കുന്നതിന് വാർഷിക ഗൈഡ്‌ലൈന് രൂപം നൽകാനും മന്ത്രാലയം തീരുമാനിച്ചു. വർഷം മുഴുവൻ കൃഷി നിരീക്ഷിക്കുകയും ഉൽപാദനം വർധിപ്പിക്കാൻ കർഷകർക്കു നിർദേശം നൽകുകയും ചെയ്യും. കീട ആക്രമണങ്ങളിൽ നിന്നു വിളകളെ സംരക്ഷിക്കാനും വാർഷിക പദ്ധതി ലക്ഷ്യമിടുന്നു. നടുന്നതിനും പരിപാലിക്കുന്നതിനും വിളവെടുക്കുന്നതിനുമായി ഓരോ വിളകൾക്കും കൃത്യമായ സമയക്രമം പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഈന്തപ്പന കൃഷി, മറ്റു പഴങ്ങൾ, പച്ചക്കറി, കാലിത്തീറ്റ, തേനീച്ച കൃഷി എന്നിവയാണ് പ്രധാനമായും പദ്ധതി ലക്ഷ്യമിടുന്നത്. ജലസേചനം, വളമിടൽ, നിലമൊരുക്കൽ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. കൃഷിയും ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ടു നിലവിലുള്ള വിവരങ്ങളുടെ വിശകലനം, അതിന്റെ അടിസ്ഥാനത്തിലുള്ള നിർദേശങ്ങൾ, പ്രകടനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ വിളവെടുപ്പിന്റെയും റിപ്പോർട്ട് സൂക്ഷിക്കൽ എന്നിവയും നടപ്പാക്കും.