ആസിഫ് അലിയിൽ നിന്ന് പരന്ന നന്മയുടെ പ്രകാശം പ്രവാസ ലോകത്തും; ജീവിതത്തിന് 'ഫുള്‍ സ്റ്റോപ്പല്ല', വേണം 'പുതുജീവൻ
Mail This Article
ദുബായ് ∙ മറ്റുള്ളവരുടെ മുന്നിൽ അപമാനിതനായപ്പോൾ നടൻ ആസിഫ് അലി പ്രതികരിച്ച സന്ദർഭത്തിൽ ആ മുഖത്തു വിരിഞ്ഞ പ്രകാശം; അതാണ് ഈ ലോകം ഇന്ന് അന്വേഷിക്കുന്നത്. വയനാട് ഉരുൾപ്പൊട്ടൽ, പ്രളയം, കോവിഡ്19 പോലുള്ള ദുരന്ത കാലത്ത് കേരളം മറ്റെല്ലാം വിഭാഗീയത ചിന്തകളും മറന്നു ഒരേ മനസോടെ സന്നദ്ധസേവനം നടത്തുന്ന കാഴ്ചകൾ കാണാനാണ് മനുഷ്യർ ഇന്ന് ആഗ്രഹിക്കുന്നത്– ദുബായിലെ പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. സിജി രവീന്ദ്രന്റേതാണ് ഈ വാക്കുകൾ.
നെഗറ്റീവുകളാൽ കലുഷിതമാണ് ഇന്നീ ലോകം. അവിടേയ്ക്ക് തീർച്ചയായും മനുഷ്യത്വത്തിന്റെയും നന്മയുടെയും വെള്ളിവെളിച്ചം കടന്നുവന്നില്ലെങ്കിൽ ലോകത്തെ ഒന്നാകെ ഇരുട്ട് കീഴടക്കും. ഇത്തരത്തിൽ പോസിറ്റീവായ സമീപനം ഇല്ലാത്തതാണ് പ്രവാസ ലോകത്ത്, പ്രത്യേകിച്ച് മലയാളികളുടെ ഇടയിൽ ആത്മഹത്യാ പ്രവണതയും വിഷാദരോഗവും കുടുംബപ്രശ്നങ്ങളും ലഹരി ഉപയോഗവും വർധിച്ചുവരുന്നതിന് പിന്നിലെ കാരണമെന്നും കഴിഞ്ഞ നാല് വർഷമായി പ്രവാസി സമൂഹത്തിനിടയിൽ പ്രവർത്തിക്കുന്ന സിജി പറയുന്നു. യുഎഇയിലെയും ഇന്ത്യയിലെയും 20,000 വനിതകൾക്കും അത്രയും തന്നെ കുട്ടികൾക്കുമിടയിൽ പഠനം നടത്തിയിട്ടുള്ള സിജി പ്രവാസ ലോകത്തെ ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും അതിനുള്ള പ്രതിവിധികളെക്കുറിച്ചും മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു:
∙ ആസിഫലിയിൽ നിന്ന് പരന്ന നന്മയുടെ പ്രകാശം
ആസിഫ് അലിയുടെ പുഞ്ചിരിച്ചുകൊണ്ടുള്ള പ്രതികരണത്തിന്റെ പ്രകാശം പ്രവാസ ലോകത്ത് ഉൾപ്പെടെ പരന്നത് മനുഷ്യരിൽ നന്മയും മനുഷ്യത്വവും വറ്റിയിട്ടില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു. അദ്ദേഹത്തിന് വേണമെങ്കിൽ ദേഷ്യത്തോടെ ഒന്നു നോക്കിക്കൊണ്ട് തന്റെ പ്രതിഷേധം അറിയിക്കാമായിരുന്നു. പക്ഷേ, തന്നെ അപമാനിച്ചയാളുടെ അപ്പോഴത്തെ മാനസികാവസ്ഥയായിരിക്കാം അദ്ദേഹത്തെക്കൊണ്ട് അത് ചെയ്യിച്ചതെന്നായിരുന്നു പിന്നീട് ആസിഫ് അലിയുടെ പ്രതികരണം. വിപരീതമായി ആസിഫ് അലി പ്രവർത്തിച്ചിരുന്നെങ്കിൽ ഇന്ന് അദ്ദേഹത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച പോസിറ്റീവ് നെസ് ലഭിക്കുമായിരുന്നില്ല. പുഞ്ചിരിച്ചുകൊണ്ട് സ്വയം സന്തോഷവും അതുവഴി കൂടുതൽ മുന്നോട്ട് പോകാനുള്ള ഊർജവും കണ്ടെത്തുകയായിരുന്നു ആ നടൻ. ഒരാൾക്ക് മറ്റൊരാളെ ഒരിക്കലും ദേഷ്യപ്പെടുത്താൻ സാധിക്കില്ല; ആ വ്യക്തി ദേഷ്യപ്പെടാൻ സ്വയം തയാറാകാത്തിടത്തോളം–സിജി പറയുന്നു. നമുക്ക് നമ്മുടെ സന്തോഷം മറ്റാരും കൊണ്ടുത്തരികയുമില്ല, അത് നമ്മൾ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു. അതിനുള്ള ശ്രമമാണ് ഓരോരുത്തരും നടത്തേണ്ടത്.
∙ കുട്ടിത്തമകന്ന കുട്ടികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം
പ്രവാസ ലോകത്തെ കുട്ടികൾ എത്രമാത്രം മാനസിക സമ്മർദം അനുഭവിക്കുന്നു എന്നത് ഇന്നത്തെ കാലത്ത് വളരെ ഗുരുതരമായ പ്രശ്നമാണ്. സ്കൂളുകളിലും വീടുകളിലും മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്ക് കൗൺസിലിങ് നൽകി അവര്‍ക്ക് എന്നും സന്തോഷം പകരാനും ബാല്യം അതിന്റേതായ രീതിയിൽ നുകരാനും അവസരമൊരുക്കേണ്ടതുണ്ട്.
എവിടെ പോയാലും കുട്ടികളിലായിരിക്കും തന്റെ കണ്ണുകൾ എന്ന് സിജി പറയുന്നു. അവരെ വെറുതെ നിരീക്ഷിച്ചുകൊണ്ടിരിക്കും. അവരുടെ മുഖത്ത് നിന്നും ചലനങ്ങളിൽ നിന്നും എന്തിന് ഒരു നോട്ടത്തിൽ നിന്നുപോലും നമുക്കവരുടെ മനസ്സ് വായിച്ചെടുക്കാനാകും. ചിലപ്പോൾ അവർ പഠനത്തിൽ പിന്നിലായിരിക്കാം, ഹൈപ്പർ ആക്ടിവിറ്റി, ക്ലാസിൽ ശ്രദ്ധയില്ലായ്മ, ഓർമശക്തിക്കുറവ് തുടങ്ങിയ പ്രശ്നങ്ങളാണ് പലപ്പോഴും കുട്ടികളിൽ കണ്ടുവരുന്നത്. മൊബൈല്‍ ഫോണിലും മറ്റു ഗാഡ് ജറ്റുകളിലും കൂടുതൽ സമയം ചെലവഴിക്കുന്നു, ഉറക്കക്കുറവ്, കൂട്ടുകാരോടാണ് താത്പര്യം, മാതാപിതാക്കളോട് സ്നേഹമോ ബഹുമാനമോ ഇല്ല, ബന്ധുക്കളോട് നന്നായി പെരുമാറുന്നില്ല തുടങ്ങിയ പരാതികളും പലപ്പോഴും മക്കളെക്കുറിച്ച് രക്ഷിതാക്കളിൽ നിന്നുണ്ടാകാറുണ്ട്. ഈ പ്രശ്നങ്ങളെല്ലാം തിരിച്ചറിഞ്ഞ് കുട്ടികളെ നേരായ പാതയിലേയ്ക്ക് കൊണ്ടുവരികയാണ് ഞാൻ ചെയ്തുവരുന്നത്. എന്താണ് അവരുടെ അടിസ്ഥാനപ്രശ്നമെന്ന് കണ്ടെത്തിയാൽ പിന്നെ അവരെ ശരിയായ ദിശയിലേയ്ക്ക് നയിക്കുക വളരെ എളുപ്പമാണ്. ഏതെങ്കിലും കുട്ടിയിൽ ഇത്തരത്തിലുള്ള എന്തെങ്കിലും പ്രശ്നങ്ങൾ തിരിച്ചറിയാനായാൽ ഞാൻ ആ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ച് സംസാരിച്ച് കാര്യങ്ങൾ മനസിലാക്കിക്കൊടുക്കും. അതൊരളവുവരെ പരിഹാരമാകാറുണ്ട്. കുട്ടിത്തം അല്ലാത്ത പ്രശ്നങ്ങളുള്ള കുട്ടികളെ കുട്ടിക്കാലത്ത് തന്നെ തിരുത്തിയാൽ തീരാവുന്നതേയുള്ളൂ എല്ലാ പ്രശ്നവും.
∙ വനിതകൾ ശക്തർ; പുരുഷന്മാർ ലോലഹൃദയർ
പുരുഷന്മാരേക്കാളും മാനസികാരോഗ്യം വനിതകൾക്കാണ് എന്ന് ഞാൻ മനസിലാക്കിയിട്ടുള്ളത്. അതാണ് പുരുഷന്മാരുടെ ഇടയിൽ ആത്മഹത്യാ പ്രവണത കൂടാൻ ഒരു കാരണം. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ സ്വയംഹത്യ നടത്തുന്നവർ പുരുഷവർഗമാണ്. കുട്ടിക്കാലം മുതലേ ഒരു പ്രശ്നമുണ്ടാകുമ്പോൾ അയ്യോ, കരയല്ലേ, വിഷമിക്കല്ലേ നാണക്കേടാണ് എന്നൊക്കെ കുടുംബവും സമൂഹവും പുരുഷന്മാരെ നിർബന്ധിക്കും. ഒന്ന് കരയാൻ പോലും പറ്റാത്തവിധം എല്ലാം അടക്കിവയ്ക്കണമെന്നാണ് അലിഖിത നിയമം. എന്റെയടുത്ത് കൗൺസിലിങ്ങിന് വരുന്ന 90% ആളുകളും പുരുഷന്മാരാണ്. വനിതകൾ അപൂർവമായേ എത്താറുള്ളൂ.
എപ്പോഴും കംഫർട് സോണിലിരിക്കാൻ ആഗ്രഹിക്കുന്നവരാണ് വനിതകൾ. ഒരു സ്ത്രീ അവരുടെ എല്ലാ സർഗാത്മകവും അല്ലാത്തതുമായ കഴിവുകള്‍ വിവാഹിതയാകുന്നതോടെ തത്കാലം മറന്നുപോകും അല്ലെങ്കിൽ മാറ്റിവയ്ക്കും. സ്കൂളുകളിൽ 'പഠിപ്പിസ്റ്റുകൾ ' എപ്പോഴും പെണ്‍കുട്ടികളായിരിക്കും. ഏത് പരീക്ഷയെടുത്താലും ആദ്യത്തെ 10 റാങ്കുകളിൽ ഭൂരിഭാഗവും പെൺകുട്ടികളാണെന്ന് കാണാം. പക്ഷേ, അവസാനം മിക്കവരും എന്തൊക്കെ സവിശേഷ കഴിവുകളുണ്ടെങ്കിലും അതെല്ലാം മറന്ന് സാധാരണ സ്ത്രീയെ പോലെ ജീവിക്കും. പിന്നീട് 30–40 വയസ്സൊക്കെയാകുമ്പോൾ അവർ പഴയതെല്ലാം ഒാർത്ത് മറ്റുള്ളവരെ പഴിക്കാൻ തുടങ്ങുന്നു. എനിക്ക് ഇത്തരത്തിലുള്ള ഒരു കഴിവുണ്ടായിരുന്നു, നിങ്ങൾ കാരണം അതെല്ലാം നഷ്ടപ്പെട്ടു അല്ലെങ്കിൽ ഒഴിവാക്കേണ്ടി വന്നു എന്ന് പറഞ്ഞ് ഭർത്താവിനെ കുറ്റപ്പെടുത്തും. അത് കുടുംബപ്രശ്നമായി മാറാൻ അധികസമയം വേണ്ട. പിന്നീട് ലോകത്തെ തന്നെ വെറുക്കുന്ന തരത്തിൽ പെരുമാറുന്ന ഒരുപാട് സ്ത്രീകളെ കണ്ടുമുട്ടാറുണ്ട്. മാതാപിതാക്കൾക്കും ഭർത്താവിനും മക്കൾക്കും വേണ്ടിയാണ് താനിതുവരെ ജീവിച്ചത് എന്നൊക്കെ പറഞ്ഞ് ആത്മനിന്ദയോടെയാണ് പലരും മുന്നോട്ടുപോവുക. ഇതോടെ പെട്ടെന്നൊരു നിമിഷം ഒറ്റപ്പെടുന്ന പുരുഷന്മാർ തകരാൻ തുടങ്ങും. ആ സമയത്ത് അവർ ഒരു പിന്തുണ ആഗ്രഹിക്കും. അപ്പോൾ സ്ത്രീയാണെങ്കിലോ അവരെ കടന്നാക്രമിക്കും. വീട്ടിൽപോലും സമാധാനം ലഭിക്കാതെ വരുമ്പോഴാണ് അവരെ കടുംകൈക്ക് പ്രേരിപ്പിക്കുന്നത്. അടുത്തിടെ ഷാർജ ഇന്ത്യൻ അസോസിയേഷനില്‍ ഇത്തരത്തിലുള്ള ഒരുപാട് സ്ത്രീ–പുരുഷന്മാരുമായി സംസാരിക്കാനും അവർക്ക് കൗൺസിലിങ് നൽകാനും സാധിച്ചു.
∙ കാലം മാറി കഥ മാറി; പെൺകുട്ടികൾ ഒറ്റയ്ക്ക് പറന്നെത്തി
പഴയ കാലം പോലെയല്ല, നമ്മുടെ നാട്ടിൽ നിന്ന് പെൺകുട്ടികൾ ഒറ്റയ്ക്ക് വിദേശ രാജ്യങ്ങളിൽ ചെന്ന് ജോലി കണ്ടെത്തി സെറ്റിലാകുന്ന കാഴ്ച സന്തോഷം പകരുന്നതാണ്. ഇതോടെ മാതാപിതാക്കളുടെ വലിയ ബാധ്യത ഒഴിവാകുന്നു എന്ന് മാത്രമല്ല, പെൺകുട്ടികൾക്ക് ആത്മധൈര്യം പകരുന്നതാണ് സ്വന്തം കാലിൽ നിൽക്കാൻ കഴിയുന്നു എന്നത്. ഒരാൾ സാമ്പത്തികമായി സ്വതന്ത്രയാകുമ്പോൾ ലഭിക്കുന്ന സുരക്ഷിതത്വം വളരെ വലുതാണ്. അതുപോലെ ഇന്ന് ജോലിയുള്ള പെൺകുട്ടികളെയാണ് യുവാക്കൾക്ക് കൂട്ടായി വേണ്ടത്. ഇതോടെ ജീവിതം എല്ലാ നിലയ്ക്കും ബാലൻസ് ചെയ്ത് മുന്നോട്ടുപോകാനും സാധിക്കുന്നു.
ഞാൻ ഇത്തരത്തിലുള്ള ഒട്ടേറെ പെൺകുട്ടികളെയും യുവതികളെയും യുഎഇയിൽ കണ്ടുമുട്ടിയിട്ടുണ്ട്. അവരോട് സംസാരിച്ചപ്പോൾ, സ്വന്തം കുടുംബത്തിന്റെ പിന്തുണയുണ്ടടെങ്കിലും അവർ വന്ന വഴികളെല്ലാം വളരെ ചലഞ്ചിങ്ങാണെന്ന് മനസിലായി. ഇവിടെയെത്തി മറ്റുള്ളളവരെ പോലെ, പ്രത്യേകിച്ച് യുവാക്കളെ പോലെ ഇവരും ഒരു ജോലി കണ്ടെത്താനും സെറ്റിലാകാനും ഏറെ പ്രയത്നിക്കേണ്ടതുണ്ട്. എങ്കിലും യുവാക്കളേക്കാളും മികച്ച നിലയിലെത്തപ്പെടാനും ജീവിതം പെട്ടെന്ന് കരുപ്പിടിപ്പിക്കാനും സ്ത്രീകൾക്കുള്ള കഴിവ് വേറെ തന്നെയാണ്.
∙ തിരിച്ചുപോകാനാഗ്രഹിക്കാത്ത പെൺകുട്ടികൾ
ഇവിടെ ആലോചിക്കേണ്ട മറ്റൊരു വസ്തുത, എന്തുകൊണ്ട് ഇത്തരത്തിലുള്ള പെൺകുട്ടികൾ ഗൾഫിൽ, പ്രത്യേകിച്ച് യുഎഇയിൽ വന്നശേഷം തിരിച്ചുപോയി നാട്ടിൽ കൂടാൻ ആഗ്രഹിക്കാത്തത് എന്നതാണ്. സുരക്ഷിതത്വം എന്ന വലിയൊരു സത്യം യുഎഇ പോലുള്ള രാജ്യത്ത് അവരെ പൊതിഞ്ഞുമൂടുന്നു എന്നത് തന്നെയാണ ്ഇതില്‍ ഏറ്റവും പ്രധാനം. കൂടാതെ, ഇവിടെ ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. കുറ്റപ്പെടുത്താനോ കളിയാക്കാനോ അവഗണിക്കാനോ ഇവിടെ ആരുമുണ്ടായിരിക്കില്ല. ചിരിക്കുമ്പോൾ ചിരിക്കാം, കരയണമെങ്കിൽ കരയാം– അവർക്ക് അവരായി ജീവിക്കാൻ ഇത്രയും യോജിച്ച സ്ഥലം വേറെയില്ല. നല്ല കൂട്ടുകാരികളെ കണ്ടെത്താനും സമാധാനപരമായി ജീവിക്കാനും സാധിക്കുന്നു. കൂടാതെ, പലരും ഇവിടെ തന്നെ അവരുടെ ജീവിത പങ്കാളിയെ കണ്ടെത്തി മികച്ച ഭാവിയുമൊരുക്കുന്നു. അതേസമയം, യുവാക്കളിൽ ഭൂരിഭാഗവും വീട്, മഴ, ഉത്സവം, തെയ്യം തുടങ്ങിയ ഗൃഹാതുരത വല്ലാതെ വീർപ്പുമുട്ടിച്ച് അതിന്റെ അസ്വസ്ഥതയിലായിരിക്കും കഴിയുക. എന്നാൽ, ഇത്തരം ചപല വികാരങ്ങളോട് പെൺകുട്ടികൾ മുഖംതിരിക്കും. എന്തെങ്കിലും ഒാർമകൾ അവരിലെത്തിയാൽ തന്നെ മനപ്പൂർവം മറന്നുകളയും. അവരുടെ ചിന്താഗതികൾ തന്നെ തീർത്തും വ്യത്യസ്തമാണ്.
എന്നാൽ ഒരുകാര്യം ശ്രദ്ധിക്കേണ്ടത്, പുരുഷന്മാർക്ക് മാനസിക സമ്മർദം വളരെ കൂടുതലാണ് എന്നതാണ്. വീട്, സഹോദരങ്ങളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ഒട്ടേറെ ബാധ്യതകളുമായാണ് പലരും ഗൾഫിലെത്തുന്നത്. ഇതോടെ, അവർക്ക് ജോലിയന്വേഷണവും പെട്ടെന്ന് മടുക്കുന്നു. ജോലി കിട്ടിയാൽ തന്നെ വിവിധ പ്രശ്നങ്ങളാൽ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാകുന്നില്ല. കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള ഒരു യുവാവിനെ കണ്ടുമുട്ടിയിരുന്നു. കൊള്ളാവുന്ന ജോലിയാണെങ്കിലും ഒട്ടേറെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നയാളാൾ. എനിക്ക് നാട്ടിലേയ്ക്ക് തിരിച്ചുപോകണം എന്നത് മാത്രമായിരുന്നു അവന് പറയാനുള്ളത്. നല്ലൊരു കൗൺസിലിങ് നൽകിയതിലൂടെ അവന്റെ ചിന്തകൾ മാറി. ഇവിടെ ജോലിയിലല്ല, വീട്ടിലായിരുന്നു അവന്റെ പ്രശ്നം. കടൽക്കടന്നെത്തുന്ന വീട്ടുകാരുടെ പലതരം സമ്മർദങ്ങൾ അവന്റെ മാനസിക നില തെറ്റുന്നയിടത്താണ് എത്തിക്കൊണ്ടിരുന്നത്. നീയവിടെ സുഖിച്ച് കഴിയുകയാണല്ലേ എന്നാണ് മിക്കപ്പോഴും നേരിട്ടിരുന്ന കുറ്റപ്പെടുത്തലുകൾ. ഇത്തരത്തില്‍ ഗൾഫിലുള്ള ഒട്ടേറെ യുവാക്കളുടെ പ്രതീകമാണ് അവൻ. ഇൗ പ്രശ്നങ്ങൾ അവരുടെ ജോലിയെയും സ്വഭാവത്തേയും ജീവിതത്തെയും വല്ലാതെ ബാധിക്കുന്നുണ്ട്. വിഷാദരോഗത്തിലേയ്ക്ക് പോലും ചെന്ന് പതിക്കുന്നു. ഇതിന് പരിഹാരം കാണാൻ നിലവിൽ പല കമ്പനികളും ഇത്തരത്തിൽ കൗൺസിലിങ്ങുകൾ ഒരുക്കുന്നത് പ്രതീക്ഷ നൽകുന്നു.
∙ സ്വയം പുതുക്കാൻ തയാറാകണം
മികച്ച വിദ്യാഭ്യാസവും പരിശീലനവും ലഭിക്കുന്നതിനാലും വ്യത്യസ്ത കോഴ്സുകൾ പഠിക്കാൻ അവസരമുള്ളതിനാലും ഇന്നത്തെ തലമുറ ഭാഗ്യവാന്മാരാണ്. അവർക്ക് എവിടെയും മികച്ച ഭാവിയുണ്ട്. നല്ല ശമ്പള പാക്കേജുള്ള ജോലി തന്നെ ലഭിക്കുന്നു. പക്ഷേ, അവർ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ പഴയതലമുറ അത്രയൊന്നും അനുഭവിക്കാത്തതും. ഒട്ടേറെ യോഗ്യതകളുമായി ഗൾഫിൽ എത്തുന്ന യുവാവോ യുവതിയോ അവിടെയുള്ള പഴയ ജീവനക്കാരുടെ ഉറക്കം കെടുത്തുന്നു. ഏറെ കാലമായി ഇവിടെ ജോലി ചെയ്യുന്ന തന്നേക്കാളും കൂടുതൽ ശമ്പളവും സൗകര്യവും പുതുതായി വന്നവന് കൊടുക്കുന്നു എന്ന ചിന്ത. അതോടെ മാനസിക സമ്മർദം പിടികൂടുന്നു. ഇൗ ഘട്ടത്തിൽ പഴയ ജീവനക്കാരൻ അല്ലെങ്കിൽ ജീവനക്കാരി അവരെത്തന്നെ പുതുക്കേണ്ടിയിരിക്കുന്നു. കൂടുതൽ മെച്ചപ്പെട്ട ജോലിക്ക് വേണ്ടിയുള്ള ശ്രമം നടത്തിയാണ് പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം നേടേണ്ടത്.
ബിസിനസ് മെച്ചപ്പെടുത്താനുള്ള പുതിയ െഎഡിയയും മാറ്റങ്ങളും ഒാരോ കമ്പനിയും അന്വേഷിക്കുന്നു. അത് നൽകാൻ തയ്യാറാകാത്തവരെ ആർക്കും വേണ്ട. കഠിനമായി അധ്വാനിക്കുന്നയാളാണെങ്കിലും മാറ്റങ്ങളുണ്ടാകുന്നില്ലെങ്കിൽ അയാൾ അവഗണിക്കപ്പെട്ടേക്കാം. എന്റെ വിധിയിതാണെന്ന് കരുതി സ്വയം പഴിച്ച് വാർധക്യകാലത്തോളം ഇവിടെ തന്നെ ജീവിക്കാൻ പലരും തയ്യാറാകുന്നത് ഇതുമൂലമാണ്. ഇതിന് പകരം സ്വയം പുതുക്കാൻ തയ്യാറായാൽ കൂടുതൽ ശമ്പളവും ശോഭനമായ ജീവിതവും ലഭിക്കുമെന്നതിൽ സംശയമില്ല.
തൊഴിലാളികളാണ് മാനസിക സമ്മർദം നേരിടുന്ന മറ്റൊരു വിഭാഗം. ഒരുപക്ഷേ, മികച്ച വിദ്യാഭ്യാസം നേടിയ യുവാവ് എത്തപ്പെടുന്നത് പൊരിവെയിലത്ത് കഠിനാധ്വാനം ചെയ്യേണ്ട കെട്ടിട നിർമാണ മേഖലയിലായിരിക്കാം. അയാളുടെ ഉള്ളിൽ തിളച്ചുമറിയുന്ന ഇൗ ലോകത്തോട് തന്നെയുള്ള ദേഷ്യവും നിരാശയുമെല്ലാം വൈകാതെ അയാളെ മറ്റൊരു വ്യക്തിയാക്കിത്തീർത്തേക്കാം. ഇത്തരം യുവാക്കളാണ് പലപ്പോഴും ജീവിതത്തിന് ഫുള്‍ സ്റ്റോപ്പിടാൻ തുനിയുന്നത്. ഇവർ സ്വയം നിർമിച്ച അസ്വസ്ഥതകളുടെ പുറംതോടിൽ നിന്ന് പുറത്തുകടക്കാനുള്ള കൗൺസിലിങ് കൃത്യസമയത്ത് നൽകാൻ അവരുടെ കമ്പനികൾ തയ്യാറാകണം. താൻ ഇവരെത്തേടി നടക്കാറുണ്ടെന്നും കഴിയുന്ന സഹായം ചെയ്തുകൊടുക്കാറുണ്ടെന്നും സിജി പറയുന്നു.
∙ വയനാടിനെ ചേർത്ത് നിർത്തണം
ഇരുനൂറിലേറെ ജീവനുകൾ പൊലിഞ്ഞ വയനാട് ഉരുൾപ്പൊട്ടൽ കേരളം കണ്ട ഏറ്റവും വലിയ ദുരന്തമായി. ഒട്ടേറെ മനുഷ്യർ അനാഥരായി, വീടും സ്ഥലവും നഷ്ടപ്പെട്ടു. ഇത്തരം മനുഷ്യർക്ക് വീടും സൗകര്യങ്ങളും നൽകാൻ പതിവുപോലെ പ്രവാസ ലോകത്തെ നന്മമനസുകളും മുന്നോട്ടുവന്നു. എല്ലാം നഷ്ടപ്പെട്ടവർക്ക് മാനസിക പിന്തുണ കൂടി നൽകേണ്ടത് അത്യാവശ്യമാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇതിന് കൂടി സർക്കാരും ഗൾഫിലെയും നാട്ടിലെയും സന്നദ്ധ സംഘടനകളും മുൻകൈയെടുക്കണമെന്നും സിജി അഭിപ്രായപ്പെടുന്നു. കണ്ണൂരിൽ ജനിച്ച് വളർന്ന് കൊച്ചിയിൽ സ്ഥിരതതാമസമാക്കിയ പത്തനംതിട്ട സ്വദേശിനിയായ സിജി ഹൈദാരാബാദിൽ സൈക്കോളജി പഠനം പൂർത്തിയാക്കി ആംസ്റ്റർഡാമിലും ബാലിയിലും ക്ലിനിക്കൽ സൈക്കോളജിയിൽ വിമൻ,ചിൽഡ്രൻ മെൻ്റൽ ഹെൽത്ത് വിഭാഗത്തിൽ സ്പൈഷ്യലൈസ് ചെയ്തിട്ടുണ്ട്. കോൺക്വർ യുവർ ഫിയർ ടു ലീഡ് എ പ്രോസ്പറസ് ആൻഡ് ഹാപ്പി ലൈഫ് എന്ന പുസ്കം പ്രസിദ്ധീകരിച്ചു. കളരിയഭ്യസിച്ചിട്ടുള്ള ഇൗ യുവതി കുതിരയോട്ടത്തിലും വൈദഗ്ധ്യം നേടിയിട്ടുണ്ട്. ഹൈക്കിങ്ങും ട്രക്കിങ്ങും നടത്താറുണ്ട്. ദുബായിൽ മാധ്യമപ്രവർത്തകനായ അനൂപ് കീച്ചേരിയാണ് ഭർത്താവ്. പിതാവ്: രവീന്ദ്രന്‍. മാതാവ്: പത്മകുമാരി.
സിജിയുടെ ഫോൺ: +97154 7633 656.