കുവൈത്ത് ഇഖാമ പരിഷ്കാരം: നിരവധി കമ്പനികളുടെ ഫയലുകൾ താൽക്കാലികമായി മരവിപ്പിച്ചു, പ്രവാസികൾക്ക് തിരിച്ചടി
Mail This Article
കുവൈത്ത് സിറ്റി∙ കുവൈത്തിൽ താമസിക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് രാജ്യത്തെ റസിഡൻസി നിയമ (ഇഖാമ) പരിഷ്കാരം തിരിച്ചടിയാകുമെന്ന് റിപ്പോർട്ട്. രാജ്യത്തെ റസിഡൻസി നിയമങ്ങൾ കർശനമാക്കുന്നതിന്‍റെ ഭാഗമായി പതിനെട്ടാം നമ്പർ ഇഖാമയിൽ ബിസിനസ് പങ്കാളികളുള്ള സ്ഥാപനങ്ങൾക്ക് സസ്‌പെൻഷൻ ഏർപ്പെടുത്തിയിരിക്കുകയാണ്.
ഇത് റസിഡൻസി കാറ്റഗറികൾ പുനഃക്രമീകരിക്കുന്നതിന്‍റെ തുടക്കം മാത്രമാണെന്നാണ് സൂചന. ആർട്ടിക്കിൾ 17 മുതൽ 24 വരെയുള്ള വിവിധ റസിഡൻസി വിഭാഗങ്ങളിൽ നിയന്ത്രണങ്ങൾ പുനരവലോകനം ചെയ്യാൻ അധികൃതർ ഒരുങ്ങുകയാണ്. വാണിജ്യ മന്ത്രാലയം കമ്പനികളുടെ ഡയറക്ടർഷിപ്പും പങ്കാളിത്തവുമായി ബന്ധപ്പെട്ട് പ്രധാന തീരുമാനം എടുത്തതിനെ തുടർന്നാണ് ഈ നടപടി. മാൻപവർ അതോറിറ്റിയുടെ സഹകരണത്തോടെയാണ് ഈ പരിഷ്കരണം നടപ്പാക്കുന്നത്.
സ്വകാര്യ മേഖലയിലെ ജീവനക്കാർ പങ്കാളികളായി റജിസ്റ്റർ ചെയ്ത കമ്പനികളുടെ ഫയലുകൾ താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. ഒരു വ്യക്തിക്ക് ഒരേസമയം തൊഴിലാളിയും തൊഴിലുടമയുമായിരിക്കുന്നത് നിയമപരമായും സാങ്കേതികമായും അപ്രായോഗികമായതിനാലാണ് ഈ നിയമം കൊണ്ടുവന്നത്.
45,000-ലധികം കമ്പനികളുമായി ബന്ധമുള്ള 10,000-ത്തിലധികം പ്രവാസികളെ തീരുമാനം ബാധിക്കും എന്നാണ് അറിയുന്നത്. വിദേശികളുടെ താമസ നിയമമനുസരിച്ച് ആർട്ടിക്കിൾ 18 പ്രകാരം, വർക്ക് പെർമിറ്റുള്ള തൊഴിലാളികൾ, തൊഴിലുടമകളുടെ മേൽനോട്ടത്തിന് വിധേയമാണ്. എന്നാൽ വിദേശ നിക്ഷേപകനോ വാണിജ്യ പങ്കാളിക്കോ പ്രത്യേകം അനുവദിക്കുന്ന താമസാനുമതിയാണ് ആർട്ടിക്കിൾ 19.
ആർട്ടിക്കിൾ 18 പ്രകാരം നിലവിൽ റസിഡൻസി കൈവശം വച്ചിരിക്കുന്ന പ്രവാസികൾ തങ്ങളുടെ ഉടമസ്ഥതയിലോ പങ്കാളിത്തത്തിലോ പ്രവർത്തിക്കുന്ന കമ്പനികളിൽ ഡയറക്ടർഷിപ്പ് നിലനിർത്തണമെങ്കിൽ, ആർട്ടിക്കിൾ 19 ലേക്ക് തങ്ങളുടെ ഇഖാമ മാറ്റേണ്ടിവരും. അല്ലാത്തപക്ഷം ഓഹരികൾ വിൽക്കാനോ കൈമാറ്റം ചെയ്യാനോ നിർബന്ധിതരാകും. ഇവർക്കെല്ലാം സ്റ്റാറ്റസ് ഭേദഗതി ചെയ്യുന്നതിനോ അല്ലെങ്കിൽ പങ്കാളിത്തം ഒഴിയുന്നതിനോ ഗ്രേസ് പിരീഡ് അനുവദിച്ചേക്കും. മറ്റു ഇഖാമ കാറ്റഗറികളിൽ കൂടി പരിഷ്കരണം നടപ്പാക്കാൻ അധികൃതർ ആലോചിക്കുന്നതായും സൂചനകളുണ്ട്.