പൊതുമാപ്പിന്റെ പേരിൽ വ്യാജ സന്ദേശങ്ങൾ
Mail This Article
ദുബായ് ∙ പൊതുമാപ്പിന്റെ പേരിൽ വ്യാജ വെബ്സൈറ്റുകളുമായി ഓൺലൈൻ തട്ടിപ്പുകാർ രംഗത്ത് എത്തുമെന്ന് മുന്നറിയിപ്പ്. പൊതുമാപ്പ് നേടാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്തും, പൊതുമാപ്പിൽ റജിസ്റ്റർ ചെയ്യാമെന്ന് പറഞ്ഞും ഓൺലൈൻ ലിങ്കുകളും വാട്സാപ് സന്ദേശങ്ങളും പലർക്കും ലഭിക്കുന്നുണ്ട്. ഇതിൽ പറയുന്ന പല നിർദേശങ്ങളും തെറ്റിദ്ധരിപ്പിക്കും.
പൊതുമാപ്പിന് റജിസ്റ്റർ ചെയ്യേണ്ട സൈറ്റ് എന്ന പേരിൽ ഇമെയിൽ സന്ദേശങ്ങളും എസ്എംഎസുകളും പലർക്കും ലഭിക്കുന്നുണ്ട്. ഇത്തരം ലിങ്കുകളിൽ കയറുന്നതിനെതിരെ വിവിധ രാജ്യങ്ങൾ അവരുടെ പൗരന്മാർക്കു മുന്നറിയിപ്പു നൽകി. വ്യാജ സൈറ്റുകളിൽ വ്യക്തി വിവരങ്ങൾ നൽകരുതെന്നും പണമിടപാടുകൾക്ക് ശ്രമിക്കരുതെന്നും നിർദേശമുണ്ട്.
പൊതുമാപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക സൈറ്റുകളാണെന്ന് ഉറപ്പു വരുത്തിയ ശേഷമേ വ്യക്തി വിവരങ്ങൾ നൽകാവൂ. പൊതുമാപ്പുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ ഇനിയും യുഎഇ പ്രഖ്യാപിച്ചിട്ടില്ല. എങ്ങനെ റജിസ്റ്റർ ചെയ്യണം, എന്തെല്ലാം വിവരങ്ങൾ നൽകണം, ഏതു സൈറ്റിൽ റജിസ്റ്റർ ചെയ്യണം തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ പോലും പുറത്തുവരാൻ പോകുന്നതേയുള്ളൂ. പൊതുമാപ്പുമായി ബന്ധപ്പെട്ട നടപടികൾ ഏറ്റവും ലളിതമാക്കാനുള്ള മുന്നൊരുക്കങ്ങളാണ് യുഎഇ നടത്തുന്നത്.
നടപടികൾ അതിവേഗം പൂർത്തിയാക്കാൻ എഐ സാങ്കേതിക വിദ്യ
റജിസ്ട്രേഷൻ മുതൽ പൊതുമാപ്പ് നേടുന്നത് വരെയുള്ള എല്ലാ ഘട്ടങ്ങളും അതിവേഗം പൂർത്തിയാക്കാൻ നിർമിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന സാങ്കേതിക വിദ്യയാണ് ഒരുക്കുന്നത്. ഒരു പിഴവുകളും ഉണ്ടാകാതിരിക്കാനാണ് നടപടികൾ പൂർണമായും ഓൺലൈനാക്കുന്നത്.
ഉദ്യോഗസ്ഥരുടെ ഇടപെടൽ പരമാവധി കുറയ്ക്കാനും സ്മാർട് സംവിധാനത്തിലൂടെ കാര്യങ്ങൾ ലളിതമായി പൂർത്തിയാക്കാനും പ്രവാസികൾക്ക് കഴിയും. ഇതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) തയാറാക്കുകയാണ്.
ഇതിന്റെ പൂർണ വിവരങ്ങൾ ഉടൻ ഔദ്യോഗികമായി പ്രസിദ്ധീകരിക്കും. സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 31വരെയാണ് പൊതുമാപ്പ് കാലാവധി. വീസ നിയമ ലംഘകർക്ക് പിഴയോ മറ്റു ശിക്ഷകളോ കൂടാതെ രാജ്യം വിടാൻ അവസരം ഒരുക്കുന്നതാണ് പൊതുമാപ്പ്. രാജ്യം വിടാൻ താൽപര്യമില്ലാത്തവർക്ക് വീസ നിയമാനുസൃതമാക്കാനും ഈ കാലയളവിൽ സാധിക്കും.