ദുബായ് വിമാനത്താവളം പാർക്കിങ്ങുകൾക്ക് കളർ കോഡുകൾ
Mail This Article
ദുബായ് ∙ രാജ്യാന്തര വിമാനത്താവളത്തിൽ പാർക്ക് ചെയ്ത വാഹനങ്ങൾ ഇനി തിരഞ്ഞു നടക്കേണ്ട, പാർക്ക് ചെയ്ത സ്ഥലത്തിന്റെ നിറം ഓർത്തുവച്ചാൽ മതി.
ദുബായ് രാജ്യാന്തര വിമാനത്താവളത്തിലെ പാർക്കിങ്ങുകൾക്ക് നിറം അടിസ്ഥാനത്തിലുള്ള കോഡുകൾ നടപ്പാക്കാൻ തീരുമാനിച്ചു. നിറങ്ങൾ നിങ്ങളെ നിങ്ങളുടെ വാഹനങ്ങളുടെ അടുത്ത് എത്തിക്കും. അടുത്ത മാസത്തോടെ നിറം അടിസ്ഥാനമാക്കിയ പാർക്കിങ് സംവിധാനം നിലവിൽ വരും. വിമാനത്താവളത്തിൽ വാഹനം പാർക്ക് ചെയ്യുന്നവരുടെ ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് തിരികെ അതേ സ്ഥലത്തു മടങ്ങി എത്തുക എന്നത്. പാർക്ക് ചെയ്ത ശേഷം വാഹനം കിടക്കുന്നതിന്റെ അടുത്തുള്ള തൂണിന്റെ പടം എടുത്തു പോവുകയോ ഗൂഗിളിൽ സ്ഥലം മാർക്ക് ചെയ്യുകയോ ആണ് പലരും ചെയ്യുന്നത്. മടങ്ങി വരുമ്പോഴേക്കും എത്രാമത്തെ നിലയിലാണ് പാർക്ക് ചെയ്തതെന്നു പോലും മറന്നു പോകും. ഇതിനുള്ള പരിഹാരമാണ് കളർ കോഡ്.
∙ പാർക്കിങ് നിരക്കുകൾ
ടെർമിനൽ 1-ൽ പാർക്കിങ് മണിക്കൂറിന് 15 ദിർഹം മുതൽ 125 ദിർഹം വരെയും ടെർമിനൽ 2-ൽ 15 മുതൽ 70 ദിർഹം വരെയും ടെർമിനൽ 3 ൽ 5 മുതൽ 125 ദിർഹം വരെയുമാണ് നിരക്ക്. പാർക്കിങ്ങിന് ഓരോ അധിക ദിവസത്തിനും ചെലവ് 100 ദിർഹം.
അതേസമയം, ഫ്ലൈ ദുബായ് അവരുടെ യാത്രക്കാരെ ദുബായ് ഇന്‍റർനാഷനൽ എയർപോർട്ടിന്‍റെ ടെർമിനൽ 2 ൽ പാർക്കിങ് സ്ഥലം മുൻകൂട്ടി ബുക്ക് ചെയ്യാൻ അവസരമൊരുക്കുന്നു. വിമാനത്താവളത്തിൽ എത്തിച്ചേരുമ്പോൾ പാർക്കിങ് സ്ഥലം കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഇതുവഴി ഒഴിവാകും. ഫ്ലൈ ദുബായ് വഴി 50 ദിർഹം വരെ ദിവസേന ദൈർഘ്യമേറിയതും ഹ്രസ്വവുമായ സമയത്തേയ്ക്ക് ദുബായ് ഇന്‍റർനാഷനൽ എയർപോർട്ടിലെ ടെർമിനൽ 2-ൽ പാർക്കിങ് സ്ഥലം മുൻകൂട്ടി ബുക്ക് ചെയ്യാം. തിരഞ്ഞെടുത്ത കാർ പാർക്കിൽ പ്രവേശിക്കാൻ, ബുക്കിങ് സ്ഥിരീകരണത്തിൽ നൽകിയിരിക്കുന്ന ക്യുആർ കോഡ് സ്‌കാൻ ചെയ്‌താൽ മതിയാകുമെന്ന് (അറൈവൽ എ1 അല്ലെങ്കിൽ ഡിപാർച്ചർ എ2)ന്ന് ഫ്ലൈ ദുബായുടെ വെബ്‌സൈറ്റിൽ പറഞ്ഞു.