ADVERTISEMENT

ദുബായ്∙ യുഎഇയിലും മറ്റ് ഗൾഫ് രാജ്യങ്ങളിലും വസിക്കുന്ന പ്രവാസികളിൽ ആരോഗ്യ പ്രശ്നങ്ങൾ വർധിച്ച് വരുന്നതായി റിപ്പോർട്ട്. പ്രത്യേകിച്ച് ഹൃദ്രോഗം പോലുള്ള ഗുരുതര രോഗങ്ങൾ പ്രവാസികളിൽ വർധിച്ചുവരുന്നതായി ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ഇരുപതുകളിലുള്ള യുവാക്കൾ പോലും ഹൃദയാഘാതം പോലുള്ള രോഗങ്ങൾ മൂലം മരിക്കുന്നത് ആശങ്കയ്ക്ക് വക നൽകുന്നു. വനിതകളും ഈ രോഗത്തിന്‍റെ  പിടിയിൽപ്പെടുന്നത് സാധാരണമായിരിക്കുന്നു. ഷേക്ക് വാർഷിക കോൺഫറൻസ് പോലുള്ള പരിപാടികളിൽ ഹൃദ്രോഗം തടയുന്നതിനുള്ള മാർഗങ്ങൾ, പുതിയ ചികിത്സാ രീതികൾ, പ്രതിരോധ സ്ക്രീനിങ് എന്നിവയെക്കുറിച്ച് ചർച്ച ചെയ്യപ്പെടുന്നുണ്ട്. കൂടുതൽ അവബോധത്തോടെയുള്ള ആദ്യകാല ഇടപെടലുകൾക്ക് ജീവന്‍റെ  വിലയുണ്ട്.

സുശീൽകുമാർ ഹൃദയാഘാതത്തിന് മുൻപും ശേഷവും.ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
സുശീൽകുമാർ ഹൃദയാഘാതത്തിന് മുൻപും ശേഷവും.ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

ഇന്ന് ഹൃദ്രോഗത്തെക്കുറിച്ച് ബോധവൽക്കരണം വർധിച്ചിട്ടുണ്ടെങ്കിലും, ഈ രോഗം എങ്ങനെ ഉണ്ടാകുന്നു, അതിന്‍റെ  ലക്ഷണങ്ങൾ, ആദ്യസഹായം എന്നിവയെക്കുറിച്ചുള്ള അറിവ് പല പ്രവാസികൾക്കുമില്ല. കഠിനമായ കായികാധ്വാനം ചെയ്യുന്ന പ്രവാസികളിൽ ഹൃദ്രോഗം വ്യാപകമായിരിക്കുന്നത് ആശങ്കയ്ക്ക് വക നൽകുന്ന കാര്യമാണ്. ഉമ്മുൽഖുവൈനിൽ കെട്ടിട നിർമാണ തൊഴിലാളിയായ യുപി സ്വദേശി സുശീൽകുമാറിനും (32) മലയാളിയായ ബിജു ആന്‍റണിക്ക് സംഭവിച്ചതും ഇത്തരത്തിലുള്ള അവബോധമില്ലായ്മയുടെ പ്രശ്നങ്ങളാണ്. 

സുശീൽകുമാറിന് വയറിലായിരുന്നു ഒരു തരം അസ്വസ്ഥതയുണ്ടായത്. സാധാരണ വരാറുള്ള വയറുവേദനയാണെന്ന് കരുതി ആദ്യമത്ര കാര്യമാക്കിയില്ല. എന്നാൽ പ്രശ്നം വഷളാകാന്‍ തുടങ്ങിയതോടെ ചില പരിചയക്കാർ മുഖേന ഉമ്മുൽഖുവൈൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്ലോബല്‍ പ്രവാസി യൂണിയൻ ചെയർമാൻ അഡ്വ.ഫരീദിന്‍റെയടുത്ത് വിവരമെത്തി. സംശയം തോന്നിയ അഡ്വ.ഫരീദ് അപ്പോൾ തന്നെ സുശീൽകുമാറിന്‍റെയടുത്ത് പാഞ്ഞെത്തി അദ്ദേഹത്തെ ഷാർജ അൽ ഖാസിമിയ ആശുപത്രിയിലെത്തിച്ചു. 

 പരിശോധനയിൽ മനസിലായി, സുശീൽകുമാറിന് ഹൃദയാഘാതത്തിന്‍റെ  തുടക്കമായിരുന്നു അതെന്ന്.   ഉടൻ തന്നെ ചികിത്സ ആരംഭിച്ചു. എന്നാൽ അവസ്ഥ ഗുരുതരമായതിനാൽ, അദ്ദേഹത്തെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കേണ്ടി വന്നു. രണ്ടര മാസത്തോളം കോമയിൽ കഴിഞ്ഞ സുശീൽകുമാർ പിന്നീട് ബോധം വീണ്ടെടുക്കുകയും ക്രമേണ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു.വീൽചെയറിൽ ഇരിക്കാൻ കഴിയുമെന്നായപ്പോൾ ഗ്ലോബൽ പ്രവാസി യൂണയിൻ ഭാരവാഹികളെല്ലാം ചേർന്ന് സുശീൽകുമാറിനെ ഒരാളുടെ അകമ്പടിയോടെ നാട്ടിലേക്ക് കയറ്റിവിട്ടു. ഏതാണ്ട് അഞ്ച് ലക്ഷം ദിർഹത്തോളം വന്ന ആശുപത്രി ബില്ല് അധികൃതർ എഴുതിത്തള്ളുകയും ചെയ്തു. 

2 പേർക്കുള്ള വിമാന ടിക്കറ്റടക്കമുള്ള ചെലവുകൾ കമ്മിറ്റി ഏറ്റെടുത്തു. അഡ്വ.ഫരീദിനെ കൂടാതെ, ഇതര ഭാരവാഹികളായ സൽമാ ഹംസ, വിദ്യാധരൻ, അബ്ദുൽ കരീം പൂച്ചെങ്കൽ എന്നിവരും ഇതിന് നേതൃത്വം നൽകി. ഇത്തരത്തിൽ സുശീൽകുമാറിനെ പോലുള്ള സാധാരണ തൊഴിലാളികൾ അവരുടെ അസുഖങ്ങളെക്കുറിച്ച് ഒട്ടും ബോധവാന്മാരല്ല എന്ന് അഡ്വ.ഫരീദ് പറയുന്നു.

പ്രവാസ ലോകത്ത് ബ്ലു കോളർ ജോലിക്കാർക്കിടയില്‍ വർധിച്ചുവരുന്ന ഹൃദയാഘാതം, അർബുദം തുടങ്ങിയ രോഗങ്ങളെക്കുറിച്ച് അടിയന്തരമായി ബോധവത്കരണം നടത്താൻ ഇന്ത്യൻ കോൺസുലേറ്റ് അടക്കമുള്ള ഇന്ത്യൻ അധികൃതർ തയ്യാറാകണം.

എന്നാൽ എല്ലാ ദിവസവും കൃത്യമായി വ്യായാമം ചെയ്യുന്നവർക്കും ഹൃദ്രോഗങ്ങളുണ്ടാകുന്നു. ഇക്കഴിഞ്ഞ മേയിൽ ദുബായിലെ കനേഡിയൻ ബില്യനയർ ഹൃദയാഘാതം മൂലം മരണമടഞ്ഞു. ഇദ്ദേഹം കൃത്യമായി വ്യായാമം ചെയ്ത് ആരോഗ്യം വളരെ നന്നായി സൂക്ഷിക്കുന്നയാളാണ്. ഇദ്ദേഹത്തിന് 60 വയസ്സുണ്ടായിരുന്നുവെന്ന് പറയാമെങ്കിൽ, 35 വയസുള്ള ബ്രിട്ടിഷ് ഫുട്ബോൾ കളിക്കാരനും ഹൃദയാഘാതം മൂലം ദുബായിൽ മരിച്ചു. 

∙ ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം

അതേസമയം, ജീവൻ രക്ഷിക്കാനായി അടിയന്തര ഇടപെടൽ ആവശ്യമുള്ള ഗുരുതര മെഡിക്കൽ അവസ്ഥയാണ് ഹൃദയ സ്തംഭനമെന്ന് ഷാർജ ബുർജീൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഇൻട്രവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. സോമോ ആങ് പറയുന്നു. ഹൃദയം പെട്ടെന്ന് നിലയ്ക്കുന്നത് തലച്ചോറിലേയ്ക്കും മറ്റ് പ്രധാന അവയവങ്ങളിലേയ്ക്കുമുള്ള രക്തയോട്ടം തടസപ്പെടാൻ കാരണമാകുന്നു. ഉടനടി ഇടപെട്ടില്ലെങ്കിൽ ഹൃദയസ്തംഭനം നിമിഷങ്ങൾക്കുള്ളിൽ മരണത്തിലേയ്ക്ക് നയിക്കാം.

ഹൃദയസ്തംഭനവും ഹൃദയാഘാതവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കേണ്ടത് അനിവാര്യം. തമ്മിൽ ബന്ധമുണ്ടെങ്കിലും ഇവ രണ്ടും സമാനമല്ല. ഹൃദയാഘാതം സംഭവിക്കുന്നത്, ഹൃദയത്തിലേയ്ക്ക് രക്തയോട്ടം തടസ്സപ്പെടുമ്പോൾ ആണ്. എങ്കിലും ഹൃദയം സാധാരണ രീതിയിൽ മിടിക്കുകയും തുടർച്ചയായി പ്രവർത്തിക്കുകയും ചെയ്യും. ഹൃദയസ്തംഭനമാകട്ടെ  ഹൃദയം പമ്പ് ചെയ്യുന്നത് നിലയ്ക്കുന്ന അവസ്ഥയാണ്. 

∙ഹൃദയസ്തംഭനം തിരിച്ചറിയുക

ഹൃദയസ്തംഭനത്തിന്‍റെ  ഏറ്റവും പ്രാഥമിക ലക്ഷണങ്ങൾ പെട്ടെന്നുള്ള ബോധക്ഷയം, കുഴഞ്ഞു വീഴൽ, പൾസ് നിലയ്ക്കൽ, ശ്വാസം മുട്ട് എന്നിവയാണ്. ചില സാഹചര്യങ്ങളിൽ, ഹൃദയസ്തംഭനം സംഭവിക്കുന്നതിന് മുൻപ്, നെഞ്ചുവേദന, ശ്വാസതടസ്സം, അനിയന്ത്രിതമായ ഹൃദയമിടിപ്പ് എന്നിവ പോലുള്ള മുന്നറിയിപ്പ് ലക്ഷണങ്ങൾ അനുഭവപ്പെടാം. പലപ്പോഴും, ഹൃദയസ്തംഭനം യാതൊരു മുൻകൂറായ ലക്ഷണങ്ങളും ഇല്ലാതെയും ഉണ്ടാവാം. 

ഉടൻ ചെയ്യേണ്ട കാര്യങ്ങൾ 

ഹൃദയസ്തംഭനം സംഭവിക്കുമ്പോൾ, ഓരോ നിമിഷവും മൂല്യമേറിയതാണ്. ഉടൻ ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്:

1. ലക്ഷണങ്ങൾ തിരിച്ചറിയുക: ബോധക്ഷയം, കുഴഞ്ഞു വീഴൽ, പൾസ് നിലയ്ക്കൽ, ശ്വാസം മുട്ട്

2. എമർജൻസിയിലേയ്ക്ക് വിളിക്കുക: അടിയന്തര മെഡിക്കൽ സപ്പോർട്ടിനായി എമർജൻസി മെഡിക്കൽ നമ്പറിലേയ്ക്ക് ബന്ധപ്പെടുക

3. സിപിആർ നൽകുക:  ചെസ്റ്റ്  കംപ്രഷൻ ഉൾപ്പെടുന്ന അടിസ്ഥാന ലൈഫ് സപ്പോർട്ട് (ബിഎൽഎസ്) ആരംഭിക്കുക.  അടിയന്തര വൈദ്യസഹായം എത്തുന്നതിന് മുമ്പ് ജീവൻ രക്ഷിക്കാൻ ഇത് സഹായിക്കും. 

യുഎഇയിലെ യുവാക്കൾക്കും തൊഴിലാളികൾക്കുമുള്ള ഹൃദയസംബന്ധമായ പ്രശ്നങ്ങളിൽ ജനിതക ഘടകങ്ങളും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഹൃദയപേശികളുടെ കട്ടികൂടൽ ഉൾപ്പെടുന്ന ഹൈപ്പർട്രോഫിക് കാർഡിയോമയോപ്പതി പോലുള്ള അവസ്ഥകൾ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിലേക്ക് നയിച്ചേക്കാം. ഉയർന്ന കൊളസ്ട്രോൾ, അനിയന്ത്രിതമായ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ മറ്റ് ഘടകങ്ങളും ചെറുപ്പക്കാരിൽ ഹൃദയസ്തംഭനത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു.

നെഞ്ചുവേദന, ശ്വസിക്കാൻ ബുദ്ധിമുട്ട്, വർദ്ധിച്ച ഹൃദയമിടിപ്പ്, ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ കുടുംബ ചരിത്രം തുടങ്ങിയ അപകട ഘടകങ്ങൾ ഉണ്ടെങ്കിൽ അവയെ കുറിച്ച് ബോധവാന്മാരായിരിക്കുക എന്നത് നിർണായകമാണ്. പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, പുകവലി തുടങ്ങിയവയും അപകടസാധ്യത വർധിപ്പിക്കുന്നു. ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ചികിത്സ വൈകിപ്പിക്കാതെ  വൈദ്യസഹായം തേടുക. സ്വയം ചികിത്സ, വീട്ടു വൈദ്യം എന്നിവ ഒഴിവാക്കുക.

പാഞ്ഞെത്തും ദുബായ് ആംബുലൻസ്

ഹൃദയാഘാതമുണ്ടകുമ്പോൾ ജീവൻ രക്ഷിക്കാൻ പാഞ്ഞെത്തുന്നത് ദുബായ് ആംബുലൻസ്. ദുബായ് കോർപറേഷൻ ഫോർ ആംബുലൻസ് സർവീസസ് (ഡിസിഎഎസ്) കഴിഞ്ഞ വർഷം ഹൃദയസ്തംഭനമുണ്ടായ 90 വ്യക്തികളുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചു. റെക്കോർഡ് ശരാശരി പ്രതികരണ സമയം 7.5 മിനിറ്റ് കൈവരിച്ചെങ്കിലും, 2022 ൽ നിന്ന് 13 ശതമാനം പുരോഗതി. 2023-ൽ 235,394 വ്യക്തികൾ ഉൾപ്പെട്ട അത്യാഹിതങ്ങളിൽ പങ്കെടുത്തു.  ഈ കാലയളവിൽ പ്രായപൂർത്തിയാകാത്തതും ഗുരുതരവുമായ കേസുകൾ ഉൾപ്പെടുന്ന 205,200 റിപോർട്ടുകൾ ലഭിച്ചതായി ഡിസിഎഎസ് ഡയറക്ടർ ബോർഡ് ചെയർമാൻ അവദ് സഗീർ അൽ കെത്ബി പറഞ്ഞു. വർഷത്തിൽ  235,394 വ്യക്തികൾക്ക് വൈദ്യസഹായം നൽകി. അതിൽ 69,647 കേസുകൾക്കുള്ള അടിയന്തരമായി പരിഹരിക്കേണ്ടവയായിരുന്നു. 26,816 അടിയന്തര സാഹചര്യങ്ങളില്ലാത്ത കേസുകൾ സർക്കാർ, സ്വകാര്യ ആരോഗ്യ സംരക്ഷണ സൗകര്യങ്ങളും ഉൾപ്പെടുന്നു.   കൂടാതെ, മറ്റ് കേസുകളിലേയ്ക്ക് ഓൺ-സൈറ്റ് ഹെൽത്ത് കെയർ സേവനങ്ങൾ നൽകി. ഹൃദയസ്തംഭനം നേരിടുന്ന 90 വ്യക്തികൾക്കായി കോർപ്പറേഷൻ വിജയകരമായി ജീവൻരക്ഷാ ഇടപെടലുകൾ നടത്തി, മുൻവർഷത്തെ അപേക്ഷിച്ച് ഹൃദയ പുനരുജ്ജീവനത്തിലും ജീവൻരക്ഷാ പ്രവർത്തനങ്ങളിലും 21 ശതമാനം വർധനവ് കൈവരിച്ചു. അടിയന്തര കോളുകളുടെ ശരാശരി പ്രതികരണ സമയം 7.5 മിനിറ്റായി കുറച്ചു. ഇത് 2022 മുതൽ പ്രതികരണ കാര്യക്ഷമതയിൽ 13 ശതമാനം പുരോഗതി കൈവരിക്കുന്നു.

English Summary:

Heart Disease Surge Among Expatriates: Prioritize Cardiovascular Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com