സൗദിയിൽ ആറാമത് ക്രൗൺ പ്രിൻസ് ക്യാമൽ ഫെസ്റ്റിവലിന് തുടക്കമായി
Mail This Article
തായിഫ്∙ സൗദി അറേബ്യയിലെ ഒട്ടക പ്രേമികളുടെയും ഉടമകളുടെയും കണ്ണും മനസ്സും ഇപ്പോൾ തായിഫിലേക്കാണ് തിരിഞ്ഞിരിക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെ രക്ഷാകർതൃത്വത്തിൽ സൗദി ക്യാമൽ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ആറാമത് ക്രൗൺ പ്രിൻസ് ക്യാമൽ ഫെസ്റ്റിവലിന് തുടക്കമായി.
സെപ്റ്റംബർ 10 വരെ തായിഫിലെ ഒട്ടക റേസിങ് മൈതാനിയിൽ നടക്കുന്ന ഈ മഹോത്സവത്തിൽ മഫാരിദ്, ഹഖായിഖ്, ലഖയ, ജദ, തനയ, ഹായിൽ, സാമൗൽ തുടങ്ങിയ ജനപ്രിയ ഒട്ടക ഇനങ്ങളാണ് പങ്കെടുക്കുന്നത്. 12 ദിവസം നീളുന്ന ഈ മഹോത്സവത്തിൽ രാവിലെ 6:30 മുതൽ വൈകുന്നേരം 3 വരെ മത്സരങ്ങൾ നടക്കും. വിജയികൾക്ക് 56 ദശലക്ഷം റിയാലിന്‍റെ സമ്മാനങ്ങൾ നൽകും. മൽസരത്തിനുള്ള എല്ലാ ഒരുക്കങ്ങളും തായിഫ് ഗവർണറേറ്റ് മൈതാനിയിൽ പൂർത്തിയായിട്ടുണ്ട്.
23 ദിവസങ്ങളിലായി 610-ലധികം റൗണ്ടുകളായിട്ടാണ് മത്സരം നടക്കുന്നത്. പ്രാഥമിക ഘട്ടത്തിൽ 360 റൗണ്ടുകളും അവസാന ഘട്ടത്തിൽ 250 റൗണ്ടുകളുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
സൗദി സംസ്‌കാരത്തിൽ ഒട്ടക പൈതൃകം വേരൂന്നാനും മെച്ചപ്പെടുത്താനുമാണ് ഈ ഫെസ്റ്റിവൽ ലക്ഷ്യമിടുന്നത്. ഒട്ടകങ്ങളുടെ ശക്തി, സൗന്ദര്യം, വേഗം എന്നിവ പ്രദർശിപ്പിക്കുന്ന ഈ മഹോത്സവം സൗദി അറേബ്യയുടെ സാംസ്‌കാരിക ആഴം പ്രതിഫലിപ്പിക്കുന്നു. 2018-ൽ ആരംഭിച്ച ഈ ഫെസ്റ്റിവൽ ഇതിനകം തന്നെ ലോകമെമ്പാടുമുള്ള ഒട്ടക റേസിങ് ആരാധകരെ ആകർഷിച്ചിട്ടുണ്ട്. ഓരോ പതിപ്പിലും സൗദി, അറബ്, ഇസ്‌ലാമിക സംസ്‌കാരത്തിൽ ഒട്ടക പൈതൃകം വേരൂന്നുന്നിയാണ് സംഘടിപ്പിക്കുന്നത്.
‘‘സൗദിയുടെ കായിക മേഖലയിലെ വളർച്ചയിൽ സൽമാൻ രാജാവിന്‍റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍റെയും പങ്ക് നിസ്തുലമാണ്. പ്രത്യേകിച്ച് ഒട്ടക ഓട്ടം പോലുള്ള പാരമ്പര്യ കായിക ഇനങ്ങളെ പിന്തുണയ്ക്കുന്നതിൽ അവരുടെ തീക്ഷ്ണത അഭിനന്ദനീയമാണ്.കിരീടാവകാശിയുടെ ഉദാരമായ രക്ഷാകർതൃത്വം കാരണം, ഒട്ടക ഓട്ടം പോലുള്ള പാരമ്പര്യ കായിക ഇനങ്ങൾക്ക് പുതിയ ഉയരങ്ങൾ കീഴടക്കാൻ കഴിയുന്നു. ഇത് രാജ്യത്തിന്‍റെ സാംസ്കാരിക പൈതൃകത്തെ സംരക്ഷിക്കുന്നതിനുള്ള ഒരു ശ്രമമാണ്. ഈ മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഞാൻ അഭിനന്ദനം അറിയിക്കുന്നു. നിങ്ങളുടെ പരിശ്രമം രാജ്യത്തിന്‍റെ അഭിമാനം വർധിപ്പിക്കുന്നു’’ –കായിക മന്ത്രിയും സൗദി ഒളിംപിക്, പാരാലിംപിക് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസൽ രാജകുമാരൻ പറഞ്ഞു.