ADVERTISEMENT

കേരളത്തിൽ ശനിയാഴ്ചകളിൽ കൂടി ക്ലാസെടുക്കുന്നതിനെക്കുറിച്ചു നമ്മുടെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറയുമ്പോൾ, ഇങ്ങ് ദുബായിൽ വെള്ളിയാഴ്ച കൂടി അവധി കൊടുക്കുന്നതിന്റെ സാധ്യത ആരായുകയാണ് സർക്കാർ. അവിടെ 6 ദിവസം കൊണ്ടും തീരാത്തത് ഇവിടെ 4 ദിവസം കൊണ്ട് തീർക്കുമോ? കാലം മാറുകയല്ലേ? പണ്ടു കുത്തിനിറച്ചതിന്റെ അത്രയൊന്നും ഇന്നു തലച്ചോറുകൾക്ക് വേണ്ടി വരുന്നില്ല. അന്നു കാണാതെ പഠിച്ചതൊക്കെ ഇന്ന് വിരൽതുമ്പിലുണ്ട്. 

പഠന രീതിയും തൊഴിൽ അന്തരീക്ഷവുമൊക്കെ മാറുകയാണ്. അത്യധ്വാനത്തിനല്ല, സ്മാർട് വർക്കിനാണ് ഇന്നു ഡിമാൻഡ്. മഷിപ്പേനയിലെ മഷി ബഹിരാകാശത്ത് ഉറഞ്ഞു പോകുന്ന പ്രശ്നത്തെ നേരിടാൻ വർഷങ്ങൾ നീണ്ട ഗവേഷണത്തിലൂടെ അമേരിക്ക ഉറയാത്ത മഷി കണ്ടെത്തിയപ്പോൾ റഷ്യക്കാർ വെറും പെൻസിൽ കൊണ്ടു ആ പ്രതിസന്ധി മറികടന്നെന്നൊരു കഥയുണ്ട്. ഒന്ന് ഹാർഡ് വർക്കും രണ്ടാമത്തേത് സ്മാർട് വർക്കുമാണ്.

ഭാരവസ്തു പണ്ട് കെട്ടിവലിച്ചു കൊണ്ടു പോയിരുന്നിടത്ത് ഇന്ന് അതേ വസ്തു അനായാസം കൊണ്ടു പോകാൻ ഫോർക്ക് ലിഫ്റ്റുകളുണ്ട്. പരമ്പരാഗത ജോലികൾക്ക് പണ്ടത്തെ അത്ര അധ്വാനം ഇന്നു വേണ്ടെന്നു ചുരുക്കം. ലോകം സ്മാർട്ടായപ്പോൾ ജോലികളും സ്മാർട്ടായി. ഓൺലൈനിൽ കാശടച്ചാൽ കെഎസ്ഇബിയിൽ കിട്ടില്ലെന്ന് വിശ്വസിച്ച് ഇപ്പോഴും കറന്റാപ്പീസിന് മുന്നിൽ ക്യു നിൽക്കുന്നവരില്ലേ? അതുപോലൊരു പഴഞ്ചൻ രീതികളാണ് നമ്മുടെ തൊഴിൽ, വിദ്യാഭ്യാസ മേഖലകൾ ഇപ്പോഴും തുടരുന്നത്. പണ്ട് കെഎസ്ഇബി ഓഫിസിൽ നടന്നുപോയി വരി നിന്ന് ബില്ലടയ്ക്കുന്നതിനു വേണ്ടിയിരുന്നത് ശാരീരിക അധ്വാനമായിരുന്നെങ്കിൽ ഇന്ന് ബിൽ അടയ്ക്കാൻ വേണ്ടത് സാങ്കേതിക ജ്ഞാനമാണ്. കംപ്യൂട്ടറോ മൊബൈൽ ഫോണോ ഉപയോഗിക്കാനറിയാമെങ്കിൽ ശാരീരിക അധ്വാനം മാനസിക അധ്വാനത്തിനു വഴി മാറും. സ്മാർട് വർക്ക് ചെയ്യുന്ന തൊഴിലാളികൾക്ക് ശാരീരിക, മാനസിക ഉല്ലാസം ഉൽപാദന ക്ഷമത വർധിപ്പിക്കുമെന്ന തിരിച്ചറിവിലാണ് ഇന്ന് ലോകം. 

∙ ജീവിതതാളം തെറ്റാതിരിക്കാൻ
10 – 12 മണിക്കൂറിലധികം ജോലി ചെയ്യുന്ന ആധുനിക തൊഴിലാളി അവന്റെ ശരീരവും മനസും ബാലൻസ് ചെയ്യാൻ പാടുപെടുകയാണ്. ഇത്തരം ബാലൻസിങ് പ്രശ്നങ്ങൾ ജീവിത താളം തെറ്റിക്കുമെന്നും മാനവ വിഭവത്തിന്റെ ആകെ ശേഷിയെ അതില്ലാതാക്കുമെന്നും ലോകം തിരിച്ചറിയുന്നു. അതുകൊണ്ടാണ് 5 ദിവസം അധ്വാനം രണ്ടു ദിവസം വിശ്രമം എന്ന ആശയത്തിലേക്ക് കോർപറേറ്റുകൾ എത്തിയത്. 

ഒരുപടി കൂടി കടന്ന് 4 ദിവസം അധ്വാനം 3 ദിവസം വിശ്രമം എന്ന ആശയം യുഎഇയിൽ ആദ്യം നടപ്പാക്കിയത് ഷാർജയാണ്. സുദീർഘ വാരാന്ത്യം ഷാർജയിലെ ജനങ്ങളുടെ ഉൽപാദന ക്ഷമത കൂട്ടിയെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. കുട്ടികളുടെ പഠന നിലവാരം ഉയർന്നു. ജീവനക്കാരുടെ ആത്മാർഥതയും കാര്യക്ഷമതയും ഒരുപോലെ വർധിച്ചു. സന്തോഷ സൂചികയിൽ അധ്വാന വർഗവും വിദ്യാർഥി സമൂഹവും ഒരുപോലെ സംതൃ‍പ്തർ. വിവിധ കാരണങ്ങൾ പറഞ്ഞ് ഇടയ്ക്കിടെയുള്ള അവധിയെടുപ്പ് കുറഞ്ഞു. ആഴ്ചയിലെ 4 ദിവസവും ഓഫിസുകളിലും സ്കൂളുകളിലും ഹാജർ നില സമ്പൂർണം. 

പണ്ട് തട്ടിക്കൂട്ടി ചെയ്തിരുന്ന പ്രോജക്റ്റുകൾ പൂർത്തിയാക്കാൻ ഇപ്പോൾ ഇഷ്ടം പോലെ സമയം. ഷാർജയിലെ ഈ ഒരു മാറ്റത്തെ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ ഒരുങ്ങുകയാണ് ദുബായ്. വേനൽക്കാല സമയ ക്രമം എന്ന പേരിൽ സർക്കാർ ഓഫിസുകളിൽ ആഴ്ചയിൽ 4 ദിവസം മാത്രം പ്രവൃത്തി ദിവസമാക്കാനാണ് തീരുമാനം. പരീക്ഷണം വിജയിച്ചാൽ, ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരവും ത്രിദിന വാരാന്ത്യത്തിലേക്ക് മാറും. 

∙ വാതിൽ തുറക്കാം, മാറ്റങ്ങൾക്കു മുന്നിൽ
അതങ്ങനെയാണ്, മാറ്റങ്ങൾക്കു മുന്നിൽ വാതിൽ തുറന്നിടുന്നതു തന്നെ ഒരു വലിയ മാറ്റമാണ്.  ഉരുളൻ തടിയിൽ കാളയെ കെട്ടി വലിച്ചിടത്തുനിന്ന് സൈബർ ട്രാക്കിലേക്കു കാര്യങ്ങൾ എത്തി. അപ്പോൾ സാമ്പ്രദായിക പഠനത്തിനും തൊഴിൽ രീതിക്കുമൊക്കെ കാലാനുസൃത മാറ്റം വരുത്തുന്നതിൽ എന്താണ് തെറ്റ്? 

ഒരാൾ ഇങ്ങനെ മാത്രമേ പഠിക്കാവു ഒരേ രീതിയിൽ തന്നെ ജോലി ചെയ്യണമെന്നൊക്കെ ഇക്കാലത്ത് വാശി പിടിക്കുന്നത് എന്തിന്? നമ്മുടെ ചുറ്റും മാറ്റങ്ങളാണ്. അതിന്റെ മുന്നിൽ നിന്നു മാറിക്കൊടുക്കാതെ മാറാൻ നമ്മളും ഒരുങ്ങുന്നതാണ് നല്ലത്. അല്ലെങ്കിൽ നമ്മൾ മാത്രം മാറി നിൽക്കും മാറ്റം മാറ്റത്തിന്റെ പാട്ടിനു പോകും.

English Summary:

Dubai to grant government institutions Fridays as holidays - Karama Kathakal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com