'ഫോർ ദ് വേൾഡ്' പദ്ധതി; 'ഇള'യെ സ്വാഗതം ചെയ്ത് ദുബായ്
Mail This Article
ദുബായ് ∙ ദുബായിലെ മുൻനിര ഇമിഗ്രേഷൻ ഉദ്യോഗസ്ഥർക്ക് ലോക രാജ്യങ്ങളുടെ സംസ്കാരവും ആചാരങ്ങളും പരിചയപ്പെടുത്തുന്നതിനായി ദുബായ് ജിഡിആർഎഫ്എ ആരംഭിച്ച ‘ഫോർ ദ് വേൾഡ്’ പദ്ധതിയുടെ ഭാഗമായി കൊറിയയിൽ നിന്നുള്ള അതിഥിയെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ സ്വാഗതം ചെയ്തു. കൊറിയൻ സംസ്കാരവും ആതിഥ്യമര്യാദ രീതികളും പരിചയപ്പെടുത്താൻ എത്തിയ 'ഇള' എന്ന യുവതിയേയാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ (ദുബായ് ഇമിഗ്രേഷൻ) ഉദ്യോഗസ്ഥർ എയർപോർട്ടിൽ സ്വീകരിച്ചത്.
ദുബായിലുള്ള കര, നാവിക, വ്യോമ അതിർത്തികളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് വിവിധ രാജ്യങ്ങളുടെ സംസ്കാരവും ആചാരങ്ങളും മനസിലാക്കിക്കൊടുക്കാനായി കഴിഞ്ഞ ദിവസമാണ് ജിഡിആർഎഫ്എ ദുബായ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി "ഫോർ ദ് വേൾഡ്" എന്ന സംരംഭം പ്രഖ്യാപിച്ചത്. ജപ്പന്റെ സംസ്‍കാരിക രീതികൾ ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് നേരത്തെ പരിചയപ്പെടുത്തിയിരുന്നു.
പരമ്പരാഗത കൊറിയൻ വസ്ത്രം ധരിച്ചെത്തിയ അതിഥിയെ ജിഡിആർഎഫ്എ ജീവനക്കാർ സ്വീകരിച്ചു. സ്മാർട് ഗേറ്റ് ഏരിയ, പാസ്പോർട്ട് നിയന്ത്രണ ഭാഗങ്ങൾ, കുട്ടികളുടെ എമിഗ്രേഷൻ കൗണ്ടർ തുടങ്ങിയ സ്ഥലങ്ങളിലും സന്ദർശനം നടത്തി. തുടർന്ന് കൊറിയൻ സംസ്കാരത്തെയും ആചാരങ്ങളെയും കുറിച്ച് ഉദ്യോഗസ്ഥരുമായി സംവദിച്ചു. വ്യത്യസ്ത പശ്ചാത്തലങ്ങളിൽ നിന്നുള്ള വ്യക്തികളുമായി ഇടപഴകാനും യുഎഇയിലെ ഊർജസ്വലരായ സമൂഹത്തെ ഉൾക്കൊള്ളുന്ന വൈവിധ്യമാർന്ന സംസ്കാരങ്ങളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാനും സ്റ്റാഫ് അംഗങ്ങൾക്ക് ഈ സംരംഭം അവസരമൊരുക്കുന്നുവെന്ന് അൽ മർറി പറഞ്ഞു.
വിവിധ രാജ്യങ്ങൾ, ആചാരങ്ങൾ, സംസ്കാരങ്ങൾ, ജനജീവിതം എന്നിവ മനസ്സിലാക്കുന്നത് യാത്രക്കാരോടുള്ള ഉദ്യോഗസ്ഥരുടെ പെരുമാറ്റം മെച്ചപ്പെടുത്താൻ സഹായിക്കും. പരസ്പര ബഹുമാനവും സഹവർത്തിത്വവും പ്രോത്സാഹിപ്പിക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാൻ സംരംഭം സഹായിക്കുമെന്നും സാംസ്കാരിക വൈവിധ്യത്തിന്റെയും തുറന്ന മനസ്സിന്റെയും ആഗോള മാതൃകയായി ദുബായിയെ സ്ഥാപിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും വ്യക്തമാക്കി.