'15 മിനിറ്റ് സിറ്റി'; വീടുകൾ 2026 ആദ്യ പാദത്തിൽ കൈമാറുമെന്ന് ദുബായ്
Mail This Article
ദുബായ് ∙ യുഎഇയുടെ ആദ്യത്തെ 15 മിനിറ്റ് സിറ്റിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേന്ദ്രത്തിലെ വീടുകൾ 2026 ആദ്യ പാദത്തിൽ കൈമാറുമെന്ന് ദുബായ് എക്‌സ്‌പോ സിറ്റി അധികൃതർ അറിയിച്ചു. ഇതിൻ്റെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ നടന്നുവരുന്നു. ഇത് പൂർത്തിയാകുമ്പോൾ 2021 ഒക്‌ടോബർ മുതൽ 2022 മാർച്ച് വരെ സംഘടിപ്പിച്ച എക്സ്പോ2020 സൈറ്റ്, സ്‌കൂളുകളും പാർക്കുകളും മറ്റു ആകർഷക കേന്ദ്രങ്ങളുമുള്ള, താമസക്കാർക്ക് 15 മിനറ്റ് ദൂരം നടന്ന് എത്താവുന്ന ഒരു നഗരമായി മാറും. എക്‌സ്‌പോ പവലിയനുകൾക്ക് സമീപത്താണ് ഇതുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
വിശാലമായ എക്‌സ്‌പോ 2020 സൈറ്റിനെ റസിഡൻഷ്യൽ കമ്മ്യൂണിറ്റിയാക്കി മാറ്റുന്ന അപാർട്ട്‌മെൻ്റുകളും വില്ലകളും നിർമിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായി അധികൃതർ പറഞ്ഞു. പ്രദേശത്ത് നിർമിക്കുന്ന സ്‌കൂളിൻ്റെയും ആശുപത്രിയുടെയും വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.