സൗദിയിൽ അണക്കെട്ട് തുറന്നു; പുറത്തേക്ക് ഒഴുക്കുന്നത് 15 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം
Mail This Article
ജിദ്ദ ∙ ജനറൽ ഇറിഗേഷൻ കോർപ്പറേഷൻ, മക്കയിലെ റാബിഗ് വാലി അണക്കെട്ട് തുറന്നു. 15 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം, സെക്കൻഡിൽ 6 ക്യുബിക് മീറ്റർ നിരക്കിൽ, 30 ദിവസത്തേക്ക് മക്ക മേഖലയിലെ കാർഷിക മേഖലയിലെ ജലസേചന ആവശ്യത്തിനായാണ് പുറത്തേക്ക് ഒഴുക്കുന്നത്. പ്രദേശത്തെ ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിച്ച്, അംഗീകൃത പ്രവർത്തന പദ്ധതികൾ അനുസരിച്ച്, കർഷകരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത്, അണക്കെട്ടിന്റെ താഴ്‌വരയിലെ കിണറുകളിലെ ജലനിരപ്പ് ഉയർത്താനാണ് തീരുമാനമെന്ന് മക്ക അൽ മുഖറമയിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ഡയറക്ടർ ജനറൽ എൻജിനീയർ. മജീദ് ബിൻ അബ്ദുല്ല അൽ ഖലീഫ വ്യക്തമാക്കി.
നിരവധി സർക്കാർ ഏജൻസികൾ അടങ്ങുന്ന റാബിഗ് വാലി ഡാം ഗേറ്റ്സ് ഓപ്പണിങ് കമ്മിറ്റി, ജീവനും സ്വത്തിനും സുരക്ഷയൊരുക്കുന്നതിനായി, വെള്ളത്തിന്റെ ഗതി മാറ്റുന്ന തടസ്സങ്ങളോ കൈയേറ്റങ്ങളോ ഇല്ലെന്ന് ഉറപ്പാക്കാൻ താഴ്‌വരയിൽ സർവേ നടത്താനും ഒഴിപ്പിക്കാനും തുടങ്ങിയിട്ടുണ്ട്. റാബിഗ് വാലി അണക്കെട്ടിന് 380 മീറ്റർ നീളവും 80.5 മീറ്റർ ഉയരവും 220.2 ക്യുബിക് മീറ്റർ സംഭരണശേഷിയും ഉണ്ട്.