ADVERTISEMENT

ജിദ്ദ ∙ സൗദിയില്‍ നിരവധി മേഖലകളിലായി 3.3 ട്രില്യൻ ഡോളറിന്റെ നിക്ഷേപാവസരങ്ങള്‍ ലഭ്യമാണെന്ന് നിക്ഷേപ മന്ത്രാലയം പറഞ്ഞു.  വിദേശ നിക്ഷേപകര്‍ക്കിടയില്‍ സമത്വം ഉറപ്പാക്കല്‍ അടക്കം നിരവധി ഇളവുകളും ആനുകൂല്യങ്ങളും വിദേശ നിക്ഷേപകര്‍ക്ക് നല്‍കുന്ന പരിഷ്‌കരിച്ച നിക്ഷേപ നിയമം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കൃഷി, ഭക്ഷ്യവ്യവസായം, ഊര്‍ജം, ആരോഗ്യ പരിചരണം, വ്യവസായം, മരുന്നുകള്‍, ബയോടെക്‌നോളജി, പെട്രോകെമിക്കല്‍സ്, ധനസേവനം, ഗതാഗതം, ലോജിസ്റ്റിക്‌സ് സര്‍വീസ്, ഖനനം, മിനറല്‍സ്, മാനവശേഷി മൂലധനം, ഇന്നവേഷന്‍, പ്രതിരോധം, സ്‌പേസ്, കമ്മ്യൂണിക്കേഷന്‍സ്, ഐ.ടി, പരിസ്ഥിതി സേവനം, റിയല്‍ എസ്റ്റേറ്റ്, ടൂറിസം, വിനോദം അടക്കമുള്ള മേഖലകളില്‍ എമ്പാടും നിക്ഷേപാവസരങ്ങളുണ്ട്.

ലോകത്ത് ഏറ്റവുമധികം വിദേശ നിക്ഷേപ ആകര്‍ഷണീയതയുള്ള രാജ്യങ്ങളില്‍ ഒന്നാണ് സൗദി അറേബ്യ. ജി-20 രാജ്യങ്ങളില്‍ ഏറ്റവും കരുത്തുറ്റ സമ്പദ്‌വ്യവസ്ഥകളില്‍ ഒന്നാണ് സൗദി അറേബ്യ. മികച്ച നിക്ഷേപാവസരങ്ങളുള്ള ഒരു വലിയ പ്രാദേശിക വിപണി സൗദി അറേബ്യ പ്രദാനം ചെയ്യുന്നു. 2017 നും 2023 നും ഇടയിലുള്ള കാലത്ത് സൗദിയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം 61 ശതമാനം വര്‍ധിച്ചു.

കഴിഞ്ഞ വര്‍ഷാവസാനത്തെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 215 ബില്യൻ ഡോളറിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപമുണ്ടായി . 2017 നെ അപേക്ഷിച്ച് 2023 ല്‍ നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ ഒഴുക്ക് 158 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം രാജ്യത്ത് 19.3 ബില്യൻ റിയാലിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപം എത്തി.  പ്രാദേശിക, ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള ഉയര്‍ന്ന വഴക്കം സൗദി സമ്പദ്‌വ്യവസ്ഥയുടെ സവിശേഷതയാണ്.

 കഴിഞ്ഞ  ജൂണ്‍ മാസത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ ജൂണില്‍ പെട്രോളിതര മേഖല 8.6 ശതമാനം വളര്‍ച്ച കൈവരിച്ചു. ഈ വര്‍ഷം രണ്ടാം പാദത്തില്‍ പെട്രോളിതര വരുമാനം നാലു ശതമാനം തോതില്‍ വര്‍ധിച്ച് 140.6 ബില്യൻ റിയാലായി.

English Summary:

Saudi Arabia Targets 3.3 Trillion of Cumulative Investments till 2030, Says Deputy Minister

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com