ADVERTISEMENT

ദുബായ് ∙ സമൂഹമാധ്യമത്തിലെ പ്രമോഷൻ വിഡിയോ കണ്ട് പാർട്ണർ വീസയ്ക്ക് പണം നൽകിയ മലയാളി വനിതകളുൾപ്പെടെ ഒട്ടേറെപേർ യുഎഇയിൽ ദുരിതത്തിലായി. ദുബായ് അൽതവാറിലെ അര്‍സൂ ബിൽഡിങ്ങിന്റെ രണ്ടാം നിലയില്‍ പ്രവർത്തിച്ചിരുന്ന കാഞ്ഞങ്ങാട് സ്വദേശിയുടെ ബിസിനസ് സർവീസസ് സ്ഥാപനത്തിന്റെ 2 വര്‍ഷത്തെ പാർട്ണർ വീസയെക്കുറിച്ചുള്ള മലയാളി വ്ലോഗറുടെ വിഡിയോ കണ്ടാണ് എല്ലാവരും 5500 മുതൽ 7000 ദിർഹം വരെ നൽകിയത്. ഇന്ത്യക്കാർ മാത്രമല്ല, നേപ്പാളികളും പാക്കിസ്ഥാനികളും ഫിലിപ്പീൻസുകാർ വരെ പണം കൈമാറിയിട്ടുണ്ട്. പലരും അവർക്ക് വേണ്ടിയും സഹോദരങ്ങൾക്കും ഭാര്യക്കും അമ്മയ്ക്കും വേണ്ടിയുമൊക്കെ വീസയ്ക്ക് പണം നൽകി തട്ടിപ്പിനിരയായി. തമിഴ് നാട്ടിലെ അനാഥരായ യുവാക്കളെ കൊണ്ടുവന്ന് യുഎഇയിൽ ജോലി ശരിയാക്കിക്കൊടുക്കുന്ന ആ നാട്ടുകാരുടെ ഫൈസി കൂട്ടായ്മയുടെ സാരഥിക്കും പണം നഷ്ടമായി. 

 പാർട്ണർ വീസ നൽകുന്ന കമ്പനിയുടമയായ സ്പോൺസർ മുങ്ങിയതിനാലാണ് വീസ നടപടികൾ പൂർത്തിയാകാത്തതെന്നായിരുന്നു ആദ്യം സ്ഥാപനയുടമ നൽകിയ മറുപടി. ഉടൻ തന്നെ എല്ലാം ശരിയാകും എന്ന് പറഞ്ഞ് മാസങ്ങളോളം ഇരകളെ പറഞ്ഞുനിർത്തി. അടുത്തിടെ ഒാഫിസിൽ നിന്ന് മുങ്ങിയ ഉടമ ഇപ്പോൾ ഫോണുപോലും എടുക്കുന്നില്ലെന്ന് തട്ടിപ്പിനിരയായവർ പറഞ്ഞു. ചിലർ ഒാഫിസിൽ നേരിട്ട് ചെന്നന്വേഷിച്ചപ്പോൾ അവിടെയുള്ളവർ, അവർക്ക് കാഞ്ഞങ്ങാട് സ്വദേശിയുമായി യാതൊരു ബന്ധവുമില്ലെന്നും തങ്ങൾ വേറെ ബിസിനസ് ടീമാണെന്നും പറഞ്ഞ് തിരിച്ചയച്ചു. ഇരകളിൽ മിക്കവരും സന്ദർശക വീസയിലാണ് മാസങ്ങളായി യുഎഇയിലുള്ളത്.  എംപ്ലോയ്മെന്റ് വീസ പോലെ പാർട്ണർ വീസ സ്വയം റദ്ദാക്കാൻ കഴിയില്ല. കമ്പനി സ്പോൺസറുടെ എമിറേറ്റ്സ് െഎഡി ഹാജരാക്കി അദ്ദേഹം നേരിട്ട് ചെന്ന് ഒപ്പിട്ടാലേ ഇൗ വീസ റദ്ദാവുകയുള്ളൂ. അതുകൊണ്ട് മിക്കവർക്കും വീസ ക്യാൻസൽ ചെയ്യാനാകാതെയും സന്ദർശക വീസ പുതുക്കാനാകാതെയും വീസ കാലാവധി കഴിഞ്ഞ് ദിനംപ്രതി 50 ദിർഹം എന്ന നിലയ്ക്ക് പിഴ വർധിച്ചുകൊണ്ടിരിക്കുകയാണ്. പാർട്ണർ വീസ ലഭിച്ചില്ലെങ്കിലും വേണ്ട, തങ്ങൾ നൽകിയ പണം എത്രയും വേഗം തിരിച്ചുകിട്ടണമെന്നാണ് എല്ലാവരും ആവശ്യപ്പെടുന്നത്. ഇൗ മാസം 15ന് നിശ്ചയിച്ച മകളുടെ വിവാഹത്തിന് പോലും പങ്കെടുക്കാനാകാത്തതിൽ ഉള്ളുനീറിക്കഴിയുന്ന മലയാളി സ്ത്രീയും ഇക്കൂട്ടത്തിലുണ്ട്. ഇനിയെന്താണ് ചെയ്യേണ്ടതെന്നറിയാതെയാണ് ഇവരിൽ 11 പേർ സഹായത്തിനായി മനോരമ ഒാൺലൈനുമായി ബന്ധപ്പെട്ടത്.  

∙സർക്കാർ സേവന ദാതാക്കൾക്ക് പേരുദോഷം; വ്ലോഗർമാരുടെ കീശ നിറയുന്നു
ദുബായിൽ വളരെ മാന്യമായി ബിസിനസ് സർവീസ് നടത്തുന്ന മലയാളികളുടെ ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. ഇവർക്കെല്ലാം പേരുദോഷമുണ്ടാക്കുംവിധം അനുദിനം മുളച്ചുപൊന്തുന്ന ബിസിനസ് സർവീസ് സെന്ററുകളിൽ മിക്കതും തട്ടിപ്പ് നടത്തി മുങ്ങുക എന്ന ഉദ്ദേശ്യത്തോടെയാണ് രംഗത്തെത്തുന്നത്. ഇവരാണ് സാധാരണഗതിയിൽ വലിയ ഒാഫറുകളൊന്നും നൽകാൻ സാധിക്കാത്ത വീസയുൾപ്പെടെയുള്ള സർക്കാർ സേവനങ്ങൾക്ക് വൻ ഫീസിളവ് പ്രഖ്യാപിക്കുന്നത്. ഇത് ആളുകളിലെത്തിക്കാൻ ഇവിടുത്തെ വ്ലോഗർമാരെ ഉപയോഗിക്കുന്നു. പണം മാത്രം ലക്ഷ്യമിടുന്ന ഇൗ സോഷ്യൽമീഡിയ പ്രമോട്ടർമാർ സ്ഥാപനത്തിന്റെ ആധികാരികതയൊന്നും അന്വേഷിക്കാതെ അവർ പറയുന്നത് വിളിച്ചുകൂവുന്നു. ഇത്തരത്തിൽ ഒരു മലയാളി വ്ലോഗറുടെ വിഡിയോ കണ്ടാണ് ഇൗ 11 പേരും കാഞ്ഞങ്ങാട് സ്വദേശിയുടെ സ്ഥാപനത്തിൽ പാർട്ണർ വീസയ്ക്ക് പണം നൽകിയത്.

വെറും 5,575 ദിർഹത്തിന് 24 മണിക്കൂറിനുള്ളിൽ  2 വർഷത്തെ പാര്‍ട്ണർ വീസ നിങ്ങളുടെ കൈയിൽ തരും എന്ന് പറഞ്ഞുള്ള വിഡിയോ ഇൗ സ്ഥാപനത്തിൽ തന്നെയാണ് ചിത്രീകരിച്ചിട്ടുള്ളത്. സർക്കാർ ഫീസ് മാത്രം നൽകിയാൽ മതി, സ്ഥാപനത്തിന്റെ സേവനഫീസ് നൽകേണ്ടതില്ലെന്നും വ്യക്തമാക്കുന്നു. സേവനഫീസ് വാങ്ങിയില്ലെങ്കിൽ പിന്നെയെങ്ങനെ സ്ഥാപനം മുന്നോട്ടുകൊണ്ടുപോകും എന്ന് ചിന്തിച്ചാൽ മാത്രം മതി, ഇവരുടെ ഉദ്ദേശ്യശുദ്ധി സംശയിക്കാൻ. ഇന്ന് ഫെയ്സ്ബുക്ക്, ടിക് ടോക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലെല്ലാം മലയാളി വ്ലോഗർമാരുടെ ഇത്തരം വിഡിയോകൾ നിറഞ്ഞിരിക്കുന്നു.

∙'എനിക്കെന്റെ മകളുടെ വിവാഹത്തിൽ പങ്കെടുക്കണം'
അബുദാബി മുസഫ ഷാബിയയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി ഷീജാ അയിഷാ ബിവിയുടെ മകളുടെ വിവാഹം ഇൗ മാസം 15ന് തീരുമാനിച്ചതായിരുന്നു. 10 വർഷത്തോളം മുസഫയിലെ ഒരു സ്കൂളിൽ ജീവനക്കാരിയായ ഇവർ നാട്ടിൽ പോകാനായി മാസങ്ങൾക്ക് മുൻപേ ഒരുക്കവും തുടങ്ങി. മറ്റൊരു ജോലിയിൽ കയറണമെന്നുള്ളതുകൊണ്ടുകൂടി സ്കൂൾ വീസ റദ്ദാക്കിയതാണ് അബദ്ധമായത്. സന്ദർശക വീസയിൽ നിന്നുകൊണ്ട് ജോലി അന്വേഷിച്ചെങ്കിലും കിട്ടിയില്ല. തുടർന്നാണ് കാഞ്ഞങ്ങാട് സ്വദേശിയുടെ സ്ഥാപനത്തിന്റെ നിരക്കിളവില്‍ നൽകുന്ന 2 വർഷത്തെ പാർട്ണർ വീസയെക്കുറിച്ചുള്ള വിഡിയോ കണ്ടത്. ഉടൻ തന്നെ അവരുമായി ബന്ധപ്പെട്ട് ഉടമ ആവശ്യപ്പെട്ട പ്രകാരം അയാളുടെ ഭാര്യയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഇൗ വർഷം മേയിൽ 6,000 ദിർഹം ഷീജ ഡിപോസിറ്റ് ചെയ്തു.

പിന്നീട് വീസ നടപടികൾ ആരംഭിച്ചെങ്കിലും അതു പൂർത്തിയാക്കിയില്ലെന്നും അതേക്കുറിച്ചന്വേഷിച്ചപ്പോൾ വൈകാതെ എല്ലാം ശരിയാകുമെന്നുമാണ് ഉടമ മറുപടി നൽകിയതെന്നും ഇവർ പറഞ്ഞു. ഇടയ്ക്ക് വിളിക്കുമ്പോഴെല്ലാം ഇതേ ഉത്തരമായിരുന്നു. ഉള്ളിലൊരു ആശങ്കയുണ്ടായെങ്കിലും എമിറേറ്റ്സ് െഎ‍ഡി നടപടികളിലേക്കു വരെയെത്തിയതിനാൽ വഞ്ചിക്കപ്പെട‌ുമെന്ന് സംശയിച്ചില്ല. എന്നാൽ, കഴിഞ്ഞ ഒരു മാസമായി സ്ഥാപനം ഫോൺപോലുമെടുക്കാത്തപ്പോഴാണ് തട്ടിപ്പിനിരയായത് മനസിലായത്. സന്ദർശക വീസയുടെ കാലാവധി കഴിഞ്ഞ് 1500 ദിർഹത്തോളം പിഴയൊടുക്കാനുമുണ്ട്. മകൾ പുതിയ ജീവിതത്തിലേയ്ക്ക് പ്രവേശിക്കുമ്പോൾ സ്വന്തം മാതാവിന്റെ സാമീപ്യമില്ലാത്ത കുറവ് എന്നും ഒരു വേദനയായി കൂടെയുണ്ടാകും. അതുകൊണ്ട് എത്രയും പെട്ടെന്ന് പാര്‍ട്ണർ വീസ ക്യാൻസൽ ചെയ്ത് പണം തിരിച്ചുനൽകണമെന്നാണ് ഇവരുടെ ആവശ്യം. അതിനായി വിഡിയോ ചെയ്ത മലയാളി വ്ലോഗറുമായി ബന്ധപ്പെട്ടപ്പോൾ, താൻ തന്റെ ജോലി ചെയ്തു എന്ന് പറഞ്ഞു കൈയൊഴിഞ്ഞു. തുടർന്ന് കേസ് കൊടുക്കുമെന്ന് അറിയിച്ചപ്പോൾ ചില കെഎംസിസി നേതാക്കളെ ബന്ധപ്പെട്ട് അതിൽ നിന്ന് പിന്മാറാൻ നിർബന്ധിച്ചതായും ഇവർ വ്യക്തമാക്കി.

ദീർഘകാലം പ്രവാസി; പ്രാരാബ്ധങ്ങൾ ബാക്കിയായതിനാൽ 60–ാം വയസ്സിൽ തിരിച്ചെത്തി കുടുക്കിലായി
യുഎഇ നിയമപ്രകാരം 60 വയസ്സു  കഴിഞ്ഞവർക്ക് എംപ്ലോയ്മെന്റ് വീസ ലഭിക്കില്ല. അവർക്ക് പാർട്ണർ വീസയേ രക്ഷയുള്ളൂ. അങ്ങനെയാണ് മലപ്പുറം തിരുന്നാവായ സ്വദേശി മൊയ്തീൻകുട്ടി പാർട്ണർ വീസ ചതിക്കുഴിയിൽ പതിക്കുന്നത്. ഇദ്ദേഹത്തിന്റെ ജീവിതകഥ തന്നെ ആരെയും വേദനിപ്പിക്കും. 18 വർഷത്തോളം യുഎഇയിൽ ഡ്രൈവറായി ജോലി ചെയ്ത് പ്രവാസ ജീവിതം അവസാനിച്ച് മടങ്ങിയതായിരുന്നു. എന്നാൽ പ്രതീക്ഷിച്ചതിലും ദുരിതമയമായിരുന്നു ജീവിതം. വീട്ടുചെലവ്, മക്കളുടെ വിദ്യാഭ്യാസ ചെലവ്, മറ്റു ചെലവുകൾ ഇവയെല്ലാം കൂട്ടിയാൽ കൂടാതെ വന്നപ്പോൾ 60–ാം വയസ്സിൽ മടക്കയാത്ര നടത്തുകയായിരുന്നു. നാല് മാസം മുൻപാണ് യുഎഇയിലെത്തിയത്.  എംപ്ലോയ്മെന്റ് വീസ ലഭിക്കുന്നതിന് പ്രായം തടസ്സമാണെന്നതിനാൽ വിഡിയോ പരസ്യം കണ്ട് പാർട്ണർ വീസയ്ക്ക് അപേക്ഷിച്ചു. നാട്ടിൽ നിന്ന് കൊണ്ടുവന്നതും ഇവിടെ പലരിൽ നിന്നും കടം വാങ്ങിയതുമെല്ലാം കൂട്ടിച്ചേർത്ത് കാഞ്ഞങ്ങാട് സ്വദേശിയുടെ സ്ഥാപനം ആവശ്യപ്പെട്ട 6,250 ദിർഹം 2 വർഷത്തെ വീസയ്ക്ക് കൈമാറി. ഇദ്ദേഹത്തിന്റെ വീസ നാടപടികളും പാതിവഴിയിലാക്കിയ ശേഷമാണ് സ്ഥാപനയുടമ മുങ്ങിയത്. അൽ െഎനിലെ ഒരു മുറിയിലാണ് മൊയ്തീൻകുട്ടി ഇപ്പോൾ താമസം. വാടക നൽകാനോ ഭക്ഷണത്തിനോ വകയില്ലാതെ തീർത്തും ദുരിതത്തിലാണ്. പരിചയക്കാരിൽ നിന്ന് കടം വാങ്ങിയ പണം കൊണ്ട് അൽ െഎനിൽ നിന്ന് പലതവണ ബസിൽ ദുബായിലെ സ്ഥാപനത്തിലെത്തി വീസ ക്യാൻസൽ ചെയ്യാനാവശ്യപ്പെട്ടെങ്കിലും ഉടൻ ശരിയാകുമെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. സന്ദർശക വീസ കാലാവധി കഴിഞ്ഞ് 2 മാസമായതിനാൽ വൻതുക പിഴയുമായിട്ടുമുണ്ട്. എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അതീവ ദുഃഖിതനാണ് ഇൗ പാവം പ്രവാസി.

കുഞ്ഞിനെ നോക്കാൻ അമ്മയെ കൊണ്ടുവന്ന് പ്രതിസന്ധിയിലായി
താനും ഭാര്യയും ജോലിക്ക് പോകുന്നതിനാൽ, അടുത്തിടെ പിറന്ന കുഞ്ഞിനെ നോക്കാനായിട്ടാണ് പത്തനംതിട്ട സ്വദേശി സാന്റോ ആറ് മാസം മുൻപ് സന്ദർശക വീസയിൽ അമ്മയെ നാട്ടിൽ നിന്ന് യുഎഇയിലേയ്ക്ക് കൊണ്ടുവന്നത്. സ്വന്തം സ്പോൺസർഷിപ്പിൽ അമ്മയ്ക്ക് വീസ ലഭ്യമാക്കാനുള്ള ശമ്പളമില്ലാത്തതിനാൽ വിഡിയോയിൽ കണ്ട പാർട്ണർഷിപ്പ് വീസ സ്ഥാപനവുമായി ബന്ധപ്പെട്ടു. കാഞ്ഞങ്ങാട് സ്വദേശിയുടെ സ്ഥാപനം ആവശ്യപ്പെട്ട പ്രകാരം 5,750 ദിർഹം അയാളുടെ ഭാര്യയുടെ അക്കൗണ്ടിലേയ്ക്ക് അയച്ചുകൊടുത്തു. മറ്റുള്ളവരെ പോലെ അമ്മയുടെയും വീസ നടപടികൾ ആരംഭിച്ചെങ്കിലും പൂർത്തിയായില്ല. സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോൾ ആദ്യം ഫോണെടുക്കുകയും ഉടൻ ശരിയാകുകയും ചെയ്യുമെന്ന് മറുപടി നൽകിക്കൊണ്ടിരുന്നെങ്കിലും അടുത്ത കാലത്തായി ഫോണിലും കിട്ടുന്നില്ല. സന്ദർശക വീസാ കാലാവധി കഴിഞ്ഞ് 46 ദിവസം  പിന്നിട്ടപ്പോൾ 2,300 ദിർഹം പിഴയായിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന ബാങ്ക് വായ്പ ടോപ് അപ് ചെയ്തിട്ടാണ് സാന്റോ വീസയ്ക്കുള്ള പണം നൽകിയത്. പാർട്ണർ വീസ ക്യാൻസൽ ചെയ്യുകയും പണം തിരിച്ചുകിട്ടുകയും വേണമെന്നാണ് ഇദ്ദേഹത്തിന്റെയും ആവശ്യം. 

∙സുഹൃത്തിന്റെ വീട്ടുജോലിക്കാരിക്ക് വേണ്ടി 
സുഹൃത്തിന്റെ വീട്ടു ജോലിക്കാരിക്ക് വേണ്ടി പാർട്ണർവീസയ്ക്ക് അപേക്ഷിക്കാൻ കാഞ്ഞങ്ങാട് സ്വദേശിയുടെ സ്ഥാപനത്തെ നിർദേശിച്ച കോതമംഗലം സ്വദേശി ലിന്റോയും കുടുക്കിലായി. സന്ദർശക വീസയിലായിരുന്നു എറണാകുളം സ്വദേശി സുനിത യുഎഇയിലെത്തിയത്. തുടർന്ന് ഇവിടെ വീസയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ വിഡിയോ കണ്ട് ലിന്റോ വിളിച്ചന്വേഷിപ്പപ്പോൾ വ്ലോഗർക്ക് സ്ഥാപനത്തെക്കുറിച്ച് പറയാൻ നൂറുനാക്ക്. ആവശ്യപ്പെട്ട പ്രകാരം 5750 ദിർഹം സ്ഥാപനത്തിന്റെ മാനേജറുടെ ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് ഡിപോസിറ്റ് ചെയ്തത്. വീസ നടപടികൾ ആരംഭിച്ച ശേഷം സ്ഥാപനമുടമ മുങ്ങുകയായിരുന്നു. പിന്നീട് ലിന്റോയും സുഹൃത്തും പല പ്രാവശ്യം ഫോൺ വിളിച്ചിട്ടും മറുപടി ലഭിച്ചില്ല. സന്ദർശക വീസ പുതുക്കാനാകാത്തതിനാൽ കാലാവധി കഴിഞ്ഞ് പിഴ വർധിച്ചുകൊണ്ടിരിക്കുന്നതില്‍ എല്ലാവരും കടുത്ത ആശങ്കയിലാണ്. 

∙അനാഥരുടെ കഞ്ഞിയിലും മണ്ണിട്ടു; ഇനി..!
അബുദാബി മുസഫ ഷാബിയായിൽ താമസിക്കുന്ന ചെന്നൈ സ്വദേശിയായ അഹമ്മദ് ഫൈസിയുടെ നേതൃത്വത്തിലുള്ള ഫൈസി ഗ്രൂപ്പ് നാട്ടിലെ അനാഥരായ യുവാക്കളെ യുഎഇയിലേക്ക് കൊണ്ടുവന്ന് ജോലി ശരിയാക്കി നൽകുന്ന ജീവകാരുണ്യ പ്രവർത്തനമാണ് നടത്തുന്നത്.  എല്ലാവരും ചേർന്ന് പണം കണ്ടെത്തി ഒരു മാസം ഇതുപോലെ നാല് പേരെയെങ്കിലും കൊണ്ടുവരാറുണ്ട്. അത്തരത്തിൽ കൊണ്ടുവന്ന ഒരു അനാഥ യുവാവിന് വേണ്ടിയാണ് പ്രമോഷൻ വിഡിയോ കണ്ട് ഏപ്രിൽ 18ന് കാഞ്ഞങ്ങാട് സ്വദേശിയുടെ സ്ഥാപനത്തെ പാർട്ണർ വീസയ്ക്ക് വേണ്ടി സമീപച്ചത്. 6,900 ദിർഹമായിരുന്നു നാല് തവണകളായി വീസ ഫീസായി അഹമ്മദ് കൈമാറിയത്. വൈകാതെ വീസാ നടപടികൾ ആരംഭിച്ചെങ്കിലും പൂർത്തീകരിച്ചില്ല. അതിന് മുൻപേ സ്പോൺസറുടെ കമ്പനി പ്രതിസന്ധിയിലായതിനാൽ നടപടികൾ പൂർത്തിയാകാൻ വൈകുമെന്നായിരുന്നു ഫോണിലൂടെ അറിയിച്ചത്. പിന്നീട് നടപടികളുണ്ടാകാത്തതിനെ തുടർന്ന് ബന്ധപ്പെട്ടപ്പോൾ ഉടൻ ശരിയാകുമെന്ന് പറഞ്ഞു. ഒടുവിൽ ഫോണെടുക്കുന്നതും നിർത്തി. അൽ തവാറിലെ ഒാഫിസിൽ ചെന്ന് അന്വേഷിച്ചപ്പോൾ കാഞ്ഞങ്ങാട് സ്വദേശി മുങ്ങിയതായാണ് വിവരം ലഭിച്ചത്. എന്നാൽ, ഭാര്യയെ നാട്ടിലേക്ക് അയച്ച ഇയാൾ ഷാർജയിൽ ഒളിച്ച് താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതായും അഹമ്മദ് ഫൈസി പറഞ്ഞു. അനാഥരുടെ പണമാണ് ഇവരെല്ലാം തട്ടിയത്. അവരുടെ കഞ്ഞിയിൽ മണ്ണിട്ടതിനുള്ള ശിക്ഷ ലഭിക്കാതിരിക്കില്ലെന്ന് കണ്ണീരൊഴുക്കിക്കൊണ്ട് അഹമ്മദ് ഫൈസി പറയുന്നു.

പാർട്ണർ വീസയ്ക്ക് 6800 ദിർഹം നൽകിയ മലയാളിയായ ഫാസിലിനും ഇതേ അനുഭവം തന്നെ. പലയിടത്തുനിന്നായി കടം വാങ്ങിയാണ് വീസയ്ക്കുള്ള പണം നൽകിയത്. സന്ദർശക വീസാ കാലാവധി കഴിഞ്ഞ് 2500 ദിർഹത്തോളം പിഴയൊടുക്കേണ്ടതുണ്ട്. സുഹൃത്തിന്റെ അമ്മയ്ക്ക് വേണ്ടി പാർട്ണർ വീസയ്ക്ക് അപേക്ഷിച്ച തിരുവനന്തപുരം സ്വദേശി ബിനുരാജ് ചതിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ നിയമത്തിന്റെ വഴിയേ പോകാനുള്ള ശ്രമവും നടത്തുന്നു. നേപ്പാൾ സ്വദേശി അർജുന് കൂടെ ജോലി ചെയ്യുന്ന മലയാളി യുവാവാണ് പ്രമോഷൻ വിഡിയോ കാണിച്ചുകൊടുത്തത്. സഹോദരന് വേണ്ടി പാർട്ണർവീസയ്ക്ക് 6500 ദിർഹമാണ് നൽകിയത്. ഇനിയെന്ത് ചെയ്യണമെന്നറിയാതെ കടുത്ത ആശങ്കയിലാണ് താനെന്ന് അർജുൻ പറഞ്ഞു. 

∙ വിഡിയോ ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചു
കാഞ്ഞങ്ങാട് സ്വദേശിയുടെ അൽ തവാർ അർസൂ ബിൽഡിങ്ങിലെ ബിസിനസ് സർവീസ് സ്ഥാപനത്തിലെ വീസ ഒാഫറുകളെക്കുറിച്ച് വിഡിയോ ചെയ്ത മലയാളി വ്ലോഗറെ തട്ടിപ്പിനിരയായവരിൽ പലരും ബന്ധപ്പെട്ടെങ്കിൽ തനിക്ക് ഇതിൽ യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് പറഞ്ഞ് അയാൾ ഒഴിഞ്ഞുമാറുകയായിരുന്നു. അവർക്ക് ലൈസൻസുണ്ടോ എന്ന് മാത്രമേ താൻ നോക്കേണ്ടതുള്ളൂ എന്നായിരുന്നു മറുപടി. ഒട്ടേറെ പേരുടെ പണവുമായി മുങ്ങിയതായി അറിയിച്ച് മറ്റൊരു വിഡിയോ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ അതിന് തയാറായില്ലെന്ന് തട്ടിപ്പിനിരയായ സാന്റോ പറഞ്ഞു.

മതിയായ ലൈസൻസുള്ള വ്ലോഗറാണ് താനെന്നായിരുന്നു മനോരമ ഒാൺലൈൻ ബന്ധപ്പെട്ടപ്പോൾ ഇയാളുടെ മറുപടി. തന്നെപ്പോലെ മറ്റു ചില വ്ലോഗർമാരും ഇതേ സ്ഥാപനത്തെക്കുറിച്ച് പ്രമോഷൻ വിഡിയോ ചെയ്തിട്ടുണ്ട്. പ്രമുഖ സംഘടനയുടെ പ്രവർത്തകൻ കൂടിയാണ് ഞാൻ. എല്ലാവരും  ഒാഫറിനെക്കുറിച്ച് വിഡിയോ ചെയ്തപ്പോൾ താൻ മാത്രം കുറ്റക്കാരനാകുന്നതെങ്ങനെയെന്നും ഇദ്ദേഹം ചോദിക്കുന്നു.

∙എന്താണ് പാർട്ണർ വീസയെന്ന് മനസിലാക്കുക
ഒരാൾ ഒരു കമ്പനി ആരംഭിക്കുമ്പോൾ ആ ലൈസൻസിന്മേൽ എടുക്കാവുന്നതാണ് പാർട്ണർഷിപ് വീസ. യഥാർഥത്തിൽ 3 വർഷത്തെ വീസയാണത്. എംപ്ലോയ്മെന്റ് വീസയാണ് 2 വർഷത്തേക്കു നൽകുന്നത്. ഇത്തരത്തിൽ വീസയ്ക്ക് വേണ്ടി യഥാർഥ സ്ഥാപനത്തെ തന്നെ സമീപിക്കണമെന്ന് ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ സിഇഒ ഇഖ് ബാൽ മാർക്കോണി പറഞ്ഞു. ഒരു വീസയെടുത്താലും നൂറ് വീസയെടുത്താലും സർക്കാർ ഇളവ് നൽകുന്നില്ല. സർവീസ് ചാർജ് ഒരു സ്ഥാപനത്തിന് വേണമെങ്കിൽ വാങ്ങാതിരിക്കാം. അതു പലയിടത്തും വ്യത്യസ്തമായിരിക്കാം. ഇതുമാത്രമേ സാധിക്കുകയുള്ളൂ.

സമൂഹമാധ്യമത്തിലൂടെ ചിലർ നടത്തുന്ന ഇത്തരത്തിലുള്ള പ്രമോഷൻ വിഡിയോയുടെ ചതിക്കുഴിയിൽപ്പെട്ട് ഒട്ടേറെ പേർക്ക് അനുദിനം പണം നഷ്ടമാകുന്നുണ്ട്. ഒരുത്പന്നത്തെക്കുറിച്ച് പ്രമോഷൻ വിഡിയോ ചെയ്യുമ്പോൾ അതെന്താണെന്നോ അതിന്റെ ഗുണനിലവാരമെന്താണെന്നോ അറിയാതെയാണ് വാതോരാതെ പറയുന്നത്. അതുകൊണ്ടാണ് വ്ലോഗർമാർക്കും ഇൻഫ്ലുവൻസർമാർക്കുമെല്ലാം അടുത്തിടെ അധികൃതർ ലൈസൻസ് നിർബന്ധമാക്കിയത്. ലൈസൻസില്ലാതെ വിഡിയോ ചെയ്താൽ വൻതുക പിഴയൊടുക്കേണ്ടിയും വരുന്നതായും ഇഖ്ബാൽ മാർക്കോണി പറഞ്ഞു.

English Summary:

Many people paid for partner visas after seeing promotional video, lost their money

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com