പ്രവാസ ലോകത്തെ പ്രിയ ശബ്ദം; ലാവണ്യയ്ക്ക് അർബുദം സ്ഥിരീകരിച്ചത് 3 ആഴ്ച മുൻപ്, സംസ്കാരം ഉച്ചയ്ക്ക് 2.30ന്
Mail This Article
ദുബായ്/തിരുവനന്തപുരം ∙ പ്രവാസ ലോകത്തെ പ്രിയ ശബ്ദം ആർജെ ലാവണ്യ (രമ്യ സോമസുന്ദരം – 41) അന്തരിച്ചു. 3 ആഴ്ച മുൻപ് മാത്രം കണ്ടെത്തിയ അർബുദത്തിനുള്ള ചികിത്സയ്ക്കിടെയാണ് മരണം. റേഡിയോ കേരളം എഫ്എം ചാനലിൽ ആർജെ ആയിരുന്നു.
റേഡിയോയുടെ തുടക്കം മുതൽ ദുബായിൽ ഉണ്ടായിരുന്ന ലാവണ്യ 6 മാസം മുൻപ് ഭർത്താവിന്റെ ജോലിയുമായി ബന്ധപ്പെട്ടു കേരളത്തിലേക്കു മാറിയിരുന്നു. പിന്നീട് തിരുവനന്തപുരത്ത് നിന്നായിരുന്നു റേഡിയോ പരിപാടികൾ തയാറാക്കിയിരുന്നത്.
ലാവണ്യയുടെ മൃതദേഹം ഇന്നു രാവിലെ 10ന് വസതിയായ തിരുവനന്തപുരം തമലം മരിയൻ അപ്പാർട്മെന്റിലെ ഫ്ലാറ്റിലെത്തിക്കും. സംസ്കാരം ഉച്ചയ്ക്ക് 2.30ന് തൈക്കാട് ശാന്തികവാടത്തിൽ. ക്ലബ് എഫ്എം, റെഡ് എഫ്എം, യു എഫ്എം, റേഡിയോ രസം എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. 15 വർഷമായി മാധ്യമരംഗത്തുണ്ട്. സരസമായ സംസാര ശൈലിയിലൂടെ പ്രവാസ ലോകത്തിന്റെ പ്രിയപ്പെട്ട അവതാരകയായി മാറിയ ലാവണ്യ വെള്ളിത്തിര, പ്രിയഗീതം, ഡിആർകെ ഓൺ ഡിമാൻഡ്, ഖാന പീന തുടങ്ങിയ പരിപാടികളാണ് അവതരിപ്പിച്ചിരുന്നത്. ചികിത്സയിലിരിക്കെ ദിവസങ്ങൾക്ക് മുൻപ് ‘ഇതും കടന്നുപോകും..’ എന്ന പേരിലെഴുതിയ കുറിപ്പും ചിത്രവും സമൂഹ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഗായകരായ കെ.എസ്. ചിത്ര, സുജാത എന്നിവരുടെ അഭിമുഖമാണ് അവസാനം ചെയ്ത പരിപാടികളിൽ ഏറെ ജനപ്രീതി നേടിയത്.
കർണാടക സംഗീതജ്ഞനും സംഗീത സംവിധായകനുമായ നവനീത് വർമ (അജിത് പ്രസാദ്) ആണ് ഭർത്താവ്. മക്കൾ: വസുന്ധര, വിഹായസ്.