ADVERTISEMENT

 റിയാദ്∙ അടുത്ത കാലത്തുവരെ ജീവിച്ചിരിക്കുന്നവരിലെ ഏറ്റവും തൂക്കമേറിയ മനുഷ്യൻ എന്നാണ് ഖാലിദ് ബിൻ മുഹ്സിൻ ഷാരി അറിയപ്പെട്ടിരുന്നു. ഏകദേശം പത്തുവർഷം മുൻപ് 610 കിലോയായിരുന്നു ഖാലിദിന്റെ തൂക്കം. ഒന്ന് അനങ്ങാൻ പോലുമാകാതെ കിടക്കയിൽ മൂന്നു വർഷത്തിലേറെ കഴിഞ്ഞു. പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാൻ പോലും കുടുംബാംഗങ്ങളുടെയും കൂട്ടുകാരുടെയും സഹായം ആവശ്യമായി വന്നു. മരണം മാത്രമായിരുന്നു ഖാലിദിന്റെ മുന്നിലെ വഴി. ‌‌

എന്നാൽ, സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ കാരുണ്യഹസ്തം മുഹ്സിൻ ഷാരിക്ക് മുന്നിൽ അനുഗ്രഹമായി ചൊരിഞ്ഞു. രാജാവിന്റെ മേൽനോട്ടത്തിൽ നടന്ന ശസ്ത്രക്രിയക്ക് ശേഷം 546 കിലോ കുറച്ച മുഹ്സിൻ ഷാരിയുടെ ഇപ്പോഴത്തെ തൂക്കം 63.5 കിലോയാണ്. അവിസ്മരണീയ മാറ്റം. ഇതിന് മുഹ്‌സിൻ ഷാരിയും കുടുംബവും നന്ദി പറയുന്നത് അബ്ദുല്ല രാജാവിനോടാണ്.  ഏതു പ്രതിസന്ധിയിലും ചിരിച്ചുകൊണ്ടായിരുന്നു ഷാരിയുടെ പെരുമാറ്റം. അതുകൊണ്ടു തന്നെ ഡോക്ടർമാർ സ്മൈലിങ് മാൻ എന്ന വിളിപ്പേരും ഷാരിക്ക് നൽകിയിരുന്നു.  

വൻ തുക ആവശ്യമായ ചികിത്സ പൂർണമായും സൗജന്യമായി ലഭ്യമാക്കിയത് അബ്ദുല്ല രാജാവായിരുന്നു. വീടിനകത്തുനിന്ന് ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചാണ് മുഹ്സിനെ താഴെ ഇറക്കിയത്. വീടിന്റെ ചുമരിന്റെ ഒരു ഭാഗം വെട്ടിപ്പൊളിച്ച് താൽക്കാലിക ഹൈഡ്രോളിക് സംവിധാനം ഇതിന് വേണ്ടി വിനിയോഗിച്ചു. ചെറിയ ക്രെയിനിന്റെ സഹായത്തോടെ താഴേക്കെത്തിച്ച മുഹ്സിനെ ജിസാനിലെ വീട്ടിൽനിന്നാണ്  റിയാദിലെ കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലേക്ക് എത്തിച്ചത്. മുപ്പതംഗ മെഡിക്കൽ സംഘവും സഹായത്തിനുണ്ടായിരുന്നു. 

ഗ്യാസ്ട്രിക് ബൈപാസ് സര്‍ജറി, പ്രത്യേക ഡയറ്റ്, വ്യായാമമുറകള്‍, ചലനശേഷി വീണ്ടെടുക്കാന്‍ സഹായിക്കുന്ന തീവ്ര ഫിസിയോതെറാപ്പി സെഷനുകള്‍ എന്നിവയിലൂടെ ഖാലിദിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചു. ചികിത്സക്ക് ശേഷം കഠിന പ്രയത്നത്തിലൂടെ ഖാലിദ് തൂക്കം ഗണ്യമായി കുറച്ചു. ആറുമാസത്തിനകം തന്നെ ശരീരഭാരം പകുതിയായി കുറച്ചു. കഴിഞ്ഞ വർഷമാണ് തന്റെ വലുപ്പത്തിന് ആനുപാതികമായ 63.5 കിലോഗ്രാമിൽ എത്തിയത്. ശരീരം മെലിയുന്നതിന് അനുസരിച്ച് തൊലി അയഞ്ഞുവരുന്നതിനാൽ ഒന്നിലധികം തവണ ശസ്ത്രക്രിയക്ക് വിധേയനാകുകയും ചെയ്തു. തടി കുറയുന്ന രോഗികളിൽ ഈ പ്രവണത സാധാരണമാണ്. സ്മൈലിങ് മാൻ ഇപ്പോൾ ചിരിക്കുകയാണ്. ആശ്വാസത്തിന്റെ ചിരി.

English Summary:

Saudi Man's Incredible 500-kg Weight Loss: See Before-After Pics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com