സ്വാതന്ത്രദിനം ആഘോഷമാക്കി കുവൈത്തിലെ ഇന്ത്യൻ എംബസ്സി
Mail This Article
കുവൈത്ത് സിറ്റി ∙ ദൈഅയിലെ എംബസ്സി അങ്കണത്തിൽ നടന്ന ചടങ്ങുകൾക്ക് അംബാസഡർ ഡോ. ആദർശ സ്വൈഖ നേതൃത്വം നൽകി. കാലത്ത് എട്ടുമണിക്ക് എംബസ്സി മുറ്റത്തെ രാഷ്ട്ര പിതാവിന്റെ പ്രതിമയിൽ അംബാസഡർ പുഷ്‌പാർശന നടത്തിയതോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ദേശീയ പതാക ഉയര്‍ത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തുശേഷം രാഷ്ട്രപതിയുടെ സ്വതന്ത്രദിന സന്ദേശം ചടങ്ങിൽ വായിച്ചു.
ഇന്ത്യയും കുവൈത്തും തമ്മിലുള്ള ദൃഢവും സൗഹൃദപരവുമായ ബന്ധത്തിന് ഉറച്ച പിന്തുണ നൽകിയതിന് കുവൈത്ത് ഭരണ നേതൃത്വത്തിനും ജനങ്ങൾക്കും നന്ദി അറിയിച്ചു കൊണ്ടാണ് അമ്പാസഡർ തന്റെ സ്വാതന്ത്ര്യ ദിന പ്രസംഗം ആരംഭിച്ചത്.
ഇന്ത്യൻ സമൂഹത്തെ പിന്തുണയ്ക്കുന്നതിനും ഇന്ത്യ-കുവൈത്ത് ബന്ധം ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾക്കും കമ്മ്യൂണിറ്റി അസോസിയേഷനുകൾ, പ്രൊഫഷണൽ ബോഡികൾ, സാംസ്കാരിക ഗ്രൂപ്പുകൾ, മാധ്യമ പ്രതിനിധികൾ എന്നിവരെ അംബാസഡർ അഭിനന്ദിച്ചു. ഇന്ത്യയുടെ 77-ാമത് സ്വാതന്ത്ര്യ ദിനത്തിൻ്റെ അഭിമാനവും സന്തോഷവും നിറഞ്ഞ ഈ അവസരത്തിൽ, കുവൈത്തിലെ ഓരോ ഇന്ത്യക്കാരനും വിജയവും ആരോഗ്യവും ക്ഷേമവും നേരുന്നതായും ഡോ. ആദർശ് സ്വൈഖ പറഞ്ഞു. കുവൈത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് ഇന്ത്യക്കാർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. പങ്കെടുത്തവർക്കെല്ലാം ലഘുഭക്ഷണവും ഒരുക്കിയിരുന്നു.