ADVERTISEMENT

ദോഹ ∙ രാജ്യത്തെ നിയമങ്ങൾ ലംഘിച്ചു പ്രവർത്തിച്ച ആരോഗ്യ സ്ഥാപനം അടച്ചുപൂട്ടി ഖത്തർ ആരോഗ്യ മന്ത്രാലയം. അനധികൃതമായി പ്രവർത്തിച്ച സ്വകാര്യ ആരോഗ്യ സ്ഥാപനത്തിനെതിരെയാണ് നടപടി സ്വീകരിച്ചത്. ആവശ്യമായ പ്രഫഷണൽ ലൈസൻസ് ഇല്ലാത്ത ജീവനക്കാർ, അംഗീകാരമില്ലാത്ത തൊഴിലുടമ തുടങ്ങിയ നിരവധി കുറ്റങ്ങൾ ചുമത്തപ്പെട്ട ഹെൽത്ത് സർവീസ് ഏജൻസി അടച്ചു പൂട്ടിയതായി മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു. ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ യോഗ്യതയും, ലൈസൻസും സംബന്ധിച്ച് മന്ത്രാലയം പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.

സ്ഥാപനത്തിൽ പ്രവർത്തിച്ച അഞ്ചു നഴ്സുമാർ, മൂന്ന് ഫിസിയോ തെറാപ്പിസ്റ്റ് എന്നിവർ നിയമലംഘനം നടത്തിയതായും കണ്ടെത്തി. ആവശ്യമായ പ്രഫഷനൽ ലൈസൻസ് ഇല്ലാതെ പ്രാക്ടീസ് ചെയ്യുക, അനധികൃത തൊഴിലുടമകൾക്ക് വേണ്ടി പ്രവർത്തിക്കുക, അംഗീകൃത ലൈസൻസുകളുടെ പരിധിക്കപ്പുറമുള്ള ജോലികൾ ചെയ്യുക എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയത്.

രാജ്യത്തെ തൊഴിൽ, ആരോഗ്യ സംരക്ഷണ നിയമങ്ങളുടെ ലംഘനമാണ് ഇവരുടേതെന്ന് മന്ത്രാലയം വ്യക്തമാക്കി. കുറ്റക്കാരായ ആരോഗ്യ പ്രവർത്തകരുടെ പ്രഫഷനൽ ലൈസൻസ് മന്ത്രാലയം റദ്ദാക്കുകയും ഇവർക്കെതിരെയും സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറുകയും ചെയ്തു. കഴിഞ്ഞയാഴ്ച നടന്ന പരിശോധനയിൽ ലൈസൻസില്ലാത്ത നഴ്സുമാർ പ്രവർത്തിക്കുന്നതായി കണ്ടെത്തിയ സ്വകാര്യ ക്ലിനിക്കിനെതിരെയും നടപടി സ്വീകരിച്ചിരുന്നു.

English Summary:

Qatar Ministry of Health Shut Down Health Facility for Violation of Law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com