സൗദിയിൽ നടക്കുന്ന സ്‌നൂക്കർ ചാംപ്യൻഷിപ്പിൽ ചാംപ്യനെ കാത്തിരിക്കുന്നത് രണ്ടര ദശലക്ഷം സൗദി റിയാൽ
Mail This Article
റിയാദ് ∙ സൗദി അറേബ്യയിൽ നടക്കുന്ന സ്‌നൂക്കർ ചാംപ്യൻഷിപ്പിൽ ചാംപ്യനെ കാത്തിരിക്കുന്നത് രണ്ടര ദശലക്ഷം സൗദി റിയാൽ. സൗദി മാസ്റ്റേഴ്‌സ് സ്‌നൂക്കർ ചാംപ്യൻഷിപ്പിനുള്ള സമ്മാനങ്ങളുടെ വിശദാംശങ്ങൾ സൗദി ബില്ല്യാർഡ്‌സ് ആൻഡ് സ്‌നൂക്കർ ഫെഡറേഷൻ വെളിപ്പെടുത്തി. സമ്മാനത്തുകയുടെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ചാംപ്യൻഷിപ്പുകളിൽ ഒന്നാണിത്. രാജ്യത്തും ലോകത്തും സ്‌നൂക്കർ കായികരംഗത്ത് മുന്നേറാനുള്ള രാജ്യത്തിന്റെ അഭിലാഷങ്ങളെയാണിത് കാണിക്കുന്നത്.
ലോകത്തെ മികച്ച 144 സ്‌നൂക്കർ താരങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റ് ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 7 വരെ റിയാദിലെ ഗ്രീൻ ഹാളിലാണ് നടക്കുക. സൗദി ബില്ല്യാർഡ്‌സ് ആൻഡ് സ്‌നൂക്കർ ഫെഡറേഷനുമായി സഹകരിച്ച് സൗദി സ്‌പോർട്‌സ് മന്ത്രാലയമാണ് ഇത് സംഘടിപ്പിക്കുന്നത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ മേഖലയിൽ സ്‌നൂക്കർ, ബില്യാർഡ്‌സ് കായിക വിനോദങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്.
ലോക റാങ്കിങിൽ കണക്കാക്കുന്ന ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൂർണമെന്റിൽ ഒരു പിഴവും കൂടാതെ തുടർച്ചയായ ഷോട്ടുകളിൽ എല്ലാ പന്തുകളും സ്കോർ ചെയ്യുന്ന കളിക്കാരന് 239,000 റിയാൽ സമ്മാനം നൽകും. യോഗ്യതാ ഘട്ടങ്ങളിൽ രണ്ട് തവണ ഒരു പിഴവും കൂടാതെ തുടർച്ചയായ ഷോട്ടുകളിൽ എല്ലാ ബോളുകളും സ്കോർ ചെയ്യാൻ ഏതെങ്കിലും കളിക്കാരന് കഴിയുന്നുണ്ടെങ്കിൽ 702,660 റിയാൽ അധിക സമ്മാനം നേടാനുള്ള അവസരവും നൽകും.
സൗദി മാസ്റ്റേഴ്‌സ് സ്‌നൂക്കർ ചാംപ്യൻഷിപ്പ് നൽകുന്ന സമ്മാനങ്ങളുടെ വിശദാംശങ്ങൾ: വിജയി: 2,395,000 സൗദി റിയാൽ. ആകെ സമ്മാനങ്ങൾ: 11,030,000 സൗദി റിയാൽ എന്നിങ്ങനെയാണ്. ഈ വലിയ സമ്മാനങ്ങൾ ലോകമെമ്പാടുമുള്ള സ്‌നൂക്കർ കളിക്കാർക്ക് വലിയ പണം സമ്പാദിക്കാനും സീസണിന്റെ തുടക്കത്തിൽ പ്രധാനപ്പെട്ട റാങ്കിങ് പോയിന്റുകൾ ശേഖരിക്കാനുമുള്ള അവസരം നൽകുന്നു. 23 പ്രധാന ചാംപ്യൻഷിപ്പുകളിലെ വിജയിയായ ഓസ്‌ട്രേലിയൻ താരം നീൽ റോബർട്ട്‌സൺ, 2023/2024 സീസണിൽ തിളക്കം വീണ്ടെടുക്കാൻ നോക്കുകയാണ്.