അവാർഡ് വിവരം ആൻ ആമി അറിഞ്ഞില്ല; ഗായികയുടെ പുരസ്കാര നേട്ടത്തിൽ അഭിമാനത്തോടെ പ്രവാസ ലോകം
Mail This Article
ദുബായ്∙ പ്രവാസി മലയാളികൾക്ക് അഭിമാനമായി ഇപ്രാവശ്യത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ ആൻ ആമി. അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അദ്ഭുത വിളക്കും എന്ന സിനിമയിൽ ആൻ ആമി പാടിയ ‘തിങ്കൾ പൂവേ’ എന്ന ഗാനമാണ് അവാർഡിന് അർഹയാക്കിയത്. ഈ ഗാനം നേരത്തെ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിരുന്നു.
ദുബായിൽ ജനിച്ചു വളർന്ന ആൻ ആമി സ്വന്തം പ്രയത്നത്തിലൂടെ മലയാളികളുടെ പ്രിയ ഗായികയായി വളരുകയായിരുന്നു. ഒടുവിൽ മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡും സ്വന്തമാക്കിയിരിക്കുന്നു. എന്നാൽ, സൗദിയിലെ റിയാദിൽ ഒരു സംഗീത പരിപാടിക്ക് എത്തിയിട്ടുള്ള ആൻ ഇതുവരെ തനിക്ക് പുരസ്കാരം ലഭിച്ച വിവരം അറിഞ്ഞിട്ടില്ലെന്ന് പിതാവ്, ദുബായിൽ ട്രാവൽസ് മേഖലയിൽ പ്രവര്‍ത്തിക്കുന്ന ജോയ് തോമസ് മനോരമ ഓൺലൈനിനോട് പറഞ്ഞു.
പുരസ്കാരം ഒരിക്കലും ഞങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല. ഇന്നലെ രാത്രി ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം ആൻ വൈകിയാണ് ഉറങ്ങാൻ കിടന്നത്. അതുകൊണ്ടായിരിക്കാം അറിയാത്തതെന്നും അദ്ദേഹം പറഞ്ഞു. ചെറുപ്പത്തിലേ സംഗീതത്തോട് തത്പരയായിരുന്ന മകൾക്ക് അവളുടെ ഇഷ്ടം മനസിലാക്കിയുള്ള പ്രോത്സാഹനമാണ് നൽകിയത്. യുഎഇയിലെ സംഘടനകളടക്കമുള്ള മലയാളി സമൂഹം വലിയ പിന്തുണ അവൾക്ക് നൽകി. പിന്നീട് സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കേരളത്തിലേയ്ക്ക് മടങ്ങിയത് വഴിത്തിരിവായി. സംഗീത സംവിധായകരായ ഷാൻ റഹ്മാനും ഹിഷാം അബ്ദുൽ വഹാബും നൽകിയ പിന്തുണ മറക്കാനാവില്ലെന്നും ജോയ് തോമസ് പറഞ്ഞു
∙ ഏഴാം വയസിലെ തിരിച്ചറിവ്; പിന്നീടെല്ലാം സ്വപ്നംപോലെ..
ഏഴാം വയസ്സിൽ പാടാൻ കഴിവുണ്ടെന്ന് പപ്പ തിരിച്ചറിഞ്ഞതോടെയാണ് തന്‍റെ സംഗീതയാത്ര ആരംഭിക്കുന്നന്നതെന്ന് നേരത്തെ ആൻ ആമി പറഞ്ഞിരുന്നു. ഞാൻ പാട്ടുപഠിച്ചു തുടങ്ങുന്നതും ആദ്യമായി സ്റ്റേജിൽ പാടുന്നതും ഏറ്റവും കൂടുതൽ പാടിയിട്ടുള്ളതും ദുബായിൽ തന്നെ. ദുബായ് എന്നെ പാട്ടുകാരിയായി അംഗീകരിച്ചു. അടുത്തിടെ ഗോൾഡൻ വീസ നൽകി സർക്കാരും അംഗീകരിച്ചു.
റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് ചലച്ചിത്ര സംഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ യുവഗായികയാണ് ആൻ ആമി. ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ എന്ന ചിത്രത്തിൽ ഏത് മേഘമാരി എന്ന പാട്ടുപാടിക്കൊണ്ടാണ് ആൻ പിന്നണി ഗാനരംഗത്തേക്കു കടന്നുവന്നത്. 2019ൽ കൂടെ എന്ന ചിത്രത്തിലെ ആരാരോ എന്ന പാട്ടിന് ആ വർഷത്തെ ഫിലിംഫെയർ അവാർഡ് ലഭിച്ചു. അടുത്തവർഷം ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശനു ശബ്ദം നൽകി ഡബ്ബിങ് മേഖലയിലും ഹരിശ്രീ കുറിച്ചു. ദുൽഖർ സൽമാന്റെ ‘സീതാരാമം’ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പിൽ മൃണാൾ താക്കൂറിന് ശബ്ദം നൽകിയതും ആൻ ആമിയാണ്.
ഈ ഓണത്തിലെ ഏറ്റവും വലിയ ഹിറ്റായ ആർഡിഎക്സ് എന്ന ചിത്രത്തിൽ ഐമയ്ക്ക് വേണ്ടി ഡബ്ബ് ചെയ്തതും ആനാണ്. യുഎഇയിൽ ചിത്രീകരിച്ച ആയിരത്തൊന്നു നുണകളിൽ ഒരു ഗാനം ആലപിച്ചു. ഈ രണ്ട് ചിത്രങ്ങളിലും ഭാഗഭാക്കാകാൻ സാധിച്ചതിൽ ഏറെ സന്തോഷിക്കുന്നതായി ആൻ പറയുന്നു.
ഗായികയായി മാറും മുമ്പ് ബാങ്കിങ് മേഖലയിലും യാഹുവിലും ജോലി ചെയ്തിരുന്നു. ഇതിനിടെയാണ് ബാങ്കിങ് മേഖലയിലേക്ക് പ്രവേശിക്കുന്നത്. അതിന് ശേഷമാണ് കൂടെയിലെ ആരാരോ പാടുന്നത്. ഇതിനകം മുപ്പതോളം സിനിമകളിൽ പാടിക്കഴിഞ്ഞു. ദുബായിൽ ട്രാവൽസ് നടത്തുന്ന ജോയ് തോമസാണ് പിതാവ്. മാതാവ്: ബെറ്റി. സഹോദരൻ കെവിൻ കാനഡയിൽ ജോലി ചെയ്യുന്നു. കുടുംബം കഴിഞ്ഞ 40 വർഷമായി യുഎഇയിലാണ് താമസിക്കുന്നത്.