ADVERTISEMENT

ഭൂമിയിൽ മലയാളികൾക്കു വേണ്ടി മാത്രം പിറവിയെടുത്ത വികാരത്തിന്റെ പേരാണോ ഗൃഹാതുരത്വം? ഗൃഹാതുരത്വവും മലയാളികളും തമ്മിലുള്ള ബന്ധത്തിലെ അതിർ വരമ്പ് ഇനിയും കണ്ടെത്താത്തിടത്തോളം രണ്ടും ഒന്നാണെന്നു പറയേണ്ടി വരും. മലയാളത്തോടു മാത്രമല്ല മലയാളിയുടെ ഗൃഹാതുരത്വം, ഗൾഫിനോടുമുണ്ട്. കേരളത്തിൽ നിൽക്കുമ്പോൾ ഗൾഫും ഗൾഫിൽ നിൽക്കുമ്പോൾ കേരളവും മലയാളിക്ക് ‘മിസ്’ ചെയ്യും. അതുകൊണ്ട് തന്നെയാണ്, കേരളത്തിൽ മുട്ടിനു മുട്ടിനു ‘മന്തി’ക്കടകളും ദുബായിൽ മുട്ടിയുരുമ്മി മലയാളി ഹോട്ടലുകളും തലപൊക്കിയത്. കേരളത്തിലെ വീട്ടു മുറ്റത്തൊരു ഈന്തപ്പന വളർത്താൻ ആഗ്രഹിക്കുന്ന മലയാളി പ്രവാസി, ഗൾഫിലെ വീട്ടുമുറ്റത്ത് തെങ്ങിനിടമില്ലെങ്കിൽ ഒരു മുരിങ്ങയെങ്കിലും നട്ടിരിക്കും. 

മറ്റുള്ളവർക്കു പ്രവാസം പണിയെടുത്ത കാശുമായി മടങ്ങാനുള്ള താൽക്കാലിക ഇടമാണെങ്കിൽ മലയാളിക്ക് അവരുടെ ഇഷ്ടങ്ങൾ നട്ടുവളർത്തുന്ന രണ്ടാം വീടാണ്. ദുബായിൽ ഭേദപ്പെട്ട അറബിക് റസ്റ്ററന്റിൽ പോകണമെങ്കിൽ, ആദ്യം ഇന്റർനെറ്റിൽ തിരഞ്ഞ് അങ്ങനെയൊന്ന് കണ്ടുപിടിക്കണം, പിന്നെ, ഗൂഗിൾ മാപ്പിട്ട് കിലോമീറ്ററുകൾ താണ്ടണം. പക്ഷേ, ഉച്ചയ്ക്ക് നല്ലൊരു ഊണു കഴിക്കണമെങ്കിലോ, നേരെ മുന്നിൽ കാണുന്ന കടയിൽ കയറിയാൽ മതി. അത്രയ്ക്കു സുലഭമാണ് മലയാളി കടകൾ.  നാടൻ പുഴുക്കു മുതൽ, ആറന്മുള വള്ളസദ്യ വരെ. അപ്പവും സ്റ്റ്യുവും മുതൽ കുറ്റിച്ചിറ ബിരിയാണി വരെ. കുമ്പിളപ്പം മുതൽ മുട്ടസുർക്കയും മുട്ടമാലയും വരെ, രാവിലെ പഴങ്കഞ്ഞിയും രാത്രിയിൽ ചൂടു കഞ്ഞിയും. മലയാളത്തിന്റെ രുചി വൈവിധ്യങ്ങളെക്കുറിച്ചു ഗവേഷണം നടത്തുന്നവർ ധൈര്യമായി ദുബായിലേക്കു പോന്നോളു. 

മലയാളികൾക്കു കേരളവും നമ്മുടെ വിഭവങ്ങളും എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് അറിയണമെങ്കിൽ  കരാമയിലോ ഖിസൈസിലോ ഷാർജയിലോ ഒന്നു കറങ്ങിയാൽ മതി. നാടൻ വിഭവങ്ങൾ എന്നു മാത്രം പറഞ്ഞാൽ പോരാ അതിന്റെ എല്ലാ സാമ്പ്രദായിക ചേരുവകളും തനിമ ചോരാതെ ചേർത്തൊരുക്കിയ വിഭവങ്ങൾ എന്നു പറയുമ്പോഴേ അതു പൂർത്തിയാകു. ആവി പറക്കുന്ന പുട്ടിന് ഒപ്പം  ചെറുപയറും പപ്പടവും പഴവും. അതു പോരാത്തവർക്ക്   ഇറച്ചിക്കറിയും മുട്ടറോസ്റ്റും. ഇ‍‍ഡ്ഡലിക്ക് സാമ്പാറും ചമ്മന്തിയും, അപ്പത്തിനു സ്റ്റ്യു. മലയാളിയുടെ ‘ദേശീയ ഭക്ഷണ’മായ പൊറോട്ട തന്നെ രാവിലെ വേണമെങ്കിൽ അതും റെഡി. പൊറോട്ടയുടെ കൂടെ ബീഫ്,  മീൻ കറി, ചിക്കൻ കറി ഉൾപ്പെടെ വിഭവങ്ങളൊക്കെ രാവിലെ തയാർ. 

malayali-taste-in-gulf-2

പ്രഭാത ഭക്ഷണത്തിനൊപ്പം ഏത്തപ്പഴം പുഴുങ്ങിയതും പഴം പൊരിയും കിട്ടും. പഴം പൊരിയെന്നു പറഞ്ഞാൽ,  നാടൻ ഏത്തപ്പഴം നന്നായി പഴുത്തു പാകമായത് പൊരിച്ചെടുക്കുന്നത്.  ഇതു പോരെന്നു തോന്നിയാൽ ഉഴുന്നുവട, ഉന്നക്കായ, ഏലാഞ്ചി, ചട്ടിപ്പത്തരി, കട്‌ലറ്റ്, ഓംലറ്റ് തുടങ്ങിയ ഇടക്കടികളുമുണ്ട്. ഇപ്പോൾ ചൂടു കാലമായതിനാൽ, മലയാളിയുടെ ‘ജീവൻ ടോൺ’ എന്നറിയപ്പെടുന്ന പഴങ്കഞ്ഞിയും രംഗപ്രവേശം ചെയ്തിട്ടുണ്ട്. തലേദിവസത്തെ കഞ്ഞിയിൽ, തൈരും ചെറിയുള്ളിയും കാന്താരി മുളകും ചേർത്ത്, കുടംപുളിയിട്ടു വച്ച മീനിന്റെ ചാറും ചമ്മന്തിയും ഉണക്കമീൻ വറത്തതുമിട്ടൊരു പിടിപിടിക്കാം. 

ഉച്ചയാകുന്നതോടെ കല്യാണപ്പുരയുടെ മണമാണ് എവിടെയും. ഗംഭീര ബിരിയാണിയുടെ ദം പൊട്ടിക്കുന്ന മണം. അയലയും അയക്കൂറയും മാന്തളുമൊക്കെ പൊരിക്കുന്ന മണം. തേങ്ങ അരച്ച മീൻ കറിയും മുളകിട്ട മീൻ കറിയും അടുപ്പിൽ ആവി പൊന്തിക്കുന്ന സമയം. ബീഫ് കറിയിലേക്കു കറിവേപ്പില പതിക്കുമ്പോഴുള്ള സുഗന്ധം, അവിയലും തോരനും സാമ്പാറും ഒരുങ്ങുന്ന കലവറകൾ നമ്മുടെ തലച്ചോറിനെ രുചിയുടെ മത്തു പിടിപ്പിക്കും. നാട്ടിൽ ഓണത്തിനും കല്യാണത്തിനുമാണ് വാഴയില വെട്ടുന്നതെങ്കിൽ, ഇവിടെ അങ്ങനെയല്ല– തൂശനിലയിൽ മാത്രമേ നമ്മൾ ചോറുണ്ണൂ. എന്തിന്, ബിരിയാണി കഴിക്കണമെങ്കിലും വേണം വാഴയില. ഉച്ചയൂണെന്നു പറഞ്ഞാൽ, മിനി സദ്യയാണ്.  അവിയൽ, തോരൻ, മെഴുക്കുപുരട്ടി, പച്ചടി, അച്ചാർ, കായ വറുത്തത്, കൊണ്ടാട്ടം മുളക്, സാമ്പാർ, മീൻ കറി, കാച്ചിയ മോര്, പച്ചമോര്, രസം എന്നിവ സർവ സാധാരണം. കൂട്ടത്തിൽ മീൻ കറി, മീൻ പൊള്ളിച്ചത്, ബീഫ് ഫ്രൈ, ചിക്കൻ 65, തുടങ്ങിയ അകമ്പടി സേവകരും.

നമ്മുടെ ഭക്ഷണത്തിന്റെ പഴയ രുചിയും മണവുമൊക്കെ ഗൾഫിലെ ഈ കടകളിൽ എങ്ങനെ ലഭിക്കുന്നു എന്നു ചോദിച്ചാൽ ഒറ്റയുത്തരമേയുള്ളു – ഈ കറികളൊക്കെ വയ്ക്കുന്നത് ഇതിന്റെയൊക്കെ സ്വാദും ഗുണവും ആസ്വദിച്ച മലയാളികൾ തന്നെയാണ്. കേരളത്തിൽ ഇപ്പോൾ സദ്യ ഒരുക്കുന്നത് രണ്ടു ദിവസം മുൻപ് ഹെൽപർ തസ്തികയിൽ നിയമനം കിട്ടിയ മറുനാട്ടുകാരും ഗൾഫിൽ ചോറുണ്ടാക്കുന്നത് വർഷങ്ങളുടെ പ്രവൃത്തി പരിചയമുള്ള മലയാളിയുമാണ്. നന്നായി വച്ചുണ്ടാക്കാൻ അറിയാവുന്ന മലയാളികളെ ഗൾഫിലേക്കു കടത്തി കൊണ്ടു വരുന്നത് പ്രവാസി റസ്റ്ററന്റ് ഉടമകളുടെ  വീക്ക്നെസ്സാണ്. അതുകൊണ്ടെന്തുണ്ടായി–  അവിയലും സാമ്പാറുമൊക്കെ ഉണ്ടാക്കി പഠിക്കേണ്ട ഗതികേടിലാണ് കേരളത്തിലുള്ള ബംഗാളികളും ബിഹാറികളുമൊക്കെ. ദാൽ മഖ്നിയും ആലു പറാത്തയും കഴിച്ചവർ ഇപ്പോൾ പരിപ്പു കറിയിൽ എങ്ങനെ നെയ്യ് ഒഴിക്കണമെന്നു പഠിച്ചു കൊണ്ടിരിക്കുന്നു. അവർ തട്ടിക്കൂട്ടുന്ന ചോറും കറികളും കഴിച്ചിട്ടു സദ്യയ്ക്കൊന്നും പഴയ സ്വാദില്ലെന്നു പറയുന്ന മലയാളികളെ, നിങ്ങൾ ഒരിക്കലെങ്കിലും ഈ പ്രവാസ മണ്ണിൽ നിന്നുണ്ണണം. 

കരാമയിലെ വൈകുന്നേരങ്ങൾക്ക് ഒരു പ്രത്യേകതയുണ്ട്. കോഴിക്കോട് കടപ്പുറവും അങ്കമാലി ടൗണും കോട്ടയത്തെ നാലുമണിക്കാറ്റുമൊക്കെ നമ്മുടെ മുന്നിൽ നിൽക്കുന്നതു പോലെ തോന്നും. നിരത്തി വച്ച ഉപ്പിലിട്ട ഭരണികളിൽ മാങ്ങയും നെല്ലിക്കയും കാരറ്റും പച്ചമുളകും വെള്ളരിക്കയും അടക്കമുള്ള സകല അനുസാരികൾ. ഐസ് ഉരതിയിൽ നിന്നു പൊടിഞ്ഞു വീഴുന്ന ഐസ് തുണ്ടുകളെ നിറം പിടിപ്പിക്കുന്ന പലതരം ചാറുകൾ.  പാൽപായസത്തിനു മാത്രമൊരു കട. അവിടെ കിട്ടുന്ന ഐസ്ക്രീം പോലും പാൽപായസമാണ്. തട്ടുദോശ, ഓംലറ്റ്, കട്ടൻ കാപ്പി. ചൂടു കഞ്ഞിക്ക് കൂട്ടാൻ പയറും പപ്പടവും മീൻ കറിയും അച്ചാറും തൈരും. പോരാത്തതിനു ചേനയും കപ്പ പുഴുങ്ങിയതും. കപ്പ ബിരിയാണിയും നെയ് ചോറും രാത്രിയിലെ സൽക്കാര സദ്യയും. അവിടം കൊണ്ടും തീരുന്നില്ല നൊസ്റ്റാൾജിയ. 

ലോകത്തിന്റെ ഭക്ഷ്യ തലസ്ഥാനമെന്ന പദവി എന്തു കൊണ്ടും ദുബായിക്കു ചേരും. കാരണം, ലോകത്തിലെ 150ൽ അധികം രാജ്യങ്ങളുടെ റസ്റ്ററന്റുകൾ ഈ നഗരത്തിലുണ്ട്. ലോകം മുഴുവൻ സ‍ഞ്ചരിച്ച് ഭക്ഷണം ആസ്വദിക്കുന്നതിനു പകരം ദുബായിൽ മാത്രം സഞ്ചരിച്ചു ലോകത്തിന്റെ വിഭവ സമൃദ്ധി നേരിട്ടറിയാം. ഓരോ രാജ്യക്കാരും അവരുടെ പരമ്പരാഗത റസ്റ്ററന്റുകൾ ഈ മണ്ണിൽ  ആരംഭിച്ചു കഴിഞ്ഞു. അവരെല്ലാം വെറൈറ്റി പരീക്ഷിക്കാൻ  മലയാളി കടകൾ തേടിയെത്തുമെന്നതാണ്  ഏറ്റവും വലിയ കൗതുകം. നല്ല ചൂടുള്ള ‘അടിച്ച പൊറോട്ട’യ്ക്ക് വേണ്ടി കാത്തിരിക്കുന്ന, പൊറോട്ട രുചിയോടെ ബീഫ് കറിയിൽ ‘ഡിപ്പ്’ ചെയ്തു കഴിക്കുന്ന അറബികളെ നിങ്ങൾക്കു മറ്റെവിടെയും കാണാൻ കഴിയില്ല. മസാല ദോശ കത്തി ഉപയോഗിച്ചു കട്ട് ചെയ്തു ഫോർക്കിൽ കുത്തി ചമ്മന്തിയിൽ മുക്കി കഴിക്കുന്ന ജപ്പാൻകാരെയും  ഇവിടെ കാണാം. 

അതേ, ഭക്ഷണം കൊണ്ട് നമ്മൾ ഇവരെയെല്ലാം മലയാളികളാക്കി കഴിഞ്ഞു. ഏതു വലിയ അതിർവരമ്പുകളും രുചിയുടെ മുന്നിൽ അലിഞ്ഞില്ലാതാകുന്ന മാതൃകാ സ്ഥാനമാണിത്....

English Summary:

Malayali Taste in gulf

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com