സന്ദർശകർക്കുള്ള ഇൻഷുറൻസ് ഹമദ് മെഡിക്കൽ കോർപറേഷനിലും ഉപയോഗിക്കാം
Mail This Article
ദോഹ ∙ ഖത്തറിലെത്തുന്ന സന്ദർശകർക്കായി സർക്കാർ ഏർപ്പടുത്തിയ നിർബന്ധിത ഇൻഷുറൻസ് ഹമദ് മെഡിക്കൽ കോർപറേഷനിലും ഉപയോഗിക്കാമെന്ന് രാജ്യത്തെ പൊതുജനാരോഗ്യ സംവിധാനമായ ഹമദ് മെഡിക്കൽ കോർപറേഷൻ അധികൃതർ അറിയിച്ചു. ഹമദിന്റെ എമർജൻസി സേവങ്ങൾക്കായാണ് സന്ദർശകക്കായുള്ള ഇൻഷുറൻസ് പദ്ധതി ഉപയോഗപ്പെടുത്താൻ സാധിക്കുക. രാജ്യത്ത് വർധിച്ചുവരുന്ന സന്ദർശകരുടെ എണ്ണം പരിഗണിച്ചാണ് ഇത് നടപ്പിലാക്കുന്നതെന്നും ഹമദ് മെഡിക്കൽ കോർപറേഷന് അധികൃതർ വ്യക്തമാക്കി.
ഹമദ് മെഡിക്കലിൽ ചികിത്സയ്ക്കായി എത്തുന്നവർക്ക് ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നല്കാൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. ഈ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഒന്നര ലക്ഷം റിയാലിന്റെ കവറേജാണ് ഇവിടെ എത്തുന്ന സന്ദർശകർക്ക് നൽകുന്നത്. എന്നാൽ ഇൻഷുറൻസ് പദ്ധതിയിൽ മെഡിക്കൽ എമർജൻസി കവറേജ് ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ചികിത്സ തേടുന്നതിന് മുൻപ് സന്ദർശകർക്ക് ഹമദ് മെഡിക്കലിൽ ഉള്ള ഇൻഷുറൻസ് ഡെസ്‌കുമായി സംസാരിച്ച് ഇത് ഉറപ്പുവരുത്തണം.
ചികിത്സ നടത്തുകയും എന്നാൽ എമർജൻസി മെഡിക്കൽ കവറേജ് ഇൻഷുറൻസ് പദ്ധതിയിൽ ഇല്ലാതിരിക്കുകയോ ചികിത്സ തേടിയ രോഗം എമർജൻസി വിഭാഗത്തിൽ ഉൾപെടുന്നവയെല്ലെങ്കിലോ ചികിത്സയുടെ മുഴുവൻ ചെലവും രോഗി വഹിക്കേണ്ടിവരും. എമർജൻസി വിഭാഗത്തിൽ നേടുന്ന ചികിത്സ ചെലവ് മെഡിക്കൽ കവറേജിനെക്കാൾ കൂടുതൽ വരികയും, കൂടുതൽ വന്ന ചെലവ് സ്‌കീമിൽ ഉൾപെടുത്താൻ സാധ്യമാവാതെ വന്നാൽ അധികം വന്ന ചെലവ് രോഗിതന്നെ വഹിക്കേണ്ടി വരും. സ്‌കീമിൽ ഉൾപെടുത്താൻ സാധിക്കുമോ എന്നത് ഇൻഷുറൻസ് പദ്ധതിയുടെ വ്യവസ്ഥകൾ അനുസരിച്ച് ആയിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ഹമദ് മെഡിക്കൽ കോർപറേഷനുമായി ഇൻഷുറൻസ് കരാർ ഇല്ലാത്ത കമ്പനികളുടെ ഇൻഷുറൻസ് കാർഡുമാണ് ചികിത്സക്കായി എത്തുന്നതെങ്കിൽ ചികിത്സ ചെലവ് രോഗി വഹിക്കുകയും പിന്നീട് ഇൻഷുറൻസ് കമ്പനിയിൽ ബില്ലുകൾ ഹാജരാക്കി പണം നേടിയെടുക്കുകയും ചെയ്യാം. ഹമദ് മെഡിക്കലിന് നേരിട്ട് കരാറുള്ള ഇൻഷുറൻസ് കമ്പനിയാണെങ്കിൽ ചികിത്സ ചെലവ് രോഗി നൽകേണ്ടതില്ല. 2023 മുതലാണ് ഖത്തറിൽ എത്തുന്ന സന്ദർശകർക്കായി നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കിയത്. ഒരു മാസത്തേക്ക് 50 റിയൽ മുതലാണ് ഇതിനായി ഇൻഷുറൻസ് കമ്പനികൾ ഈടാക്കുന്നത്.