ADVERTISEMENT

ദുബായ് ∙ ജീവനക്കാരിയുടെ ശമ്പള കുടിശിക ക്രിപ്റ്റോ കറൻസിയിൽ നൽകാൻ ദുബായ് കോടതി സ്വകാര്യ കമ്പനിക്ക് ഉത്തരവ് നൽകി. ദിർഹത്തിലും ക്രിപ്റ്റോ കറൻസിയിലും ശമ്പളം നൽകുമെന്ന് ജീവനക്കാരിയുമായി ഉണ്ടാക്കിയ കരാർ നടപ്പാക്കാനാണ് കോടതി നിർദേശിച്ചത്. ശമ്പള കുടിശിക ലഭിക്കുന്നില്ലെന്നു പരാതിപ്പെട്ട് ജീവനക്കാരിയാണ് കോടതിയെ സമീപിച്ചത്. സാമ്പത്തിക കേസുകളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരാളുടെ ശമ്പള കുടിശിക ക്രിപ്റ്റോ കറൻസിയിൽ നൽകാൻ കോടതി ഉത്തരവിട്ടത്.

ശമ്പളം ദിർഹത്തിലും ഇക്കോവാട്ട് ടോക്കൺസ് എന്ന ക്രിപ്റ്റോ കറൻസിയിലും നൽകുമെന്നു ജീവനക്കാരിയുടെ തൊഴിൽ കരാറിലുണ്ട്. കഴിഞ്ഞ 6 മാസത്തെ ശമ്പളത്തിൽ 5250 ഇക്കോവാട്ട് ടോക്കൺ ആണ് കുടിശികയായത്. 

ഇതിനിടെ ജീവനക്കാരിയെ കമ്പനി പിരിച്ചു വിട്ടു. ക്രിപ്റ്റോ കറൻസിയിൽ നൽകുന്ന ശമ്പളത്തിന് നിയമസാധുതയുണ്ടെന്ന് കോടതി ഉത്തരവിൽ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക, നിയമരംഗത്ത് നിർണായക മാറ്റത്തിനു കോടതി ഉത്തരവ് കാരണമാകുമെന്നു സാമ്പത്തിക, നിയമ വിദഗ്ധർ പറഞ്ഞു. ശമ്പളം ജീവനക്കാരന്റെ മൗലിക അവകാശമാണെന്നും രാജ്യത്തെ സിവിൽ ട്രാൻസാക്‌ഷൻ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ അവകാശം സ്ഥാപിച്ചിരിക്കുന്നതെന്നും കോടതി പറഞ്ഞു. വേജ് പ്രൊട്ടക്‌ഷൻ സംവിധാനത്തിലൂടെയോ മറ്റ് അംഗീകൃത സംവിധാനത്തിലൂടെയോ ശമ്പളം നൽകുന്നതിൽ തടസ്സമില്ല.

സാമ്പത്തിക രംഗത്തെ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിനൊപ്പം പണവുമായി ബന്ധപ്പെട്ട സാങ്കേതികവൽക്കരണത്തെ അംഗീകരിക്കുന്നതുമാണ് കോടതി വിധി.  ക്രിപ്റ്റോ കറൻസിയും നിയമ സാധുതയുള്ള ശമ്പളമായി ഉത്തരവിലൂടെ കോടതി അംഗീകരിക്കുകയാണ്. രാജ്യത്ത് 3000 ക്രിപ്റ്റോ കമ്പനികളിൽ പതിനായിരക്കണക്കിന് പേർ ജോലി ചെയ്യുന്നുണ്ട്. അവർക്ക് വിധി ആത്മവിശ്വാസം പകരും. ആധുനിക സാമ്പത്തിക രീതികളെ കോടതികൾ അംഗീകരിക്കുന്നത് നിയമനടപടികൾ കൂടുതൽ ലളിതമാക്കുമെന്നും വിദഗ്ധർ പറയുന്നു. പരമ്പരാഗത രീതികളിൽ നിയമസംവിധാനം ഉറച്ചു നിന്നാൽ, പല മാറ്റങ്ങൾക്കു നിയമ പരിരക്ഷ ലഭിക്കാതെ പോകും. ഒരു രാജ്യത്തിന്റെ നിയമസംവിധാനം അതിന്റെ ഉത്തരവിലൂടെ ക്രിപ്റ്റോ കറൻസിക്ക് സാധുത നൽകുന്നതോടെ കൂടുതൽ കറൻസികൾക്ക്  സ്വീകാര്യത ലഭിക്കുമെന്നും അവർ പറഞ്ഞു.

English Summary:

Dubai Court orders company to pay employee's salary in cryptocurrency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com