ADVERTISEMENT

ദോഹ ∙ രാജ്യത്ത് ഗാര്‍ഹിക സോളാര്‍ പദ്ധതിയുമായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആൻഡ് വാട്ടര്‍  കോര്‍പ്പറേഷന്‍ (കഹ്റമാ). 'ഖത്തറിന്‍റെ സൂര്യൻ, സുസ്ഥിര ഭാവി' എന്ന ആപ്തവാക്യത്തോടെ കൂടിയാണ്  ബീ സോളാര്‍ എന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. പുനരുപയോഗ ഊര്‍ജ സ്രോതസുകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ബീ സോളാര്‍ പദ്ധതി നടപ്പിലാക്കുന്നത്. ഇതുവഴി വീടുകള്‍, ഫാക്ടറികള്‍, ഫാമുകള്‍, തുടങ്ങിയിടങ്ങളിലെല്ലാം സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. 

ഖത്തര്‍ ദേശീയ വിഷന്‍ 2030യുടെ ഭാഗമായാണ് പുനരുപയോഗ ഊര്‍ജത്തെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി ആവിഷ്കരിച്ചതെന്ന് കഹ്റമാ  അധികൃതർ വ്യക്തമാക്കി  ഇതുവഴി കാര്‍ബണ്‍ വാതകങ്ങള്‍ പുറന്തള്ളുന്നത് ഗണ്യമായി കുറയ്ക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനും കഴിയും.

ഉപഭോക്താക്കളെ അവരുടെ വീടുകൾ, ഫാമുകൾ, കന്നുകാലി ഫാമുകൾ, ഫാക്ടറികൾ, തുടങ്ങിയ ഇടങ്ങളിലെല്ലാം സൗരോർജ്ജ സംവിധാനങ്ങൾ സ്ഥാപിക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു ഡിസ്ട്രിബ്യൂട്ടഡ് സോളാർ എനർജി പോളിസിയും നെറ്റ് ബില്ലിംഗ് പ്രോഗ്രാമും വികസിപ്പിച്ചെടുതാതായും അധികൃതർ പറഞ്ഞു. നെറ്റ് ബില്ലിങ് പ്രോഗ്രാം ഉപഭോക്താക്കൾക്ക് സാമ്പത്തിക നേട്ടങ്ങൾ നൽകും. സോളാർ പാനലുകളിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുമ്പോൾ, അത് ഉപഭോക്താവിന്‍റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ആദ്യം ഉപയോഗിക്കുകയും മിച്ചമുള്ളത് ഗ്രിഡിലേക്ക് അയയ്ക്കുകയും ചെയ്യും. ഗ്രിഡിലേക്ക് അയച്ച മിച്ച വൈദ്യുതിയുടെ അളവ് കണക്കാക്കി അടുത്ത ബില്ലിൽ നിന്ന് മിച്ച വൈദ്യുതിയുടെ മൂല്യം കുറയ്ക്കുകയും അതുവഴി ഉപഭോക്താക്കൾക്കുള്ള ഭാവി ബില്ലുകൾ കുറയ്ക്കുകയും ചെയ്യുമെന്നും കഹ്‌റമാ അധികൃതർ വ്യക്തമാക്കി .കേരളത്തില്‍ നടപ്പാക്കി വരുന്ന ഓണ്‍ ഗ്രിഡ് സോളാര്‍ പദ്ധതിക്ക് സമാനമായാണ് ഇത്.

നിലവില്‍ ഖത്തറില്‍ വന്‍കിട സോളാര്‍ പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.10 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയിലുള്ള അല്‍കര്‍സാ  പോലുള്ള വിപുലമായ പദ്ധതികളാണിത്. നിലവില്‍ ഖത്തറിലെ ഊര്‍ജ ഉല്‍പാദനത്തില്‍ 5 ശതമാനമാണ് പുനരുപയോഗ സ്രോതസുകളില്‍ നിന്നുള്ളത്. ഇത് 18 ശതമാനമായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ബീ സോളാര്‍ പദ്ധതിയില്‍ ഭാഗമാകാന്‍ ആഗ്രഹിക്കുന്നവര്‍ കഹ്റമായുടെ അംഗീകൃത കോണ്‍ട്രാക്ടര്‍മാരെ സമീപിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. കോണ്‍ട്രാക്ടര്‍മാര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികളും കഹ്റമാ തുടങ്ങിയിട്ടുണ്ട്. നിലവില്‍ വൈദ്യുതോത്പാദനത്തില്‍ സ്വയംപര്യാപ്തയുള്ള രാജ്യമാണ് ഖത്തര്‍. അധികമായി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ജിസിസി ഗ്രിഡിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്.

English Summary:

Qatar General Electricity and Water Corporation with Domestic Bee Solar Project

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com