ADVERTISEMENT

തൃശൂർ ∙ നാടിനെ ഏകീകരിക്കാൻ സാഹിത്യത്തിനും കലയ്ക്കും കഴിയുമെന്നും രാജ്യത്തെ സാമ്പത്തികമായി മുന്നോട്ടു നയിക്കുന്നതിൽ പ്രവാസികളുടെ പങ്കു വലുതാണെന്നും ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. ബഹ്റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ നടത്തിയ ‘ഹാർമണി’ ബഹ്റൈൻ മലയാളി പ്രവാസി കുടുംബസംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

പ്രായത്തിൽ നിന്നും ജരാനരകളിൽ നിന്നും ഒളിച്ചോടാൻ ആർക്കും കഴിയില്ലെന്നും തനിക്ക് 95 വയസ്സായെങ്കിലും പ്രസംഗിച്ചും എഴുതിയും മുന്നോട്ടു പോകാൻ കഴിയുന്നുണ്ടെന്നും സാഹിത്യകാരൻ ടി. പത്മനാഭൻ പറഞ്ഞു. വയനാട്ടിലെ ദുരിതത്തിനു പരിഹാരം കാണാൻ കേന്ദ്ര സർക്കാരിൽ നിന്ന് ഇപ്പോഴാണു സഹായം കിട്ടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി റോഷി അഗസ്റ്റിൻ സംഗമം ഉദ്ഘാടനം ചെയ്തു. 

വയനാട് ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള പ്രവാസികളുടെ ധനസഹായം മന്ത്രി കെ. രാജനു ചടങ്ങിൽ കൈമാറി. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള അധ്യക്ഷനായി. എൻ.കെ. പ്രേമചന്ദ്രൻ എംപി, രമ്യ ഹരിദാസ്, ബെന്യാമിൻ, ജനറൽ കൺവീനർ ജോസ് പുതുക്കാടൻ, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, അബിൻ വർക്കി തുടങ്ങിയവർ പ്രസംഗിച്ചു. ബഹ്റൈനിലെ സംരംഭകരായ വി.ഡി. തങ്കച്ചൻ, എൻ.ബി. പ്രശാന്ത്, കോശി ഏബ്രഹാം, പി.കെ. രാജു, രാജൻ വാരിയർ എന്നിവർക്കു അവാർഡുകൾ സമ്മാനിച്ചു. 

വിവിധ മേഖലകളിൽ മികവു പുലർത്തിയ വർഗീസ് ജോർജ്, സമാജം വനിതാ വിഭാഗം അധ്യക്ഷ മോഹിനി തോമസ്, പി.വി. മോഹൻ, വസന്ത മോഹൻ, നികേത വിനോദ് എന്നിവരെ ആദരിച്ചു. സോമൻ ബേബി രചിച്ച ‘അനുഭവങ്ങളുടെ താഴ്‌വര’ എന്ന പുസ്തകം പ്രകാശനം ചെയ്തു. തുടർന്നു മജിഷ്യൻ സാമ്രാജിന്റെ മാജിക് ഷോയും നടന്നു. ബഹ്റൈൻ മലയാളി പ്രവാസി അസോസിയേഷന്റെ സഹകരണത്തോടെ നടത്തിയ സംഗമത്തിൽ എഴുനൂറോളം പേർ പങ്കെടുത്തു.

English Summary:

Bahrain Kerala Samajam organized Harmony Bahrain Malayali pravasi family meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com