ADVERTISEMENT

ദുബായ് ∙ പുതിയ അധ്യയന വർഷത്തേയ്ക്കുള്ള തയാറെടുപ്പുകൾ പൂർത്തിയായതായി യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. ഇൗ മാസം 26ന് വിദ്യാർഥികളെ സ്വാഗതം ചെയ്യാൻ പബ്ലിക് സ്കൂളുകൾ ഒരുക്കം പൂർത്തിയാക്കി. യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസുമായി സഹകരിച്ച് മന്ത്രാലയം സംഘടിപ്പിച്ച മാധ്യമ സമ്മേളനത്തിലാണ് പ്രഖ്യാപനം. അതേസമയം, യുഎഇയിലെ സ്വകാര്യ വിദ്യാലയങ്ങൾ വേനലവധിക്ക് ശേഷം ഇതേ ദിവസം തന്നെയാണ് തുറക്കുന്നത്.

മിക്ക സ്കൂളുകളും ഇതിനകം ബാക് ടു സ്കൂൾ ഒരുക്കങ്ങൾ പൂർത്തിയാക്കി. അധ്യാപകരും അധ്യാപകേതര ജീവനക്കാരും അവധിക്ക് ശേഷം നാട്ടിൽ നിന്ന് തിരിച്ചെത്തിക്കഴിഞ്ഞു. പല സ്കൂളുകളിലും ഇവർ ജോലി ആരംഭിക്കുകയും ചെയ്തു. സ്കൂൾ അന്തരീക്ഷം മെച്ചപ്പെടുത്തുക, അധ്യാപകരുടെ വൈദഗ്ധ്യം വർധിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കഴിഞ്ഞ അധ്യയന വർഷം അവസാനിക്കുന്നതിന് മുൻപ് മന്ത്രാലയം സജീവമായ പദ്ധതികൾ ആവിഷ്കരിച്ചിരുന്നു. പുതിയ അധ്യയന വർഷത്തിന് മുൻപ് തന്നെ എല്ലാ തയാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതികൾ വികസിപ്പിച്ചത്. 

∙ മൂല്യനിർണയങ്ങളിൽ സമഗ്രമായ മാറ്റങ്ങൾ
യുഎഇയിലെ എല്ലാ വിദ്യാഭ്യാസ തലങ്ങളിലുമുള്ള വിദ്യാർഥി മൂല്യനിർണയ നയങ്ങളിലെ സമഗ്രമായ മാറ്റങ്ങൾ വിദ്യാഭ്യാസ മന്ത്രി സാറാ അൽ അമിരി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ ഫലങ്ങളുടെ ഗുണനിലവാരം ഉയർത്താനും യുഎഇ നേതൃത്വത്തിന്റെ അഭിലാഷങ്ങളുമായി പൊരുത്തപ്പെടാനും പഠനങ്ങൾ അടിസ്ഥാനമാക്കിയുള്ള കണ്ടെത്തലുകൾ ലക്ഷ്യമിടുന്നു.  സൈക്കിൾ 2 വിദ്യാർഥികൾക്കുള്ള കേന്ദ്ര പരീക്ഷയ്ക്ക് പകരം വിദ്യാഭ്യാസ മന്ത്രാലയം പ്രൊജക്ട് അടിസ്ഥാനമാക്കിയുള്ള വിലയിരുത്തൽ നടത്തുമെന്ന് മന്ത്രാലയം വ്യക്തമാക്കി. 'വിദ്യാർഥിയിൽ നിന്ന് നേതാവിലേയ്ക്ക്' എന്ന ദേശീയ ബാക്-ടു-സ്കൂൾ ക്യാംപെയിൻ വിദ്യാഭ്യാസ സമ്പ്രദായം, അധ്യാപകർ, മാതാപിതാക്കൾ, വിദ്യാർഥികൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

വാർത്താ സമ്മേളനം. ചിത്രത്തിന് കടപ്പാട്: വാം
വാർത്താ സമ്മേളനം. ചിത്രത്തിന് കടപ്പാട്: വാം

∙ 12 പുതിയ സ്കൂളുകൾ തുറക്കും
ഈ അധ്യയന വർഷം 12 പുതിയ സ്കൂളുകള്‍ തുറക്കും. കൂടാതെ, അറ്റകുറ്റപ്പണികൾക്ക് ശേഷം 13 സ്കൂളുകളും വീണ്ടും തുറക്കും. ഇതുൾപ്പെടെ 25 സ്കൂളുകൾ തുറക്കുമെന്നും മന്ത്രാലയം അറിയിച്ചു.  വിദ്യാഭ്യാസ മന്ത്രാലയം 311 സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 10 ദശലക്ഷം പാഠപുസ്തകങ്ങൾ അച്ചടിക്കുകയും 37,06000 പുസ്തകങ്ങൾ ഡിജിറ്റൽ ഫോർമാറ്റുകളിലേയ്ക്ക് പരിവർത്തനം ചെയ്യുകയുമുണ്ടായി.

ഈ വർഷം 5,000-ലേറെ സ്കൂൾ ബസുകൾ ലഭ്യമാക്കി ഗതാഗത റൂട്ടുകൾ പുനക്രമീകരിച്ചു. വിദ്യാർഥികളുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനായി വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ ഫീൽഡ് സർവേയാണ് മന്ത്രാലയം നടത്തുന്നത്. വൈജ്ഞാനികവും സാംസ്കാരികവും സാമൂഹികവുമായ കഴിവുകൾ വർധിപ്പിക്കുന്നതിനായി പാഠ്യ, പാഠ്യേതര പദ്ധതികളുടെ സമഗ്രമായ ഒരു പട്ടിക രൂപകൽപന ചെയ്യുന്നുണ്ട്. സ്പോർട്സ്, ശാസ്ത്ര, സാംസ്കാരിക പ്രവർത്തനങ്ങൾക്കായി കൂടുതൽ സ്കൂളുകളും പ്രത്യേക പ്രാദേശിക പങ്കാളികളും ഉൾപ്പെടുത്തുന്നതിനായി ഫ്രീജ്ന സ്കൂൾ പദ്ധതി വിപുലീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

∙ വിദ്യാർഥികൾക്ക് ദന്തപരിചരണവുമായി ഡിഎച്എ
ഏതാനും ദിവസങ്ങൾക്കുള്ളിൽ വിദ്യാർഥികൾ ക്ലാസ് മുറികളിലേയ്ക്ക് മടങ്ങാൻ തയാറെടുക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ ദന്താരോഗ്യം ലക്ഷ്യമാക്കിയുള്ള ക്യാംപെയിൻ ദുബായ് ആരോഗ്യവിഭാഗം (ഡിഎച്ച്എ) ആരംഭിച്ചു. പുതിയ അധ്യയന വർഷത്തിലേയ്ക്ക് വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നതിനുള്ള തയാറെടുപ്പുകളുടെ ഭാഗമായി പല്ല് പരിശോധന, പ്രതിരോധ ക്യാംപെയിനുകൾ, ബോധവൽക്കരണ പരിപാടികൾ എന്നിവ ക്ലിനിക്കുകളുമായി സഹകരിച്ച് നടത്തുന്നു.

കൂടാതെ, ദുബായിലെ സ്കൂൾ വിദ്യാർഥികൾക്കായി സ്ക്രീനിങ്ങുകളും നടത്തുന്നു. പ്രിവന്റീവ് സ്‌ക്രീനിങ്ങിലൂടെ സ്‌കൂൾ വിദ്യാർഥികളുടെ ദന്താരോഗ്യം സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള ഒട്ടേറെ സംരംഭങ്ങളും പരിപാടികളും പങ്കാളിത്തത്തിൽ ഉൾക്കൊള്ളുന്നുവെന്ന് ഡിഎച്ച്എ ഡയറക്ടർ ജനറലിൻ്റെ ഉപദേശകനും പബ്ലിക് ഹെൽത്ത് പ്രൊട്ടക്ൻ ഷൻ ഡിപാർട്ട്‌മെന്റ് ആക്ടിങ് ഡയറക്ടറുമായ ഡോ.റമദാൻ അൽ ബലൂഷി പറഞ്ഞു.

English Summary:

Back to School: Ministry of Education Confirms Full Readiness for New Academic Year in UAE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com