വിമാനയാത്രക്കാരുടെ എണ്ണത്തിൽ കുതിച്ച് യുഎഇ; 6 മാസത്തിനിടെ 4.99 ലക്ഷം വിമാന സർവീസുകൾ
Mail This Article
അബുദാബി ∙ രാജ്യത്തെ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ 14.2% വർധന. ആദ്യ 6 മാസത്തിൽ 7.17 കോടി പേരാണ് വിമാനത്താവളങ്ങൾ വഴി കടന്നു പോയത്. അറൈവലിൽ 2.02 കോടിയും ഡിപ്പാർച്ചറിൽ 2.10 കോടി പേരും മറ്റു രാജ്യങ്ങളിലേക്കുള്ള ട്രാൻസിറ്റിൽ 3.03 കോടി യാത്രക്കാരുമാണ് എത്തിയത്.
എയർ കാർഗോ വഴി 21.62 ലക്ഷം ടൺ സാധനങ്ങൾ കൈകാര്യം ചെയ്തു. ഇതിൽ 5.28 ലക്ഷം ടൺ ഇറക്കുമതിയും 2.45 ടൺ സാധനങ്ങൾ കയറ്റുമതിയും 13.89 ലക്ഷം ടൺ സാധനങ്ങൾ മറ്റു രാജ്യങ്ങളിലേക്കുള്ള ട്രാൻസിറ്റും ആയിരുന്നു. ദേശീയ വിമാന കമ്പനികളാണ് എയർ കാർഗോയിൽ 68 ശതമാനവും കൈകാര്യം ചെയ്തത്.
മൊത്തം 4.99 ലക്ഷം വിമാന സർവീസുകളാണ് 6 മാസത്തിനിടെ നടന്നത്. ഫെബ്രുവരിയിലാണ് ഏറ്റവും കൂടുതൽ സർവീസുകൾ നടന്നത്. 15% വളർച്ച ഫെബ്രുവരിയിലുണ്ടായതായി സിവിൽ ഏവിയേഷൻ അതോറിറ്റി ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അൽ സുവെയ്ദി പറഞ്ഞു.