മൂല്യനിർണയത്തിന് പുതിയ സംവിധാനവുമായി വിദ്യാഭ്യാസ വകുപ്പ്; പഠിച്ചത് അളക്കാൻ പരീക്ഷയില്ല
Mail This Article
ദുബായ് ∙ സ്കൂളിൽ പരീക്ഷയ്ക്കു പകരം കുട്ടികളുടെ പ്രായോഗിക കഴിവുകൾ പരിശോധിക്കുന്ന പുതിയ സംവിധാനത്തിനു തുടക്കമിടാൻ വിദ്യാഭ്യാസ വകുപ്പ്. മധ്യവേനൽ അവധിക്കു ശേഷം തുറക്കുന്ന രണ്ടാം ടേം മുതൽ പൊതുവിദ്യാലയങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുക.
5 മുതൽ 8 വരെ ക്ലാസുകളെ കുട്ടികൾ എന്തു മാത്രം പഠിച്ചു എന്നത് പരീക്ഷയിലൂടെ അറിയുന്നതിനു പകരം പ്രായോഗികമായി മനസിലാക്കുന്നതാണ് രീതി. പാഠങ്ങൾ അടിസ്ഥാനമാക്കിയുള്ള പ്രോജക്ടുകളിലൂടെയാകും മൂല്യനിർണയം നടത്തുകയെന്ന് വിദ്യാഭ്യാസ സഹമന്ത്രി സാറാ അൽ അമീരി പറഞ്ഞു. പാഠപുസ്തകങ്ങളിൽ നിന്നു ലഭിച്ച അറിവ് പ്രയോഗിക്കുകയാണ് ഇവിടെ.
പരീക്ഷ എഴുതുന്നതിനേക്കാൾ പഠിച്ച കാര്യങ്ങൾ പ്രായോഗിക തലത്തിൽ പ്രകടിപ്പിക്കുമ്പോൾ അവരുടെ കഴിവുകൾ കൂടുതൽ വികസിക്കുമെന്നും മന്ത്രി പറഞ്ഞു. ഇത് ഒറ്റയടിക്കു വരുത്തുന്ന മാറ്റമല്ല, ക്രമേണ കൊണ്ടുവരുന്ന പരിഷ്കാരമാണ്. കുട്ടികൾ പഠിച്ചതിന്റെ സമഗ്രമായ വിലയിരുത്തലല്ല പരീക്ഷകളിൽ നടക്കുന്നത്. അതുകൊണ്ടാണ് പ്രായോഗിക പരീക്ഷണത്തിനു തയാറെടുക്കുന്നത്. വിദ്യാർഥികളുടെ പ്രോജക്ടുകൾ ഏതു രീതിയിലാണ് മൂല്യനിർണയം നടത്തുന്നതെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല.
∙ 5,000 സ്കൂൾ ബസുകൾ സജ്ജം
12 പുതിയത് ഉൾപ്പെടെ ഈ വർഷം 25 സ്കൂളുകൾ കൂടി തുറക്കുമെന്നും മന്ത്രി പറഞ്ഞു. അറ്റകുറ്റപ്പണിക്കായി അടച്ചിരുന്ന 13 സ്കൂളുകൾ കൂടി ചേർത്താണിത്. കുട്ടികളുടെ യാത്രയ്ക്കായി രാജ്യത്ത് 5000 സ്കൂൾ ബസുകൾ സജ്ജമാണ്. വെൽക്കം ബാക്ക് കിറ്റുകളുമായാണ് സ്കൂളുകൾ കുട്ടികളെ വരവേൽക്കുക. രക്ഷിതാക്കൾക്ക് പ്രത്യേക ബോധവർകരണ ക്ലാസുകൾ ഓൺലൈൻ വഴി നൽകിത്തുടങ്ങി.
∙ പരസ്പരം സഹകരിച്ച് സ്കൂളുകൾ
ആദ്യ ദിവസത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ സ്കൂൾ തുടങ്ങുന്ന സമയത്തിൽ വിവിധ സ്കൂളുകൾ പരസ്പരം സഹകരിച്ചു മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഒരു പ്രദേശത്തെ വിവിധ സ്കൂളുകൾ വ്യത്യസ്ത സമയങ്ങളിലാകും ആദ്യ ദിവസം തുടങ്ങുക. എല്ലാവരും കൂടി ഒരേസമയം എത്തുമ്പോഴുണ്ടാകുന്ന ഗതാഗതക്കുരുക്കും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാനാണിത്. ഏകദേശം 20,000 കുട്ടികൾ സ്വകാര്യ മേഖലയിൽ നിന്നു പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കു മാറി. 2.8 ലക്ഷം കുട്ടികളാണ് സർക്കാർ സ്കൂളുകളിലേക്ക് തിരികെ എത്തുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.