ലുലു പകർത്തും, പാൽപുഞ്ചിരികൾ: 'ഇതിലും സുന്ദരമായ കരിയർ എന്തുണ്ട്’ ന്യൂബോൺ ഫോട്ടോഷൂട്ട് മേഖലയിൽ ചുവടുറപ്പിച്ച് മഞ്ചേരിക്കാരി
Mail This Article
മലപ്പുറം ∙ ഖത്തർ ഫുട്ബോൾ ലോകകപ്പിൽ ഫിഫയുടെ ഐടി കമാൻഡ് സെന്റർ റിസോഴ്സ് പഴ്സണായി പ്രവർത്തിക്കുകയായിരുന്നു മഞ്ചേരിക്കാരിയായ എൻജിനീയർ ലുലു അഹ്സന. ഫൊട്ടോഗ്രഫി ഹോബിയാക്കിയിരുന്ന ലുലു എടുത്ത ചിത്രങ്ങൾ കണ്ട സഹപ്രവർത്തക ഷിൽക്ക അവരുടെ മെറ്റേണിറ്റി ഷൂട്ട് ചെയ്തുകൊടുക്കാമോയെന്ന് ചോദിച്ചു. ചുമ്മാ ചെയ്തുകൊടുത്തു. പക്ഷേ, പ്രസവം കഴിഞ്ഞയുടൻ ഷിൽക്ക വീണ്ടും വിളിച്ചു. കുഞ്ഞിന്റെ പടം എടുത്തുകൊടുക്കാമോയെന്നാണ്.
ന്യൂബോൺ ഫോട്ടോഷൂട്ട് കുട്ടിക്കളിയല്ലെന്നു പറഞ്ഞ് ലുലു ആദ്യം ഒഴിഞ്ഞു മാറാൻ നോക്കി. പിന്നീട് വെല്ലുവിളിയായി എടുത്തു. ചില ഒരുക്കങ്ങളും നടത്തി. 12 ദിവസം പ്രായമായ ആ കുഞ്ഞിന്റെ പടമെടുത്തു കൊടുത്തപ്പോൾ കുടുംബം ഹാപ്പി. സമൂഹ മാധ്യമങ്ങളിലിട്ടത് ക്ലിക്കായി. അന്വേഷണവുമായി കൂടുതൽ പേരെത്തി. എൻജിനീയറിങ് കരിയറിൽ മുന്നേറാനൊരുങ്ങിയ ലുലു അതോടെ തീരുമാനം മാറ്റി. തന്റെ പാഷനായ ഫൊട്ടോഗ്രഫിയാണ് ഇനി കരിയറെന്നുറപ്പിച്ചു. ന്യൂബോൺ, ബേബി ഷൂട്ടുകൾ സ്പെഷലൈസ്ഡ് മേഖലയും. എംടെക് ബിരുദധാരിയായ ലുലു ഇന്ന് ഖത്തറിലെ തിരക്കുള്ള ന്യൂബോൺ–ബേബി ഫൊട്ടോഗ്രാഫറാണ്. ഒന്നര വർഷത്തിനിടെ അവിടെയും നാട്ടിലുമായി 125 ഫോട്ടോ ഷൂട്ടുകളാണ് അവർ ചെയ്തത്. അതിൽ 100 എണ്ണവും ന്യൂബോൺ. മലയാളികളുടേത് മാത്രമല്ല ഖത്തർ സ്വദേശികളുടെ കുഞ്ഞുങ്ങളുടെ വരെ പടങ്ങളെടുത്തു. നാട്ടിൽ നിന്നും ചില ഷൂട്ടുകൾ കിട്ടി. ഒറ്റ പ്രസവത്തിൽ ജനിച്ച 3 കുട്ടികൾ, 5 ഇരട്ടകൾ എന്നിവരുടേതടക്കമുള്ള പടങ്ങളും എടുത്തിട്ടുണ്ട്.
∙ ജി.എസ്.പ്രദീപിനെ ഞെട്ടിച്ച വിഡിയോഗ്രഫർ
മർച്ചന്റ് നേവിയിലായിരുന്ന പിതാവ് ഒരിക്കൽ അവധിക്കെത്തിയപ്പോൾ കുട്ടിയായിരുന്ന ലുലുവിന് കൊടുത്തത് സോണിയുടെ ഡിജിറ്റൽ ക്യാമറയായിരുന്നു. അങ്ങനെയാണ് തുടക്കം. പിന്നീട് ഡിജിറ്റൽ വിഡിയോ ക്യാമറയും കൈകാര്യം ചെയ്തു തുടങ്ങി. മഞ്ചേരി എച്ച്എംവൈഎച്ച്എസ്എസിൽ പ്ലസ് വൺ പഠനകാലത്ത് ജി.എസ്.പ്രദീപ് അശ്വമേധം പരിപാടിയ്ക്കായി വി.പി.ഹാളിൽ വന്നിരുന്നു. 2003ൽ ആണ്. അന്ന് അദ്ദേഹത്തെ ഇന്റർവ്യൂ ചെയ്യാൻ സ്കൂളിൽ നിന്നു പോയപ്പോൾ ഫോട്ടോഗ്രാഫറും വിഡിയോ ഗ്രാഫറും ലുലു ആയിരുന്നു. മഞ്ചേരിയെക്കുറിച്ച് മറക്കാനാകാത്ത ഓർമയെന്താണെന്നു ചോദിച്ചപ്പോൾ ‘വിഡിയോ ക്യാമറ വിദഗ്ധമായി കൈകാര്യം ചെയ്യുന്ന ഒരു പെൺകുട്ടിയെ ആദ്യമായി കണ്ടത് മഞ്ചേരിയിൽ വച്ചാണ്’ എന്നായിരുന്നു ലുലുവിനെ ചൂണ്ടി അദ്ദേഹത്തിന്റെ മറുപടി. അതിന്നും അഭിമാനം തുളുമ്പുന്ന നിമിഷമാണെന്ന് ലുലു പറയുന്നു.
∙ രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റുകളിലേക്ക്
പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിങ് കോളജിൽ ഐടിയിൽ ബിടെക് രണ്ടാം വർഷ വിദ്യാർഥിയായിരിക്കേ തന്നെ വിവാഹം കഴിഞ്ഞു. 2008ൽ കോഴ്സ് പൂർത്തിയാക്കിയ ശേഷം നേരെ ഖത്തറിൽ ട്രാഫിക് എൻജിനീയറായ ഭർത്താവ് യാസിർ മുഹിയുദ്ദീനടുത്തേക്ക്. 10 വർഷം വീട്ടമ്മയായി തുടർന്നപ്പോഴും ഫൊട്ടോഗ്രഫി കൂട്ടായി. 4 മക്കളായ ശേഷമാണ് വീണ്ടും കരിയറിനെക്കുറിച്ച് ആലോചിച്ചത്. ഭർത്താവിന്റെ പൂർണ പിന്തുണ. ചില പാർട്ട് ടൈം ജോലികൾക്കു ശേഷം ഖത്തറിലെ ഒരു ആശുപത്രിയിൽ ഐടി വിഭാഗത്തിൽ കയറി. കോവിഡ് കാലമായപ്പോൾ അതു വിട്ടു. 2021ൽ ഖത്തറിൽ നടന്ന അറബ് കപ്പിനു വേണ്ടി ഐടി വിഭാഗത്തിലേക്ക്. ഇതിനിടെ പിലാനി ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെകനോളജി ആൻഡ് സയൻസിന്റെ (ബിറ്റ്സ്) ഓൺലൈൻ കോഴ്സ് വഴി എംടെക്കിനു ചേർന്നു. ആയിടയ്ക്കാണ് ലോകകപ്പിലേക്ക് ഫിഫയ്ക്കു വേണ്ടി ടെലികോം കമ്പനിയായ ‘ഉരീദു’ ഇന്റർവ്യു നടത്തുന്നുണ്ടെന്നറിഞ്ഞ് അപേക്ഷിച്ചത്. അങ്ങനെയാണ് അവസരം ലഭിച്ചതും കരിയറിൽ ട്വിസ്റ്റുണ്ടായതും.
∙ 'വിമൻ ഇൻ മോഷൻ'
നാട്ടിലെയും ഖത്തറിലെയും യാത്രകളിൽ പകർത്തിയ മനോഹരമായ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഇതുകണ്ട് ചെറിയ മോഡലിങ്, പ്രൊഡക്ട് ചിത്രങ്ങൾ എന്നിവ ഷൂട്ട് ചെയ്തുകൊടുക്കാറുമുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഖത്തർ ഫൊട്ടോഗ്രഫി സെന്റർ സംഘടിപ്പിച്ച 'വിമൻ ഇൻ മോഷൻ ' എന്ന എക്സിബിഷനിൽ ലുലുവിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചത് വലിയ അംഗീകാരവുമായി.
∙ ലക്ഷ്യം സ്വന്തം സ്റ്റുഡിയോ
കുടുംബത്തിന്റേതായ തിരക്കുകളും ഇടയ്ക്ക് പിതാവിന്റെ മരണം ഉണ്ടാക്കിയ വേദനയുമൊക്കെ മറികടന്നുകൊണ്ടാണ് ഒരേ സമയം എംടെക് കോഴ്സ് പൂർത്തിയാക്കിയതും അതോടൊപ്പം ഫോട്ടോഷൂട്ടുകൾക്ക് സമയം കണ്ടെത്തിയതും. സാമ്പത്തികമായി സ്വയം പര്യാപ്തയാകണം എന്ന ആഗ്രഹത്തിൽ നിന്ന് സ്വയം സംരംഭക തന്നെയായി മാറി. ലഭിച്ച പ്രതിഫത്തിൽ നിന്ന് കുറച്ചു നീക്കി വച്ച് പുതിയ ക്യാമറകളും മറ്റ് ഉപകരണങ്ങളും വാങ്ങും. ‘ഫോട്ടോസോൾഗ്രഫർ’ എന്ന ഇൻസ്റ്റഗ്രാം പേജിലും പടങ്ങളിടും. ലഭിക്കുന്ന ഫീഡ്ബാക്കുകൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തും. ഈ രംഗത്തെ രാജ്യാന്തര അപ്ഡേഷനുകളും കൃത്യമായി ശ്രദ്ധിക്കും. ഓരോ പടവും കൂടുതൽ ക്രിയേറ്റീവ് ആക്കാൻ ശ്രമിക്കും. 4 മക്കളെ വളർത്തിയ പരിചയം തന്നെയാണ് ഏത് കരയുന്ന കുഞ്ഞിനെയും ചിരിപ്പിക്കാനുള്ള ആയുധം. ഫോട്ടോഷൂട്ട് ഉൾപ്പടെ വിശാലമായ സൗകര്യങ്ങളുള്ളൊരു സ്റ്റുഡിയോ തുടങ്ങുകയും അതൊരു ബ്രാൻഡ് ആയി വളർത്തുകയുമാണ് ഇപ്പോൾ ലക്ഷ്യം. ഖത്തറിൽ അൽ സദ്ദിലാണ് കുടുംബം താമസിക്കുന്നത്. മക്കൾ : ആയിഷ, ഇസ്രാ, ഈസ, ആസ്യ.
∙ ന്യൂബോൺ ഫോട്ടോ ടിപ്സ്
∙ ന്യൂബോൺ ഷൂട്ട് കുഞ്ഞ് ജനിച്ച് 15 ദിവസത്തിനുള്ളിലാണെങ്കിൽ നല്ലത്.
∙ ആദ്യമേ ഫോട്ടോഗ്രാഫറെ വിളിച്ച് സംസാരിച്ച് വേണ്ട സൗകര്യങ്ങൾ ഒരുക്കാം.
∙ അപകടകരമായ പോസുകൾ കുഞ്ഞുങ്ങളെ വച്ച് ഉപയോഗിക്കാതിരിക്കാം.
∙ ഫ്ലാഷ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
∙ കുഞ്ഞ് നന്നായി ഉറങ്ങാൻ വേണ്ട സൗകര്യങ്ങൾ കൂടി ചെയ്താൽ കാര്യങ്ങൾ എളുപ്പമാകും.