അസം ബാലികയ്ക്ക് സഹായവുമായി പ്രവാസി മലയാളി
Mail This Article
ദുബായ് ∙ കഴക്കൂട്ടത്ത് നിന്ന് കാണാതായി പിന്നീട് വിശാഖപട്ടണത്ത് കണ്ടെത്തിയ അസം ബാലിക കേരളത്തിൽ മടങ്ങിയെത്തുമ്പോൾ കാത്തിരിക്കുന്നത് പ്രവാസി യുവസംരംഭകന്റെ സ്നേഹക്കരങ്ങൾ. പഠിച്ച് ജീവിതം കെട്ടിപ്പടുക്കണമെന്ന കുട്ടിയുടെ ആഗ്രഹത്തെക്കുറിച്ച് വായിച്ചറിഞ്ഞ ദുബായിലെ യുവ സംരംഭകൻ റിയാസ് കിൽട്ടൻ പഠനച്ചെലവുകൾ വഹിക്കാൻ തയാറാണെന്ന് മനോരമ ഒാൺലൈനിനെ അറിയിച്ചു. കുട്ടിക്ക് ഏതുവരെ പഠിക്കാൻ ആഗ്രഹമുണ്ടോ, അത്രയും ചെലവുകൾ താൻ വഹിക്കുമെന്ന് റിയാസ് വ്യക്തമാക്കി.
13 കാരിയായ പെൺകുട്ടിയുടെ സ്കൂൾ പഠനം പൂർത്തിയാക്കാനും അതിന് ശേഷം ഉപരി പഠനം നടത്താനുമുള്ള ചെലവാണ് റിയാസ് വഹിക്കുക. പ്രഫഷണൽ കോഴ്‌സുകൾ ഉൾപ്പെടെ കുട്ടിക്ക് താൽപര്യമുള്ള കോഴ്സിന് ചേരാമെന്നും പഠനം, താമസം എന്നിവയ്ക്കുള്ള തുക നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പഠിക്കാൻ ആഗ്രഹിക്കുന്ന ഒരു ബാലികയെ പിന്തുണയ്ക്കുമ്പോൾ ഒരു തലമുറയെ തന്നെയാണ് പിന്തുണക്കുന്നതെന്ന് റിയാസ് പറഞ്ഞു. ഇക്കാര്യം കുട്ടിയുടെ മാതാപിതാക്കളെ അറിയിക്കാനുള്ള വഴി തേടുകയാണ് അദ്ദേഹം. പൊന്നാനി സ്വദേശിയായ റിയാസ് സാമൂഹിക, ജീവകാരുണ്യ പ്രവർത്തകൻ കൂടിയാണ്.