അത്തം മുതല്‍ തിരുവോണം വരെ പ്രവാസത്തിലെ ഇത്തിരി വട്ടത്തില്‍ ഓണപൂക്കളം; പ്രവാസികളുടെ ഓണം ഫുൾ കളറാണ് ഭായ്!
Mail This Article
ദോഹ ∙ ജീവിതത്തിന്റെ പല ഏടുകളിലായി കണ്ണീരും കയ്പും നിറഞ്ഞ അനുഭവങ്ങള്‍ മായ്ച്ച് പുതിയ നിറങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ അന്യനാടുകളിലേക്കു കുടിയേറിയവരാണ് മലയാളികളായ പ്രവാസികളില്‍ പലരും. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ജീവിതത്തിന്റെയും കഷ്ടപ്പാടുകളുടെയും അകലങ്ങളുടെയും വില അക്ഷരാര്‍ഥത്തില്‍ അനുഭവിച്ചറിഞ്ഞവര്‍ പ്രവാസികള്‍ തന്നെയാണെന്ന് പറയാം. ചിലര്‍ക്ക് ജീവിതത്തോട് നിറങ്ങള്‍ കൂട്ടിത്തുന്നുവാനും മറ്റു ചിലര്‍ക്ക് കീറിയത് കൂട്ടിത്തുന്നുവാനുമുള്ള സൂചിയാണ് പ്രവാസ ജീവിതം.
അകലെയൊരു നാട്ടില്‍ ഉയിരു വെച്ചിട്ട് ഉടലു കൊണ്ടൊരു നാട്ടില്‍ പണിയെടുക്കുന്ന അനേകായിരം ജീവിതങ്ങളെ ഒറ്റവാക്കിലൊതുക്കുന്നതുമാണ് പ്രവാസം. ഓര്‍മകളുടെ മൈലാഞ്ചിത്തിളക്കവും പിറന്ന നാടിന്റെ മൊഞ്ചും നെഞ്ചിനുള്ളില്‍ തിങ്ങുമ്പോള് ഒരുമിച്ചുകൂടാനുള്ള എല്ലാ അവസരങ്ങളും പ്രവാസി മലയാളികള്‍ക്ക് ഓണമാണെന്നു തന്നെ പറയാം.
ഓണമായാലും ബക്രീദായാലും ജാതി മത രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഒത്തുചേര്‍ന്നുള്ള കേരളത്തിന്റെ പാരമ്പര്യ തനിമയില്‍ തന്നെയാണ് പ്രവാസത്തിലെ ഓരോ ആഘോഷവും. ഇത്തരം മതേതര കാഴ്ചകള്‍ തന്നെയാണ് പ്രവാസത്തിനെ മനോഹരമാക്കുന്നതും. മലയാളി ചന്ദ്രനിലാണെങ്കിലും തിരുവോണത്തിന്റെ അന്ന് വട്ടയില വെട്ടിയാണെങ്കിലും ഒരൂണ് വിളമ്പും എന്ന തമാശ കലര്‍ന്ന പരിഹാസങ്ങളെ അഭിമാനത്തോടെ ഏറ്റെടുക്കുന്നതും ഇതുകൊണ്ടു തന്നെയാണ്.
നാളികേരത്തിന്റെ നാട്ടിലല്ലെങ്കിലും പൂക്കളും പൂവിളിയുമായി ഒരുമിച്ചു ചേര്‍ന്ന് ഹൃദയങ്ങളില്‍ നിറഞ്ഞ സന്തോഷം പരസ്പരം പകര്‍ന്നു നല്‍കുന്നതാണ് ഖത്തറിലെ പ്രവാസികളുടെ ഓണാഘോഷവും. പ്രവാസികളുടെ ആഘോഷങ്ങളെ എന്നും നിറപ്പകിട്ടാക്കുന്നതും ഓര്‍മയില്‍ സൂക്ഷിച്ചു വെക്കുന്ന ചിത്രങ്ങളാക്കുന്നതും ഇത്തരം കൂടിച്ചേരലുകള്‍ തന്നെയാണ്. പൂക്കളും നിറങ്ങളും പുടവുകളുമായി ഓണം നിറപ്പകിട്ടുള്ള, ഓര്‍മചിത്രങ്ങളില്‍ ചേര്‍ത്തു വെയ്ക്കുന്നതിനുള്ള ഒരൊത്തു ചേരലാണ് ഓരോ പ്രവാസികള്‍ക്കും. ഒരുമയുടെയും മാനവികതയുടെയും സന്ദേശവുമായെത്തുന്ന ഓണനാളുകളില്‍ കസവു പുടവ ധരിച്ചു താലപ്പൊലിയേന്തിയ വനിതകളും ചെണ്ടയും പഞ്ചാരി മേളവും ആര്‍പ്പുവിളികളുമായി മഹാബലി തമ്പുരാനെ വരവേറ്റ് തിരുവാതിരയും പുലികളിയും ഓണപ്പാട്ടും ഓണക്കളികളും തൂശനിലയില്‍ വിഭവസമൃദ്ധമായ ഓണസദ്യയുമൊക്കെയായി നാടിനേക്കാള്‍ ആഘോഷമായാണ് പ്രവാസികളുടെ ഓണാഘോഷം.
ജോലി തിരക്കിനിടയിലും അത്തം മുതല്‍ തിരുവോണം വരെ 10 ദിവസവും പ്രവാസത്തിലെ ഇത്തിരി വട്ടത്തില്‍ മനോഹരമായ ഓണപൂക്കളം ഇടുന്ന മലയാളി കുടുംബങ്ങളുണ്ട്. കേരളത്തിന് 10 ദിവസമാണ് ഓണമെങ്കില്‍ പ്രവാസികളുടെ ഓണാഘോഷം നവംബര്‍ വരെ നീളും. വാരാന്ത്യങ്ങളിലാണ് പ്രവാസി കൂട്ടായ്മകളുടെ ഓണാഘോഷം. മാവേലി തമ്പുരാനുള്ള വരവേല്പും കേരളത്തിന്റെ തനത് നാടന്‍ ഓണക്കളികളെല്ലാം പ്രവാസത്തിലെ ഓണനാളുകളിലെ പതിവു കാഴ്ചകളാണ്.
ഓണനിറവില്‍ കൊച്ചു കേരളത്തെ തന്നെ പ്രവാസത്തിന്റെ മണ്ണില്‍ പുനരുജ്ജീവിപ്പിക്കാനുള്ള ആരോഗ്യകരമായ മത്സരം തന്നെയുണ്ട് കൂട്ടായ്മകളുടെ ഓണാഘോഷത്തിന്. സംഘടനകളുടെ ഓണാഘോഷത്തിലേക്ക് അതിഥികളായി നാട്ടില്‍ നിന്നുള്ള സിനിമാ താരങ്ങളും ഗായകരും വരെ എത്താറുണ്ട്. സംഘടനകളുടെ ഓണാഘോഷത്തില്‍ പലപ്പോഴും വീട്ടുരുചിയിലുള്ള സദ്യ തന്നെയാണ്. ഓരോ അംഗങ്ങളും നിശ്ചിത എണ്ണം കറികള്‍ വീടുകളില്‍ നിന്നുണ്ടാക്കി കൊണ്ടു വരും. തൂശനിലയില്‍ തന്നെയാണ് സദ്യ വിളമ്പുന്നത്. എല്ലാവരും ഒരുമിച്ചു ചേര്‍ന്ന് ആഘോഷത്തില്‍ പങ്കാളികളായി ഓണസദ്യ കഴിച്ച് ഓണാശംസകള്‍ നേര്‍ന്നുള്ള നിമിഷങ്ങള്‍ നാടിന്റെ ഓര്‍മകളിലേക്കുള്ള ഒരു തിരിച്ചു പോക്കു കൂടിയാണ്.
∙ വിപണിയില്‍ പൂക്കാലം
അത്തം തുടങ്ങുന്നതോടെ ദോഹയുടെ വിപണിയിലും പൂക്കാലമാണ്. വ്യത്യസ്ത ഇനം ജമന്തി, ബന്ദി, ചെണ്ടുമല്ലി, അരളി, വാടാമല്ലി തുടങ്ങി കര്‍ണാടകത്തിലെയും കേരളത്തിലെയും ഓണപ്പൂക്കളെല്ലാം ദോഹയുടെ വിപണി കയ്യടക്കുന്ന കാലമാണ് ഓണനാളുകള്‍. ഓണക്കാലത്ത് പൂക്കള്‍ക്ക് പൊന്നും വിലയാണെങ്കിലും പൂക്കളത്തിന്റെ കാര്യത്തില്‍ മലയാളികള്‍ക്ക് വിട്ടുവീഴചയില്ല. സംഘടനകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ഓണപൂക്കള മത്സരവും പായസ മത്സരവുമായി പ്രവാസികളുടെ ഓണാവേശത്തിന് ആക്കം കൂട്ടുകയും ചെയ്യും.
വസ്ത്ര വിപണിയ്ക്കും ഓണക്കോടിയുടെ തിളക്കം കൂടും. പ്രവാസത്തിലാണെങ്കിലും ഓണത്തിന് കസവു മുണ്ടും ഷര്‍ട്ടും കസവു സാരിയും ധരിച്ച് ഓഫിസിലെത്തുന്ന മലയാളികളുമുണ്ട്. ഓഫിസുകളില്‍ മലയാളിക്കൊപ്പം ഓണമാഘോഷിക്കുന്നവരില്‍ ഫിലിപ്പൈന്‍സ് ഉള്‍പ്പെടെയുള്ള അന്യദേശക്കാരുമുണ്ട്. അത്തം മുതല്‍ തന്നെ ദോഹയിലെ വസ്ത്ര വിപണികളിലും ഓണത്തിരക്കേറും. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവര്‍ക്ക് ഇഷ്ടപ്പെട്ട ഫാഷനുകളിലുള്ള ഓണ വസ്ത്രങ്ങളെത്തും. നാടിന്റെ കൈത്തറിയും കസവു മുണ്ടുകളും ഓണ്‍ലൈനില്‍ വില്‍ക്കുന്ന മലയാളികളും കുറവല്ല.
കേരളത്തിന്റെ പൂക്കള്‍ മാത്രമല്ല പച്ചക്കറികളും ഇങ്ങ് കടല്‍ കടന്നെത്തും പ്രവാസികള്‍ക്ക് ഓണം ആഘോഷിക്കാന്‍. നാട്ടോര്‍മ്മയില്‍ തിരുവോണത്തിന് നാടന്‍ രുചി തേടുന്ന മലയാളികളുടെ ഗൃഹാതുരത്വം തൊട്ടറിഞ്ഞാണ് ഓണവിപണികളും. ഓഫിസ് തിരക്കില്‍ അടുക്കളയില്‍ ഓണസദ്യ ഒരുക്കാന്‍ കഴിഞ്ഞില്ലെങ്കിലെന്താ ഭക്ഷണശാലകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും മലയാളികള്‍ക്ക് നല്ല ഒന്നാന്തരം ഓണസദ്യയാണ് ഒരുക്കുന്നത്. സാധാരണ ഓണനാളുകള്‍ പ്രവര്‍ത്തി ദിനങ്ങളായതിനാല്‍ തിരുവോണ ദിനം ഹോട്ടല്‍ സദ്യയെ ആശ്രയിക്കുന്നവരാണ് മിക്ക മലയാളി കുടുംബങ്ങളും.
ഇനി അവധി ആണെങ്കില്‍ 20 മുതല്‍ 30 കൂട്ടം കറികള്‍ വീട്ടിലുണ്ടാക്കി ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഒരുമിച്ചു ചേര്‍ന്നുള്ള വിഭവസമൃദ്ധമായ ഓണസദ്യ തന്നെയാണ് ഒരുക്കുക. ഹോട്ടല്‍ സദ്യയ്ക്കാണെങ്കില്‍ 20 മുതല്‍ 35 കൂട്ടം കറികള്‍ ഉള്‍പ്പെടുന്ന ഒരു ഓണസദ്യയ്ക്ക് കുറഞ്ഞത് 25 മുതല്‍ 50 റിയാല്‍ വരെയാണ് വില. അതായത് ഒരു ഓണസദ്യ കഴിക്കണമെങ്കില്‍ 565 രൂപ മുതല്‍ 1,130 രൂപ വരെ കൊടുക്കണമെന്ന്. നാട്ടിലായാലും പ്രവാസത്തിലായാലും ഓണത്തിന്റെ കാര്യത്തില്‍ ഒന്നിലും വിട്ടുവീഴ്ചയില്ലെന്നതാണ് പ്രവാസികളുടെ ശൈലി. ഓണവും ഈദും ക്രിസ്തുമസും.. ആഘോഷം എന്തായാലും ജന്മനാടിന്റെ പാരമ്പര്യശൈലി വിട്ടൊരു കളിയുമില്ല പ്രവാസികള്‍ക്ക്.