അന്യായമായി ജോലിയിൽനിന്ന് പിരിച്ചുവിട്ടു; സൗദിയിൽ യുവതിക്ക് 2,75,000 റിയാല്‍ നഷ്ടപരിഹാരം
Mail This Article
റിയാദ് ∙ കാര്യമില്ലാതെ ജോലിയിൽനിന്ന് പിരിച്ചുവിട്ട സൗദി യുവതിക്ക് സ്വകാര്യ സ്ഥാപനം 2,75,000 റിയാല്‍ നഷ്ടപരിഹാരം നല്‍കണമെന്ന് റിയാദ് അപ്പീല്‍ കോടതിയിലെ ലേബര്‍ കോടതി ബെഞ്ച് വിധിച്ചു. നോട്ടിസ് പിരിയഡ് കാലത്തെ വേതനം, സര്‍വീസ് ആനുകൂല്യം, പ്രയോജനപ്പെടുത്താത്ത അവധി ദിവസങ്ങള്‍ക്ക് പകരമുള്ള നഷ്ടപരിഹാരം, തൊഴില്‍ കരാറില്‍ ശേഷിക്കുന്ന കാലത്തെ വേതനം എന്നിവ അടക്കമാണ് യുവതിക്ക് 2,75,000 റിയാല്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധിച്ചത്. തൊഴില്‍ നിയമം അനുശാസിക്കുന്നതു പ്രകാരം ജീവനക്കാരിക്ക് എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നും വിധിയുണ്ട്.
അന്യായമായി പിരിച്ചുവിട്ട കമ്പനിക്കെതിരെ യുവതി കോടതിയെ സമീപിക്കുകയായിരുന്നു. രണ്ടു മാസത്തെ വേതനം ലഭിച്ചില്ലെന്നും അന്യായമാണ് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതെന്നും യുവതി പറഞ്ഞു. അപമാനിക്കല്‍, അന്യായമായി പിഴകള്‍ ചുമത്തല്‍ അടക്കമുള്ള ഉപദ്രവങ്ങളും കമ്പനിയില്‍ നിന്ന് തനിക്ക് നേരേണ്ടിവന്നതായി യുവതി പരാതിയില്‍ പറഞ്ഞു.