പൊതുമാപ്പ് അപേക്ഷയ്ക്കുള്ള നടപടിക്രമങ്ങൾ 2 ദിവസത്തിനകം
Mail This Article
ദുബായ് ∙ പൊതുമാപ്പിൽ അപേക്ഷ നൽകാൻ ഒരുങ്ങുന്നവരുടെ നൂറായിരം സംശയങ്ങൾക്ക് മറുപടി നൽകി ടൈപ്പിങ് സെന്ററുകൾ. അപേക്ഷകൾ സമർപ്പിക്കേണ്ട രീതികൾ, രേഖകൾ, നടപടികൾ തുടങ്ങിയ ചോദ്യങ്ങളാണ് ടൈപ്പിങ് സെന്ററുകാരെ തേടിയെത്തുന്നത്.
ഇമിഗ്രേഷൻ വിഭാഗത്തിന്റെ അന്തിമ നിർദേശങ്ങൾക്ക് കാത്തിരിക്കുകയാണ് ടൈപ്പിങ് സെന്ററുകളും. അപേക്ഷകൾ ടൈപ്പിങ് സെന്ററുകൾ വഴിയാണ് നൽകേണ്ടതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. എന്നാൽ, ആവശ്യമായ രേഖകൾ, അപേക്ഷകൾ നൽകുന്നതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല.
സെപ്റ്റംബർ ഒന്നു മുതലാണ് പൊതുമാപ്പ് അപേക്ഷകൾ നൽകേണ്ടത്. റസിഡന്റ്സ് വീസ കാലാവധി കഴിഞ്ഞതിനെ തുടർന്ന് ഓവർസ്റ്റേ ആയവർക്കാണ് പൊതുമാപ്പ്. പൊതുമാപ്പ് ലഭിച്ചവർക്കു സ്വന്തം രാജ്യത്തേക്കു മടങ്ങുകയോ രേഖകൾ നിയമാനുസൃതമാക്കി യുഎഇയിൽ തുടരുകയോ ചെയ്യാം. സന്ദർശക വീസയിൽ എത്തി വീസ കാലാവധി കഴിഞ്ഞും ഇവിടെ തുടരുന്നവർക്ക് പൊതുമാപ്പിൽ മടങ്ങാൻ കഴിയില്ല. ഇങ്ങനെയുള്ളവർക്കു രാജ്യം വിടാൻ വീസ കാലാവധി കഴിഞ്ഞുള്ള ഓരോ ദിവസത്തിനും 50 ദിർഹം പിഴയും രാജ്യം വിടാനുള്ള എക്സിറ്റ് പെർമിറ്റും നിർബന്ധമാണ്. അതേസമയം, മറ്റുള്ള അനധികൃത താമസക്കാർക്ക് അധികമായ താമസിച്ച ദിവസത്തിന് പിഴയോ വീസ നിയമ ലംഘനത്തിന് ശിക്ഷയോ ഇല്ലാതെ പൊതുമാപ്പ് നേടാം.
രണ്ടു ദിവസത്തിനകം പൊതുമാപ്പ് അപേക്ഷകൾ സമർപ്പിക്കേണ്ടതിന്റെ ചട്ടങ്ങളും രീതികളും പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. ൈടപ്പിങ് സെന്ററുകളുടെ ഓൺലൈൻ സംവിധാനം ആംനെസ്റ്റി ചട്ടങ്ങൾക്കായി അപ്ഡേറ്റ് ചെയ്യും. അതിനു ശേഷമേ അപേക്ഷകൾ സ്വീകരിക്കാനാകൂ. അപേക്ഷ അംഗീകരിച്ചാൽ അനധികൃത താമസക്കാർക്ക് ഔട്പാസ് ലഭിക്കും. അങ്ങനെ ലഭിക്കുന്നവർ 14 ദിവസത്തിനകം രാജ്യം വിടണം. രാജ്യത്തു തുടരണമെങ്കിൽ ഏതെങ്കിലും കമ്പനിയുടെ തൊഴിൽ ഓഫർ ലെറ്റർ വേണം. അനധികൃത താമസക്കാർ നിർബന്ധമായും പൊതുമാപ്പ് ഉപയോഗിക്കണമെന്ന് പ്രവാസി സംഘടനകൾ പറഞ്ഞു.