ADVERTISEMENT

അബുദാബി ∙ യുഎഇയിൽ കെട്ടിട വാടക വർധനയിൽ നട്ടം തിരിഞ്ഞ് പ്രവാസികൾ. വിവിധ ഏരിയകളിലായി 5 മുതൽ 30 ശതമാനം വരെ വാടക വർധിച്ചപ്പോൾ പിടിച്ചുനിൽക്കാൻ പാടുപെടുകയാണ് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസി കുടുംബങ്ങൾ. നഗര, ഗ്രാമ വ്യത്യാസമില്ലാതെ വിപണി വിലയുടെ നിശ്ചിത ശതമാനം വാടക വർധിപ്പിക്കാൻ അനുമതി നൽകിയതോടെ കെട്ടിട ഉടമകൾ വാടക കൂട്ടി. ചിലർ ഉടൻ വർധിപ്പിച്ചപ്പോൾ മറ്റു ചിലർ വാടക കരാർ പുതുക്കുന്നതോടെ വർധന നടപ്പിലാക്കുമെന്ന് താമസക്കാർക്ക് (ടെനന്റ്സ്) നിർദേശം നൽകി. ഒപ്പം ഷെയറിങ് പാടില്ലെന്ന കർശന നിർദേശവും നൽകിയതോടെ ഇടത്തരം കുടുംബങ്ങൾ തിരിച്ചുപോക്കിന്റെ വക്കിൽ.

അബുദാബി റിയൽ എസ്റ്റേറ്റ് സെന്റർ പുറത്തുവിട്ട വാടക സൂചിക പ്രകാരം നിശ്ചിത ഏരിയകളിൽ പരമാവധി 30% വരെ വർധിപ്പിക്കാനാണ് അനുമതി. ഓരോ പ്രദേശത്തെയും വിപണി മൂല്യത്തെക്കാൾ വളരെ കുറഞ്ഞ വാടക ഈടാക്കുന്ന പ്രദേശത്ത് പുതുതായി ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുന്നവർ വൻതുക നൽകേണ്ടിവരും. ഇനി വിപണി മൂല്യത്തെക്കാൾ കൂടുതൽ വാടക ഈടാക്കുന്ന പ്രദേശങ്ങളിലെ താമസക്കാർക്ക് കെട്ടിട ഉടമയുമായി ചർച്ച നടത്തി വാടക കുറയ്ക്കാനും ആവശ്യപ്പെടാനാകും. 

ദുബായിൽ റിയൽ  എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (റേറ) നിയമപ്രകാരം കെട്ടിടത്തിന്റെ വിപണി മൂല്യം അനുസരിച്ച് നിശ്ചിത വാടക വർധനയ്ക്ക് അനുമതിയുള്ളത്. 11% മുതൽ 20% വരെ വിപണി മൂല്യമുള്ള കെട്ടിടങ്ങൾക്ക് പരമാവധി 5% വാടക വർധിപ്പിക്കാം. 21–30% വരെയുള്ളവയ്ക്ക് 10% വരെയും 31–40% വരെയുള്ളവയ്ക്ക് 15% വരെയും 40 ശതമാനത്തിന് മുകളിൽ വിപണി മൂല്യമുള്ള കെട്ടിട ഉടമകൾക്ക് 20% വരെയും വർധിപ്പിക്കാനാണ് അനുമതി. പ്രദേശത്തെ വിപണി മൂല്യത്തെക്കാൾ വളരെ കുറവാണ് നിലവിലെ വാടകയെങ്കിൽ നിശ്ചിത ശതമാനത്തെക്കാൾ കൂടുതൽ വർധിപ്പിക്കാം.

ഓരോ പ്രദേശത്തിന്റെയും പ്രാധാന്യം കണക്കിലെടുത്താണ് കെട്ടിടങ്ങളുടെ വിപണി മൂല്യം നിശ്ചയിക്കുന്നത്. നിലവിലെ വാടകയുടെ 5 മുതൽ 30% വരെ വർധിക്കുമ്പോൾ വർഷത്തിൽ 5000 മുതൽ 75,000 ദിർഹത്തിന്റെ വരെ വർധന നേരിടേണ്ടിവരും. അധിക ചെലവ് എങ്ങനെ കണ്ടെത്തുമെന്ന് അറിയാതെ പ്രയാസത്തിലാണ് പ്രവാസി കുടുംബങ്ങൾ. വാടക, സ്കൂൾ ഫീസ്, നിത്യോപയോഗ സാധനങ്ങൾ തുടങ്ങി സമസ്ത മേഖലകളിലും വില വർധിച്ചപ്പോൾ വർധിക്കാത്തത് ശമ്പളം മാത്രമാണെന്നാണ് പ്രവാസികളുടെ പൊതു പരാതി.

English Summary:

Building rents in the UAE are on the rise - Pravasi Malayali

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com