ADVERTISEMENT

ദുബായ്∙ ഒരു സിനിമാക്കഥയെ വെല്ലുന്നതാണ് ഷരീഫിന്‍റെ ജീവിതാനുഭവങ്ങള്‍. ദുബായുടെ ഹൃദയഭാഗമെന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന  കരാമയിലെ പ്രശസ്തമായ ഹംസ ടവറിലെത്തിയാല്‍  പുഞ്ചിരിയോടെ, അതിലേറെ ആത്മവിശ്വാസത്തോടെ ജോലി ചെയ്യുന്ന ജാഫർ ഷെരീഫിനെ കാണാം. പല തവണ വീണിട്ടും തളർന്നുപോകാതെ തലയുയർത്തി സ്വന്തം ബിസിനസ് സ്ഥാപനം വളർത്തിയെടുത്ത മലപ്പുറം ചങ്ങരംകുളം സ്വദേശിയായ  35 വയസ്സുകാരന്‍. പത്താം ക്ലാസ് വരെ മാത്രമാണ് ഔപചാരിക വിദ്യാഭ്യാസം  നേടാനായത്. എന്നാല്‍ കടന്നുപോയ ജീവിതം നല്‍കിയത് ഒരു സ്കൂളിനും പകർന്നുനല്‍കാന്‍ കഴിയാത്ത പാഠങ്ങള്‍. 

∙ ജീവിതം ‘തനിച്ചാക്കിയ’ ഉമ്മ
അനിയനെ ഗർഭം ധരിച്ചസമയത്താണ്  ഉമ്മ സുബൈദ വിവാഹമോചിതയാകുന്നത്.  ഉമ്മയുടെ സഹോദരന്മാരുടെ സഹായമുണ്ടായിരുന്നുവെങ്കിലും,അവർക്കും പരിമിതികളുണ്ടായിരുന്നു. അടുത്ത വീടുകളില്‍ ജോലി ചെയ്തുകിട്ടുന്നതായിരുന്നു വരുമാനം. സാഹചര്യങ്ങള്‍ മനസിലാക്കിയതുകൊണ്ടുതന്നെ  പഠിക്കുന്ന സമയത്ത് ജോലികള്‍ പലതും ചെയ്തു. പത്താം ക്ലാസ് കഴിഞ്ഞ് പഠിക്കാനുമായില്ല.  

sharifs-remarkable-story-about-overcoming-challenges-and-built-is-own-business-in-uae4
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

കോഴി വില്‍ക്കുന്ന കടയില്‍ നിന്നായിരുന്നു തുടക്കം. ഇതിനിടയില്‍ സമയം കിട്ടുമ്പോള്‍ ബിരിയാണി വയ്ക്കാന്‍ പോകും. ജീവിക്കാനായി പല ജോലിരൾ ചെയ്തു. ഒരിക്കല്‍ ഒരു മൊത്ത വ്യാപാരക്കടയില്‍ വലിയ ചാക്കുകെട്ടുകള്‍ എടുക്കുന്നത് ഉമ്മയുടെ സഹോദരി ഭർത്താവ് കണ്ടു. അവരുടെ സഹായത്തോടെ ഡ്രൈവിങ് ലൈസന്‍സ് എടുത്ത് ഡ്രൈവറായി ജോലി ചെയ്തു. പിന്നീടാണ് യുഎഇയിലേക്കെത്തിയത്. 

sharifs-remarkable-story-about-overcoming-challenges-and-built-is-own-business-in-uae3
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

2008 ല്‍  യുഎഇയിലേക്ക് എത്തി. വീസയ്ക്ക് 7500 ദിർഹം നല്‍കി സത്വവയിലെ ഹോട്ടലില്‍ ജോലിക്ക് കയറി.  700 ദിർഹമായിരുന്നു അന്ന് ശമ്പളം. പാത്രം കഴുകലും ഡെലിവറിയുമെല്ലാമായി രണ്ട് വർഷത്തോളം ജോലി ചെയ്തു. ഇതിനിടെ മുനിസിപ്പാലിറ്റിയുടെ പരിശോധനയില്‍ ഹോട്ടല്‍ അടച്ചു. നവീകരണ പ്രവർത്തനങ്ങള്‍ നടത്തി ഹോട്ടല്‍ തുറക്കുന്ന സമയത്ത് ഹോട്ടല്‍ ഉടമയും സ്പോണ്‍സറും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടായി. സ്പോണ്‍സറുടെ ഡ്രൈവറുമായി ചേർന്ന് ഹോട്ടല്‍ ഏറ്റെടുത്താലോയെന്ന് ആലോചിച്ചു. എടുക്കാമെന്ന തീരുമാനത്തിലേക്ക് എത്തി. 

sharifs-remarkable-story-about-overcoming-challenges-and-built-is-own-business-in-uae2
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

∙മനസ്സിന്‍റെ ധൈര്യം ശക്തിയായി
ഹോട്ടല്‍ ഏറ്റെടുക്കുകയെന്നുളളതിലേക്ക് എത്തിയതിന്‍റെ പ്രധാന കാരണം പ്രായത്തിന്‍റെ ചങ്കുറപ്പ് എന്നുളളതാണെന്ന് പറയാം.  നവീകരിച്ച ഹോട്ടലാണ് , മറ്റ് ചെലവുകളൊന്നുമറിയേണ്ടതില്ല. നടത്തിപ്പില്‍ നിശ്ചിത തുക സ്പോണ്‍സർക്ക് നല്‍കുകയെന്നുളളത് മാത്രമാണ് ചെലവ്. അതുണ്ടാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തില്‍  ഹോട്ടല്‍ ഏറ്റെടുത്തു. തുടക്കത്തില്‍ വലിയ ലാഭമുണ്ടാക്കാനായില്ലെങ്കിലും കഠിനാധ്വാനം ഹോട്ടലിനെ ലാഭത്തിലെത്തിച്ചു. 

ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്
ചിത്രം : സ്പെഷ്യൽ അറേഞ്ച്മെന്‍റ്

പിന്നീട് ഒരു ഘട്ടത്തില്‍ ആ ഹോട്ടലില്‍ നിന്ന് ഇറങ്ങേണ്ട സാഹചര്യമുണ്ടായി.എല്ലാം ഒന്നില്‍ നിന്നും വീണ്ടും തുടങ്ങേണ്ടി വന്നു. നിലവിലെ ഹോട്ടലിന് സമീപത്തായി പുതിയ ഹോട്ടല്‍ തുടങ്ങി. എന്നാല്‍ കാര്യങ്ങള്‍ അവിടെയും നിന്നില്ല. ഒരു വർഷത്തിനിടെ മൂന്നിലധികം തവണ വാടക ഉയർത്തി. പിടിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടായപ്പോള്‍ അതും അവസാനിപ്പിച്ചു. എന്നാല്‍ പഴയ സ്പോണ്‍സറുമായുളള നിയമനടപടികളിലേക്ക് കാര്യങ്ങള്‍ കടന്നു. ആറുമാസത്തോളം സ്ഥിര ജോലിയില്ലാതെയായി. ഒരു പായ്ക്കറ്റ് റൊട്ടിയും അച്ചാറുമായി ദിവസങ്ങള്‍ തളളി നീക്കി. ചെറിയ ജോലികള്‍ ചെയ്ത് ലഭിക്കുന്ന പണംവീട്ടിലേക്ക് അയച്ചു. പ്രയാസങ്ങളൊന്നും ഉമ്മയേയും സഹോദരനേയും അറിയിച്ചുമില്ല. 

ഹോട്ടല്‍ ജോലിക്കാലത്ത് അറബിക്കും ഹിന്ദിയും സംസാരിക്കാന്‍ പഠിച്ചിരുന്നു. ഹോട്ടലില്‍ വച്ച് പരിചയപ്പെട്ട സ്വദേശിയായ ഖാലിദ് സാലെം അഹമ്മദ് അല്‍ ദെബി  തന്നെ അന്വേഷിച്ചെത്തി. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. അന്ന് ചെലവിനായി അദ്ദേഹം നല്‍കിയ 1500 ദിർഹത്തിന് വിലയിടാനാവില്ലെന്ന് ഷെരീഫ് പറയുന്നു.

അല്‍ ഖൂസിലെ അദ്ദേഹത്തിന്‍റെ സ്ഥാപനത്തില്‍ ജോലി തന്നു. എന്നാല്‍ സ്പോണ്‍സറുമായുളള കേസ് ലേബർ കോർട്ടിലെത്തിയിരുന്നു. പാസ്പോർട്ട് ലഭിക്കാന്‍ നിയമപോരാട്ടം തുടർന്നു. പാസ്പോർട്ട് ലഭിച്ചതിന് ശേഷം നാട്ടിലേക്ക് പോയി. യുഎഇയില്‍ എത്തി 3 വർഷത്തിന് ശേഷമായിരുന്നു നാട്ടിലേക്കുളള യാത്ര. തിരിച്ച് ഖാലിദിന്‍റെ സ്ഥാപനത്തിന്‍റെ വീസയില്‍ തിരികെയെത്തി. സാങ്കേതികമായ പ്രശ്നങ്ങള്‍ വന്നതോടെ രണ്ട് വർഷം കഴിഞ്ഞപ്പോള്‍ ആ സ്ഥാപനം അടയ്ക്കേണ്ടി വന്നു. വീണ്ടും ജോലിയില്ലാതായി. 

∙ട്രാവല്‍ ഏജന്‍സിയിലേക്ക്, യുഎഇയുടെ തീരുമാനം ഗുണമായി
ഒന്നരവർഷത്തെ ജോലിയില്ലാക്കാലത്തിന് ശേഷം ഖാലിദ് തന്നെ നല്‍കിയ തുകയില്‍ നിന്ന് ഒരു ട്രാവല്‍ ഏജന്‍സി തുടങ്ങി. കരാമയിലായിരുന്നു തുടക്കം. ബിസിനസ് മെച്ചപ്പെട്ടതോടെ  കുടുംബത്തെ യുഎഇയിലേക്ക് കൊണ്ടുവന്നു. ഭാര്യ ഗർഭിണിയായപ്പോള്‍ ഉമ്മയേയും യുഎഇയിലേക്ക് കൊണ്ടുവന്നു. നാല് മാസത്തോളമായപ്പോഴാണ് കോവിഡും തുടർന്ന് ലോക്ഡൗണും വന്നത്.യാത്രകള്‍ നിലച്ചു. ട്രാവല്‍ ഏജന്‍സി പ്രതിസന്ധിയിലായി. കൊടുത്ത പണം കിട്ടാതായി. വേറെ വരുമാനമില്ല. 

സുഹൃത്ത് നല്‍കുന്ന പാലസില്‍ നിന്നുളള ഭക്ഷണമായിരുന്നു അന്നത്തെ ഏക ആശ്രയം. ഗർഭിണിയായ ഭാര്യയെ ആശുപത്രിയില്‍  കൊണ്ടുപോകാന്‍ പോലും പണമില്ലാതിരുന്ന സമയം. യാത്രാവിലക്ക് നീങ്ങിയപ്പോള്‍ കുടുംബത്തെ നാട്ടിലെത്തിച്ചു. ആ സമയത്താണ് സന്ദർശക വീസയിലെത്തിയവർക്ക് രാജ്യത്തിന് പുറത്തുപോകാതെ തന്നെ  വീസ പുതുക്കാമെന്നുളള നിർദ്ദേശം യുഎഇ നല്‍കിയത്. സഹോദരന്‍ നിഷാബുദ്ദീനുമായി  ചേർന്ന്  മുറിയിലിരുന്നുകൊണ്ട് ജോലികള്‍ പുനരാരംഭിച്ചു. 

രാത്രിയും പകലുമില്ലാതെ ജോലി ചെയ്ത് 10 ദിവസത്തിനിടെ 1,40,000 ദിർഹത്തിന്‍റെ ലാഭമുണ്ടാക്കാനായി. ഇതായിരുന്നു പിന്നീടുളള വളർച്ചയിലേക്കുളള മൂലധനം.  അക്കാലത്ത് ഒരു ദിവസം 10 ലക്ഷം ദിർഹം വരെയുളള ഇടപാടുകള്‍ നടത്തിയിരുന്നു. പരിധി കടന്നുപോകുന്നതിനാല്‍ രാത്രി 12 മണിവരെ കാത്തിരുന്ന് ഇടപാട് നടത്തിയിട്ടുണ്ട്. 

നേരത്തെയുളള സ്ഥാപനത്തിന്‍റെ ബാധ്യതകള്‍ ഉള്‍പ്പടെയുളള കടങ്ങള്‍ വീട്ടി. ലോക് ഡൗണിന്‍റെ ആശങ്ക നിലനില്‍ക്കുന്നതിനാല്‍  ഒന്നരവർഷത്തോളം മുറിയിലിരുന്നാണ് ജോലി ചെയ്തത്. പിന്നീട് കരാമയിലെ ഹംസ ബില്‍ഡിങിലേക്ക് മാറി.  2021 ല്‍ ദുബായ് ഓയാസീസ് ട്രാവല്‍ ആൻഡ് ടൂറിസം എന്ന പേരിലെ ട്രാവല്‍ ഏജന്‍സി ഉമ്മയാണ് ഉദ്ഘാടനം ചെയ്തത്. ഭാര്യ ഷബ്നയ്ക്കും മകനുമൊപ്പം ഉമ്മ സുബൈദയും കൂടെയുണ്ട്. സ്ഥാപനത്തില്‍ തോളോടുതോള്‍ ചേർന്ന് സഹോദരന്‍  നിഷാബുദ്ദീനും ഭാര്യ ജഹാന ജാസ്മിനും ജോലി ചെയ്യുന്നു.

∙ മമ്മൂട്ടിയുടെ യാത്രകളില്‍ കൂട്ട്
ഇഷ്ടനടനായ മമ്മൂട്ടിയുടെ യാത്രകളില്‍ ഭാഗമാകാന്‍ കഴിയുന്നുവെന്നുളളത് സ്വപ്ന സാക്ഷാത്കാരമാണ് ജാഫർ ഷെരീഫിന്. സുഹൃത്തായ റെബിനുമായുളള സൗഹൃദമാണ് സമദ് ട്രൂത്തിനെ പരിചയപ്പെടാന്‍ വഴിയൊരുക്കിയത്. അദ്ദേഹം വഴിയാണ് മമ്മൂട്ടിയുടെ യുഎഇ യാത്രകളില്‍ ദുബായ് ഓയാസീസ് സഹകരിക്കാന്‍ തുടങ്ങിയത്.  മമ്മൂട്ടിക്കൊപ്പമുളള കുടുംബ ഫോട്ടോ ജാഫർ ഷെരീഫ്  ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയതിട്ടുണ്ട്. 

mammootty
മമ്മൂട്ടി

മമ്മൂട്ടിയുടെയും ഒപ്പം സൗബിന്‍ മുതല്‍ നസ്ലിന്‍ വരെയുളള സെലിബ്രിറ്റികളുടെ യാത്രകളില്‍  ദുബായ്  ഓയാസീസ് ട്രാവല്‍ ആൻഡ് ടൂറിസത്തിന് ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനം. ഖുബൂസും അച്ചാറും കഴിച്ച് തളളി നീക്കിയ  ദിവസങ്ങളില്‍ നിന്ന് സാമ്പത്തിക സുരക്ഷിതത്വമുളള ഇന്നത്തെ ജീവിതനിലവാരത്തിലേക്കെത്താന്‍ കഠിനാധ്വാനമൊന്നുമാത്രമായിരുന്നു നിക്ഷേപം. തിരിച്ചടികളുണ്ടാകുമ്പോള്‍ തളർന്നുപോകാതെ മുന്നോട്ടുനടക്കാനുളള ഇച്ഛാശക്തിയുണ്ടെങ്കില്‍ ഒന്നും അസാധ്യമല്ലെന്ന് സ്വതസിദ്ധമായ പുഞ്ചിരിയോടെ ജാഫർ ഷെരീഫ് പറഞ്ഞുനിർത്തുന്നു.

English Summary:

Sharif's life is a remarkable story. At Dubai's Hamza Tower, he's smiling, confident. A 35-year-old from Malappuram, he overcame challenges and built his own business.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com