അപൂർവ അവസരവുമായി യുഎഇ; പേടി വേണ്ട, പൊതുമാപ്പ് തുടങ്ങാൻ 5 ദിവസം, ആർക്കൊക്കെ അപേക്ഷിക്കാം
Mail This Article
അബുദാബി ∙ യുഎഇയിൽ പൊതുമാപ്പ് ആരംഭിക്കാൻ 5 ദിവസം ശേഷിക്കെ തയാറെടുപ്പുകൾ ഊർജിതമാക്കി വിവിധ രാജ്യങ്ങളുടെ എംബസികൾ. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 30 വരെ 2 മാസമാണ് പൊതുമാപ്പ് കാലാവധി. അപേക്ഷകരുടെ തിരക്കു കണക്കിലെടുത്ത് ഈ കാലയളവിൽ ശനിയാഴ്ചകളിലും പ്രവർത്തിക്കാനാണ് വിവിധ രാജ്യങ്ങളിലെ എംബസി ഉദ്യോഗസ്ഥരുടെ തീരുമാനം.
നിയമലംഘകരായി കഴിയുന്നവർ യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എംബസി-കോൺസുലേറ്റ് ഉദ്യോഗസ്ഥർ വിവിധ മേഖലകളിൽ എത്തി ബോധവൽക്കരണത്തിനും തുടക്കം കുറിച്ചു. നിയമലംഘനത്തിന്റെ കാലയളവ് എത്രയായാലും പിഴ കൂടാതെ താമസം നിയമവിധേയമാക്കാനോ ശിക്ഷയില്ലാതെ രാജ്യം വിട്ടുപോകാനോ സാധിക്കുമെന്നും സ്വന്തം പൗരൻമാരെ ബോധ്യപ്പെടുത്താനാണ് ശ്രമം. പിഴ അടയ്ക്കേണ്ടിവരുമെന്ന് പേടിച്ച് മാറിനിൽക്കരുതെന്നും രാജ്യം നൽകിയ അപൂർവ അവസരം എത്രയും വേഗം പ്രയോജനപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു.
എംബസിയിലും കോൺസുലേറ്റിലും പ്രത്യേക ഹെൽപ് ഡെസ്ക്കുകൾ സ്ഥാപിച്ച് പൊതുമാപ്പ് അപേക്ഷകരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് തീരുമാനം. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, ശ്രീലങ്ക ഫിലിപ്പീൻസ്, ഈജിപ്ത് തുടങ്ങിയ പ്രവാസികളുടെ സാന്നിധ്യം കൂടുതലുള്ള രാജ്യക്കാരുടെ യുഎഇയിൽ എംബസികളിലാണ് പൊതുമാപ്പ് പശ്ചാത്തലത്തിൽ പ്രത്യേക സംവിധാനം ഒരുക്കുന്നത്. വീസ കാലാവധി കഴിഞ്ഞതു മൂലം വർഷങ്ങളായി യുഎഇയിൽ കുടുങ്ങിയവർ അനധികൃത താമസത്തിന് അടയ്ക്കാനുള്ള പിഴ ഓർത്ത് വേവലാതിപ്പെടേണ്ടതില്ലെന്നും പൊതുമാപ്പിലൂടെ പോകുന്നവർക്ക് പിഴ അടയ്ക്കേണ്ടതില്ലെന്നും എംബസി ഉദ്യോസ്ഥർ ഓർമിപ്പിക്കുന്നു.
സാധുതയുള്ള പാസ്പോർട്ട് ഉള്ളവർക്ക് പൊതുമാപ്പ് അപേക്ഷ നൽകുന്നതിനൊപ്പം നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് സഹിതം എമിഗ്രേഷൻ ആസ്ഥാനത്ത് നേരിട്ട് എത്തിയാൽ യാത്രാനുമതി ലഭിക്കും. പാസ്പോർട്ട് കാലഹരണപ്പെട്ടതാണെങ്കിൽ പുതുക്കുകയോ തത്കാൽ പാസ്പോർട്ട് എടുക്കുകയോ ചെയ്ത ശേഷമായിരിക്കണം പൊതുമാപ്പിന് അപേക്ഷിക്കേണ്ടത്. രേഖകൾ കൈവശമില്ലാത്തവർ ദേശീയത തെളിയിക്കുന്ന രേഖയുടെ പകർപ്പ് (റേഷൻ കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്) തുടങ്ങി ഏതെങ്കിലും ഒരു രേഖയുടെ പകർപ്പ് ഹാജരാക്കിയാൽ സ്ഥിരീകരിച്ച ശേഷം ഔട്ട്പാസ് നൽകും. ഇതു കാണിച്ച് രാജ്യം വിടാം. ഇങ്ങനെ രാജ്യം വിടുന്നവർക്ക് യുഎഇയിലേക്കു തിരിച്ചുവരാൻ തടസ്സമുണ്ടാകില്ല. രേഖകൾ ശരിപ്പെടുത്തി പുതിയ വീസയിലേക്കു മാറാനും അവസരമുണ്ടാകും.
നിയമലംഘകരായി കഴിയുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ അംഗീകൃത സംഘടനകളുടെ സഹകരണത്തോടെ ലഭ്യമാക്കി നടപടികൾ ഊർജിതമാക്കാനാണ് ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും നീക്കം. അപേക്ഷകർക്ക് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും എംബസിയിലും കോൺസുലേറ്റിലും പൂർത്തിയാക്കുമെന്നും സൂചിപ്പിച്ചു. പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവർക്ക് കുറഞ്ഞ നിരക്കിൽ നാട്ടിൽ എത്താൻ സൗകര്യം ഒരുക്കണമെന്ന് വിവിധ എയർലൈനുകളോട് ആവശ്യപ്പെട്ടതായും സ്ഥാനപതികാര്യാലയം അറിയിച്ചു. പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ പാസ്പോർട്ട് പുതുക്കാനുള്ള അപേക്ഷകരുടെ എണ്ണം കൂടിയതായി വിവിധ എംബസികൾ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാൻ, ബംഗ്ലദേശ് എംബസികളിലെ പ്രത്യേക ഓഫിസിൽ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി. രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 മണിവരെയാണ് അപേക്ഷ സ്വീകരിക്കുന്നത്.
∙ പൊതുമാപ്പാണ്, പേടി വേണ്ട
വൻതുക പിഴയുടെ പേരിലാണ് പലരും എംബസിയെയും കോൺസുലേറ്റിനെയും സമീപിക്കാതെയും അധികൃതർക്ക് പിടികൊടുക്കാതെയും ഒളിച്ചു കഴിഞ്ഞിരുന്നത്. ആ പേടി വേണ്ടെന്നും പൊതുമാപ്പ് അപേക്ഷകരെ പിടികൂടില്ലെന്നും അധികൃതർ വ്യക്തമാക്കി.
∙ പൊതുമാപ്പ് 6 വർഷത്തിന് ശേഷം
യുഎഇയിൽ 6 വർഷത്തിനു ശേഷമാണ് പൊതുമാപ്പ് പ്രഖ്യാപിക്കുന്നത്. 2018ൽ 4 മാസം നീണ്ട പൊതുമാപ്പ് 88 ശതമാനം പേർ പ്രയോജനപ്പെടുത്തിയിരുന്നു. അന്ന് ബംഗ്ലദേശുകാരാണ് കൂടുതലായി ഉപയോഗപ്പെടുത്തിയത്. യുഎഇയിൽ തുടരാൻ ആഗ്രഹിക്കുന്നവർ ഏതെങ്കിലും കമ്പനിയിൽനിന്നുള്ള ഓഫർ ലെറ്റർ ലഭ്യമാക്കിയാൽ പുതിയ വീസയിലേക്കു മാറാനും അവസരമൊരുക്കും.
∙ ആർക്കൊക്കെ അപേക്ഷിക്കാം
വീസ കാലാവധി കഴിഞ്ഞവർ, സ്പോൺസറിൽനിന്ന് ഒളിച്ചോടിയവർ, അനധികൃതമായി രാജ്യത്തെത്തിയവർ തുടങ്ങി വിവിധ വിഭാഗത്തിലുള്ളവർ പൊതുമാപ്പ് ഉപയോഗപ്പെടുത്തി. ഇവർക്ക് പുതിയ വീസയിൽ രാജ്യത്തേക്ക് തിരിച്ചുവരുന്നതിന് തടസമില്ല. എന്നാൽ വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് ബന്ധപ്പെട്ട കേസുകളിൽനിന്ന് വിടുതൽ ലഭിച്ചാൽ മാത്രമേ പൊതുമാപ്പ് പ്രയോജനപ്പെടുത്താനാകൂ.