'മുഖത്ത് തലയണ അമർത്തി അച്ഛൻ കൊല്ലാൻ ശ്രമിച്ചു'; സൗദിയില്‍ മരിച്ച മലയാളി ദമ്പതികളുടെ മരണത്തിൽ നിർണായകമായി കുട്ടിയുടെ മൊഴി
Mail This Article
റിയാദ് ∙ സൗദി അറേബ്യയിലെ ദമാം അൽകോബാർ തുഖ്ബയിൽ കൊല്ലം സ്വദേശികളായ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തല്‍. അമ്മ രണ്ടു മൂന്ന് ദിവസമായി കട്ടിലിൽ ഒന്നും മിണ്ടാതെ കിടക്കുകയായിരുന്നുവെന്ന് ദമ്പതികളുടെ അഞ്ചു വയസ്സുള്ള മകൾ ആരാധ്യയുടെ വെളിപ്പെടുത്തൽ. കുട്ടി പൊലീസിനോട് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്.
കട്ടിലിൽ കിടന്നിരുന്ന തന്റെ മുഖത്ത് തലയണ അമർത്തി അച്ഛൻ കൊല്ലാൻ ശ്രമിച്ചുവെന്നും കരഞ്ഞപ്പോൾ ശ്രമം ഉപേക്ഷിച്ച് മാറിപോവുകയായിരുന്നുവെന്നും പറഞ്ഞു. കുട്ടിയുടെ മൊഴി പ്രകാരം രമ്യ നേരത്തെ മരിച്ചിട്ടുണ്ടാവുമെന്നാണ് പൊലീസ് നിഗമനം. പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു.
ലോകകേരള സഭാഅംഗവും സാമൂഹികപ്രവർത്തകനുമായ നാസ് വക്കത്തെ വിളിച്ചുവരുത്തിയ പൊലീസ് കുട്ടിയെ അദ്ദേഹത്തെ ഏൽപിച്ചു. നിലവിൽ അൽ കോബാറിലുള്ള ഒരു മലയാളി കുടുംബത്തിന്റെ സംരക്ഷണയിലാണ് കുട്ടി. നാട്ടിലുള്ള കുടുംബാംഗങ്ങൾ ബന്ധപ്പെട്ടുവെന്നും, അവർ കുട്ടിയുമായി സംസാരിച്ചുവെന്നും സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.
കൊല്ലം ജില്ലയിലെ തൃക്കരുവ, കാഞ്ഞാവെളി സ്വദേശി, മംഗലത്ത് വീട്ടിൽ അനൂപ് മോഹൻ (37), ഭാര്യ രമ്യമോൾ വസന്തകുമാരി (30) എന്നിവരെയാണ് അൽ കോബാറിന് സമീപം തുഖ്ബയിലെ ഫ്ലാറ്റിൽ ബുധനാഴ്ച വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. 12 വർഷമായി തുഖ്ബ സനായയിൽ പെയിന്റിങ് വർക് ഷോപ് നടത്തുകയായിരുന്ന അനൂപ് അടുത്തിടെയാണ് ഭാര്യയെയും മകളെയും വിസിറ്റിങ് വീസയിൽ സൗദിയിലെത്തിച്ചത്. കുടുംബതർക്കമാണ് മരണകാരണമെന്നാണ് പറയപ്പെടുന്നത്. പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ദമാം മെഡിക്കൽ കോംപ്ലക്സ് മോർച്ചറിയിലേക്ക് മാറ്റി.