ഇന്ത്യൻ ബാറ്ററികൾക്ക് ഇനി 'ചാർജ് ' കൂടും; ഇറക്കുമതി നിയന്ത്രണ തീരുവ ചുമത്താൻ ഖത്തർ
Mail This Article
ദോഹ ∙ ഇന്ത്യയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന വാഹന ബാറ്ററികൾക്ക് ഇനി ഖത്തറിൽ വില കൂടും. ഈ രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹന ബാറ്ററികൾക്ക് ഇറക്കുമതി നിയന്ത്രണ തീരുവ (ആന്റി-ഡംപിങ് ഡ്യൂട്ടി) ചുമത്താൻ ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം തീരുമാനിച്ചതോടെയാണ് വില കൂടുന്നത്. പ്രാദേശിക ഉൽപാദകർക്കുള്ള പരിരക്ഷ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇറക്കുമതി ചെയ്യപ്പെടുന്ന രാജ്യം ഉൽപ്പനങ്ങളുടെ മേൽ ആന്റി ഡംപിങ് നികുതി ചുമത്തുന്നത്. വാണിജ്യ വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനിയാണ് തീരുമാനം പ്രഖ്യാപിച്ചത്.
ആഭ്യന്തര ഉൽപ്പാദകരുടെ മത്സര ക്ഷമത വർധിപ്പിക്കാനും വിപണി കണ്ടെത്താനും ലക്ഷ്യമിട്ടാണ് ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ബാറ്ററികൾക്ക് അധിക നികുതി ഈടാക്കാൻ തീരുമാനിച്ചത്. കൊറിയയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന 35 മുതൽ 115 ആംപിയർ ഇലക്ട്രിക്കൽ സ്റ്റോറേജ് ബാറ്ററികൾക്കും ഇന്ത്യയിൽ നിന്നുള്ള 32 മുതൽ 225 ആംപിയർ വരെ ശേഷിയുള്ള ഇലക്ട്രിക്കൽ സ്റ്റോറേജ് ബാറ്ററികൾക്കുമാണ് വാണിജ്യ വ്യവസായ മന്ത്രാലയം അധിക തീരുവ ചുമത്തിയത്.
വാഹന ബാറ്ററി കയറ്റുമതിയിൽ ലോകത്തു തന്നെ മൂന്നാം സ്ഥാനത് നിൽക്കുന്ന ഇന്ത്യയുടെ, ഒരു പ്രധാന വിപണിയാണ് ഖത്തർ. ഓരോ വർഷവും ലക്ഷകണക്കിന് ബാറ്ററികളാണ് ഇന്ത്യയിൽ നിന്നും ഖത്തറിലേക്ക് ഇറക്കുമതി ചെയുന്നത്.
ഇന്ത്യ ഉൾപ്പെടെ രാജ്യങ്ങളിൽ നിന്നും കുറഞ്ഞ ചിലവിൽ നിർമിച്ച് കയറ്റുമതിചെയ്യുന്ന വസ്തുക്കൾ, ഇറക്കുമതി ചെയ്യുന്ന രാജ്യത്തെ പ്രാദേശിക ഉൽപാദകരുടെ വിലയേക്കാൾ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമാക്കുന്ന സാഹചര്യത്തിലാണ് ആന്റി ഡംപിങ് തീരുവ ചുമത്തുന്നത്. നികുതി നിരക്ക് കൂടുന്നതോടെ, ഇറക്കുമതി ഉൽപന്നത്തിന്റെ വില വർധിക്കുകയും, ആഭ്യന്തര ഉൽപാദകർക്കും വിപണിക്കും സംരക്ഷണം നൽകുകയും ചെയ്യും. ഈ നീക്കം രാജ്യത്തെ ആഭ്യന്തര വിപണിയെയും വ്യവസായത്തെയും സംരക്ഷിക്കുന്നതിന്റെ കൂടിഭാഗമാണ്.