ട്രാഫിക് മുന്നറിയുപ്പുമായി ഖത്തർ; മേയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കണം
Mail This Article
ദോഹ ∙ റോഡ് സുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ട്രാഫിക് മുന്നറിയുപ്പുമായി ഖത്തർ ട്രാഫിക് വകുപ്പ്. റോഡിൽ ഏറ്റവും വേഗത കൂടിയ ഇടതുവശത്തെ ലൈനുകൾ ഉപയോഗിക്കുന്നതിൽ കഴിഞ്ഞ മേയ് മുതൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ട്രാഫിക് വിഭാഗം ഡ്രൈവർമാരോട് ആവശ്യപ്പെട്ടു. ഡെലിവറി മോട്ടോർ സൈക്കിൾ , ടാക്സി - ലിമോസിൻ വാഹനങ്ങൾ, 25 ൽ അധികം യാത്രക്കാരുള്ള ബസ്സുകൾ എന്നീ വാഹനങ്ങൾക്കാണ് റോഡിലെ ഇടതു ഭാഗത്തുള്ള ലൈനുകളിൽ യാത്ര നിരോധനം ഏർപ്പെടുത്തിയത്.
മൂന്ന് മുതൽ നാല് വരിപാതകളുള്ള റോഡിൽ ഇടതു ഭാഗത്തുള്ള ഒന്നാമത്തെ വരി ഇത്തരം വാഹനങ്ങൾ ഉപയോഗിക്കരുത്. അഞ്ചോ അതിൽ കൂടുതലോ വരിപാതകളുള്ള റോഡുകളിൽ ഇടതുഭാഗത്തുള്ള ഒന്നും രണ്ടും വരി ഉപയോഗിക്കുന്നതിൽ നിന്നുമാണ് വിലക്ക്. റോഡുകളിലെ ഗതാഗതം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്രാഫിക് വിഭാഗം നിയന്ത്രണങ്ങൾ കൊണ്ടുവവന്നതാണ്. അടുത്ത ആഴ്ചയോടെ സ്‌കൂളുകൾ കൂടി തുറക്കുന്നതോടെ റോഡുകൾ ഏറെ തിരക്കേറിയതാവും. ഇത് കൂടി മുന്നിൽ കണ്ടാണ് വിവിധ സാമൂഹിക മാധ്യമങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് ഡ്രൈവർമാരെ ബോധവൽകരിക്കുന്നത്.
ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ട്രാഫിക് ബോധവൽക്കരണ വിഭാഗം സുരക്ഷാ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളും പാലിക്കേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി ഡ്രൈവർമാർക്കായി ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. പരിപാടിയിൽ പൊതുവായ ട്രാഫിക് ലംഘനങ്ങലെ കുറിച്ചും ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച പാത നിയന്ത്രണങ്ങളെ കുറിച്ചും ട്രാഫിക് ഉദ്യോഗസ്ഥർ സംസാരിച്ചു.