ഗാർഹിക തൊഴിലാളികളുടെ യാത്രാചെലവ് കുറച്ച് ഇ-സ്കൂട്ടറുകൾ
Mail This Article
മനാമ ∙ നഗരം ചുറ്റി സഞ്ചരിക്കുന്നതിനും കൂടുതൽ ദൂരം സഞ്ചരിക്കുന്നതിനുമാണ് ഇ-സ്കൂട്ടറുകൾ ഉപയോഗിച്ച് തുടങ്ങിയതെങ്കിലും ഇപ്പോൾ ബഹ്‌റൈനിലെ വീട്ടുജോലിക്കാരും ഓഫിസ് ജീവനക്കാരുമടക്കം അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുകയാണ് ഇ-സ്‌കൂട്ടറുകൾ. കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്യുന്ന വീട്ടുജോലിക്കാരായ സ്ത്രീകൾ പലരും ജോലി ചെയ്യുന്ന വീടുകളിൽ നിന്ന് മറ്റു വീടുകളിലേക്ക് സഞ്ചരിക്കാൻ ഇത്തരം സ്‌കൂട്ടറുകളാണ് ഉപയോഗിക്കുന്നത്. ഗതാഗത തടസ്സങ്ങളില്ല, മറ്റു വാഹനങ്ങളെ അപേക്ഷിച്ച് വിലക്കുറവ് എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് ഇ-സ്‌കൂട്ടറുകളോട് സാധാരണക്കാർക്ക് ഇഷ്ടം തോന്നാൻ കാരണം.
വീട്ടുജോലിക്കാരെ സംബന്ധിച്ചിടത്തോളം ഗതാഗതസൗകര്യം അവരുടെ സമയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു പ്രദേശത്തെ ജോലി കഴിഞ്ഞ് ഏറെ നേരം കാത്ത് നിന്നാൽ മാത്രമായിരുന്നു അടുത്ത വീടുകളിലേക്ക് സഞ്ചരിക്കാൻ ബസ് ലഭിച്ചിരുന്നത്. ഇത് അവരുടെ വരുമാനത്തിൽ വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. ഇ-സ്‌കൂട്ടറുകൾ വാങ്ങിയതോടെ മുൻപ് ഒന്നോ രണ്ടോ വീടുകളിൽ ജോലി ചെയ്യുന്നിടത്ത് ഇപ്പോൾ അഞ്ചും ആറും വീടുകളിലെ ജോലികൾ ചെയ്തു തീർക്കാൻ കഴിയുന്നു എന്ന് മലയാളിയായ ക്ലീനിങ് ജീവനക്കാരി പറയുന്നു.
ബജറ്റ് വിലയിൽ ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് സാധാരണയായി 300 ഡോളറിനും 700 ഡോളറിനും ഇടയിൽ ലഭിക്കും. ഒറ്റ ചാർജിൽ 10 മൈൽ മുതൽ 15 മൈൽ വരെ യാത്ര ചെയ്യാവുന്ന ഇത്തരം സ്കൂട്ടറിന് കുറഞ്ഞ പവർ റേറ്റിങ്ങും ഉണ്ടായിരിക്കും. മൂന്ന് കിലോ മുതൽ 7.8 കിലോഗ്രാം വരെ മാത്രം ഭാരമുള്ള ഇത്തരം സ്‌കൂട്ടറുകൾ താമസം മാറിപ്പോകുന്നുണ്ടെങ്കിലും പാഴ്‌സൽ ചെയ്തു കൊണ്ടുപോകാനും വളരെ എളുപ്പമാണ്. ഓരോരുത്തർക്കും അനുയോജ്യമായ തരത്തിലുള്ള ഇ- സ്‌കൂട്ടറുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാണ്. ഇവയുടെ വിപണി സജീവമായതോടെ നിരവധി ബ്രാൻഡുകൾ ആണ് ഇപ്പോൾ രാജ്യത്ത് വിൽപ്പനയ്ക്കായി എത്തിച്ചിട്ടുള്ളത്. സാധാരണ മോട്ടോർ സൈക്കിളുകൾക്ക് ഉള്ളതുപോലെ തന്നെ ശക്തമായ ബ്രെക്കിങ് സംവിധാനം, ഹെഡ് ലൈറ്റുകൾ അടക്കമുള്ള സുരക്ഷിതത്വത്തിന് പ്രാധാന്യമുള്ള നിരവധി ബ്രാൻഡുകൾ വിപണിയിൽ ഉണ്ട്. പൊതുഗതാഗതത്തിന് പകരമല്ലെങ്കിലും നഗരജീവിതത്തിന് ഏറ്റവും ഇണങ്ങിയ വാഹനം എന്ന നിലയിൽ ഇ സ്‌കൂട്ടറുകൾ ജനപ്രിയമാകുന്നത് പ്രകൃതി സൗഹൃദവാഹനം എന്ന നിലയിൽ കൂടിയാണ്.
വാഹനമോടിക്കുന്നവർക്ക് ഇ- സ്‌കൂട്ടറുകൾ 'തലവേദന'
ഇ-സ്‌കൂട്ടറുകൾ റോഡിൽ വ്യാപകമായത് മറ്റ് വാഹനങ്ങൾ ഓടിക്കുന്നവർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും റെഡ് സിഗ്നലിൽ റോഡ് മുറിച്ചു കടക്കുക,വൺ വേ റോഡുകളിൽ ദിശ തെറ്റിച്ച് സഞ്ചരിക്കുക തുടങ്ങിയ ചില പ്രശ്നങ്ങളും ഇ-സ്‌കൂട്ടർ യാത്രക്കാർ സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ച് ഉൾപ്രദേശങ്ങളിലെ റോഡുകളിൽ കുട്ടികൾ അടക്കമുള്ളവർ ഇ-സ്‌കൂട്ടറുകളുമായി നടത്തുന്ന അഭ്യാസങ്ങളും വാഹനയാത്രക്കാർക്ക് വലിയ തോതിലുള്ള അരക്ഷിതാവസ്‌ഥ സൃഷ്ടിക്കുന്നുണ്ട്.
യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയുള്ള ഇ-സ്‌കൂട്ടർ യാത്രികരുടെ സഞ്ചാരം നിയന്ത്രിക്കണമെന്നാണ് വാഹന ഡ്രൈവർമാർ പറയുന്നത്. ഹെൽമെറ്റ് പോലും ഇടാതെയാണ് കുട്ടികൾ അടക്കമുള്ളവർ ഇ-സ്‌കൂട്ടറുകളിൽ സഞ്ചരിക്കുന്നത്. അമിത വേഗത, മൊബൈലിൽ സംസാരിച്ചുകൊണ്ടുള്ള സഞ്ചാരം തുടങ്ങിയ പരാതികളും ഇ സ്‌കൂട്ടർ യാത്രക്കാരെക്കുറിച്ച് പൊതുവായി ഉണ്ട്. അടുത്തകാലത്ത് മറ്റു രാജ്യങ്ങളിൽ അടക്കം ഇ-സ്‌കൂട്ടർ അപകടങ്ങൾ വൻ തോതിൽ വർധിച്ചുവരുന്നതും സുരക്ഷാ മാനദണ്ഡങ്ങളിൽ ഉണ്ടായ വീഴ്ച മൂലമാണ്.