ഖത്തറിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് വ്യാപിപ്പിച്ച് മെട്രോ എക്സ്പ്രസ്
Mail This Article
ദോഹ ∙ ഖത്തറിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർവീസ് വ്യാപിപ്പിച്ച് മെട്രോ എക്സ്‌പ്രസ്. ലുസൈലും, അൽ മഹ ഐലൻഡും ഉൾപ്പെടെ കൂടുതൽ മേഖലകളിലേക്കാണ് സർവീസ് വ്യാപിപ്പിച്ചത്. പൊതുഗതാഗത വിഭാഗമായ മുവാസലാത്ത് (കർവ) ആണ് മെട്രോ എക്സ്പ്രസ് ലുസൈലിലെ വിവിധ ഭാഗങ്ങളിലേക്ക് കൂടി സേവനം ആരംഭിച്ചതായി അറിയിച്ചത്. ദോഹ മെട്രോ, ലുസൈൽ ട്രാമിന്റെ സൗജന്യ ഷട്ടിൽ സർവീസ് സംവിധാനമാണ് മെട്രോ എക്സ്പ്രസ്.
കർവ ടാക്സി ആപ്പ് ഡൗൺ ലോഡ് ചെയ്ത് മെട്രോ എക്സ്പ്രസ് തിരഞ്ഞെടുത്തുകൊണ്ട് യാത്രക്കാർക്ക് സർവീസിന് അപേക്ഷിക്കാവുന്നതാണ്. ലുസൈലിലെ മറിന നോർത്ത് , തർഫാത് സൗത്ത്, തർഫാത് നോർത്ത്, വാദി തടുങ്ങിയ ട്രാം സ്റ്റേഷനുകളിലേക്കുള്ള യാത്രക്കായി ഉപയോഗപ്പെടുത്താം. മെട്രോ ലിങ്ക് ബസ് സർവീസ് ഇല്ലാത്ത മേഖലകളിലാണ് ഈ സൗകര്യം ലഭിക്കുന്നത്. ദോഹ മെട്രോയും ട്രാമും ഉപയോഗിച്ച് ലുസൈലിൽ യാത്ര ചെയ്യുന്നവർക്ക് തങ്ങളുടെ ലക്ഷ്യ സ്ഥാനങ്ങളിൽ കൃത്യമായി എത്തിച്ചേരാൻ മെട്രോ എക്സ്‌പ്രസിന്റെ സേവന വിപുലീകരണം തുണയായി മാറും.