ADVERTISEMENT

ഷാർജ ∙ ഷാർജ അൽ ജസാത്തിലെ ഇൗ വില്ലയിൽ കുട്ടികളുടെ പ്രിയങ്കരരായ സൂപ്പർഹീറോസ് 'ഒളിജീവിതം' നയിക്കുന്നു. ഇതിന് കാവൽ നിൽക്കുന്നതോ, ഒരു മലയാളി യുവാവും! അയൺ മാന്‍, സൂപ്പർമാൻ, ആന്റ് മാൻ, അക്വാമാൻ, ദി അവഞ്ചേഴ്സ്, ബാറ്റ് മാൻ, ബ്ലാക് പാന്തർ, ക്യാപ്റ്റൻ അമേരിക്ക, ക്യാപ്റ്റൻ മാർവൽ, തോർ തുടങ്ങിയ ലോകത്തെ എണ്ണിയാലൊടുങ്ങാത്ത സൂപ്പർ ഹീറോമാർക്ക് ഉടയാടകൾ തയാറാക്കുകയാണ് കൊച്ചി സ്വദേശിയായ മുഹമ്മദ് ഹാറൂൺ.

'കോസ്പ്ലേ' എന്ന ആധുനിക തൊഴിൽമേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇൗ യുവാവിനെ ഇന്ന് തേടിയെത്തുന്നത് യുഎഇയിൽ നിന്നടക്കമുള്ള അറബികൾ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സൂപ്പർ ഹീറോ പ്രേമികളും ഇൗ രംഗത്തെ മുടിചൂടാമന്നന്മാരും. ദുബായിലെ മിക്ക കോസ് പ്ലേ മത്സരങ്ങളിൽ സമ്മാനം നേടിയിട്ടുള്ള മുഹമ്മദ് ഹാറൂൺ ഇന്ന് പ്രമുഖ മത്സരങ്ങളിൽ വിധി കർത്താവിന്റെ റോളിലും തിളങ്ങുന്നു.

ഹാറൂൺ താൻ നിർമിച്ച സൂപ്പർഹീറോകളുടെ ഉടയാടകൾ ധരിച്ച്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഹാറൂൺ താൻ നിർമിച്ച സൂപ്പർഹീറോകളുടെ ഉടയാടകൾ ധരിച്ച്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

യുഎഇയിൽ ജനിച്ചു വളർന്ന ഇൗ 26 വയസ്സുകാരൻ ചെറുപ്പത്തിലേ വാഹനങ്ങളോട് അതീവ താത്പര്യം കാണിച്ചിരുന്നതായി ഇദ്ദേഹത്തിന്റെ മാതാവ് അഷീറ പറയുന്നു. അവൻ സ്വന്തമാക്കിയ കളിപ്പാട്ടങ്ങളിൽ ഭൂരിഭാഗവും വാഹനങ്ങളുടെ മിനിയേച്ചറുകൾ. മിക്ക കുട്ടികള്‍ക്കും ഇത്തരത്തിൽ വാഹനങ്ങളോട് കമ്പം തോന്നാറുള്ളതിനാൽ ആദ്യം അതത്ര കാര്യമാക്കിയില്ല.

ഹാറൂൺ താൻ നിർമിച്ച സൂപ്പർഹീറോകളുടെ ഉടയാടകൾ ധരിച്ച്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഹാറൂൺ താൻ നിർമിച്ച സൂപ്പർഹീറോകളുടെ ഉടയാടകൾ ധരിച്ച്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

എന്നാൽ, മകൻ സ്കൂളിൽ ചേർന്നിട്ടും ഇൗ പ്രിയം ഇല്ലാതായില്ല. അവനെ കൂടുതൽ ശ്രദ്ധിച്ചപ്പോഴാണ് മനസ്സിലായത്, കാറിന്റെയും മറ്റു വാഹനങ്ങളുടെയും ബാറ്ററിയും മാറ്റും അഴിച്ചെടുത്ത് പരീക്ഷണങ്ങൾ നടത്തുന്നു!. ഇതോടെ അഷീറയും മകൾ ഷിയാറയും കുഞ്ഞു ഹാറൂണിന് പ്രോത്സാഹനം നൽകാൻ തുടങ്ങി. സ്കൂളിൽ പഠിക്കുന്ന കാലത്ത് അയൺമാൻ സിനിമ തിയറ്ററിൽ കണ്ടതോടെ ചിന്ത സൂപ്പർ ഹീറോമാരെക്കുറിച്ചായി. പത്താംക്ലാസിൽ ഒരു പ്രൊജക്ട് അവതരിപ്പിക്കാൻ അവസരം ലഭിച്ചപ്പോൾ ഹാറൂൺ നിർമിച്ചത് സൂപ്പർ ഹീറോയെയാണ്. അതിൽ  വിജയം വരിച്ചതോടെ ഉറപ്പിച്ചു–ഇനിയെന്റെ യാത്ര ഇവരോടൊപ്പം തന്നെ.

ഹാറൂൺ താൻ നിർമിച്ച സൂപ്പർഹീറോകളുടെ ഉടയാടകൾ ധരിച്ച്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഹാറൂൺ താൻ നിർമിച്ച സൂപ്പർഹീറോകളുടെ ഉടയാടകൾ ധരിച്ച്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ വില്ലയുടെ കാർ ഗാരേജ് വർക്‌ഷോപ്; 'മിന്നൽമുരളി'ക്ക് വസ്ത്രമണിയിക്കണം
തന്റെ ഇഷ്ട മേഖലയിൽ തന്നെ ജോലി ചെയ്യാനും ഭാഗ്യം ലഭിച്ചയാളാണ് ഹാറൂൺ. ദുബായിലെ ഒരു ഗെയിമിങ് കമ്പനിയിൽ പ്രൊ‍‍‍ഡക്ട് അനാലിസിസ്റ്റായി ജോലി ചെയ്യുന്ന ഇദ്ദേഹം രാത്രി എട്ടരയോടെ വീട്ടിലെത്തും. തന്റെ വർക്ഷോപ്പായി മാറ്റിയെടുത്ത കാർ ഗാരേജിൽ, സൂപ്പർഹീറോസിന്റെ കൂടെയാണ് പിന്നീടുള്ള മണിക്കൂറുകൾ. അവർക്ക് വേണ്ട ഉടയാടകൾ തയാറാക്കുന്നതിൽ മുഴുകുമ്പോൾ മറ്റൊന്നിനെക്കുറിച്ചും ചിന്ത പോലുമുണ്ടാകാറില്ലെന്ന് മനോരമ ഒാൺലൈനിനോട് പറഞ്ഞു.

ഹാറൂൺ താൻ നിർമിച്ച സൂപ്പർഹീറോകളുടെ ഉടയാടകൾ ധരിച്ച്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഹാറൂൺ താൻ നിർമിച്ച സൂപ്പർഹീറോകളുടെ ഉടയാടകൾ ധരിച്ച്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

കോസ്റ്റ്യൂമും നാടകവും(പ്ലേ) ചേർന്നുള്ള വാക്കിൽ നിന്നാണ് കോസ്പ്ലേ ഉണ്ടായത്. യുട്യൂബില്‍ നിന്നും മറ്റുമാണ് ഇതേക്കുറിച്ച് ആദ്യം മനസ്സിലാക്കുന്നത്. ലോകത്ത് ഇതൊരു വൻ സംഭവമാണെന്ന് അങ്ങനെ തിരിച്ചറിയുകയും അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിക്കുകയുമായിരുന്നു. ആദ്യം വെറുതെ ഉണ്ടാക്കിത്തുടങ്ങിയ ഉടയാടകൾ സുഹൃത്തുക്കളടക്കമുള്ളവരെ കാണിച്ചപ്പോൾ ഉഗ്രനായിട്ടുണ്ടെന്ന അഭിപ്രായം ലഭിച്ചു. കൂടുതൽ മികവാർന്ന രീതിയിൽ അവ നിർമിക്കാനുള്ള ശ്രമമായിരുന്നു പിന്നീട്.

കനംകുറവുള്ള ഫോം ഷീറ്റാണ് ഇതിനായി ഉപയോഗിക്കുന്ന പ്രധാന വസ്തു. ഇതിന് വിലക്കുറക്കുറവാണെന്ന പ്രത്യേകതയുമുണ്ട്. ത്രിഡി മോഡലിലാണ് വസ്ത്രം ഡിസൈൻ ചെയ്യുന്നത്. കാർപെറ്റ് ഒട്ടിക്കാനുപയോഗിക്കുന്ന കോൺടാക്ട് സിമന്റ്, അക്രിലിക് പെയിന്റ്, ചിറകുകൾ ചലിപ്പിക്കേണ്ട ഹീറോസിന്റെ ഉടയാടകൾക്കാവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങൾ, സ്മോക് മെഷീൻ എന്നിവയൊക്കെ ആവശ്യം വരും.

ഹാറൂൺ താൻ നിർമിച്ച സൂപ്പർഹീറോകളുടെ ഉടയാടകൾ ധരിച്ച്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഹാറൂൺ താൻ നിർമിച്ച സൂപ്പർഹീറോകളുടെ ഉടയാടകൾ ധരിച്ച്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

നല്ല രീതിയിൽ ഒരു ഉടയാട നിര്‍മിക്കാൻ 7000 മുതൽ 8000 ദിർഹം വരെ വേണ്ടിവരും. അമേരിക്ക പോലുള്ള രാജ്യങ്ങളിൽ നിന്ന് സൂപ്പർഹീറോസ് ജിസിസി രാജ്യങ്ങളിലേക്കു വരുമ്പോൾ അവർക്ക് കോസ്റ്റ്യൂം കൊണ്ടുവരുന്നതിലും ലാഭമാണ് ഇവിടെ നിന്ന് വാങ്ങുന്നത്. ആ ഒാർഡര്‍ ഹാറൂണിന് ലഭിക്കും. സൂക്ഷ്മമായി നിർമിക്കേണ്ട ഉടയാടയ്ക്കാണെങ്കിൽ രണ്ടുമുതൽ മൂന്ന് മാസം വരെ സമയം വേണ്ടിവരും. അല്ലാത്തവയാണെങ്കിൽ രണ്ട് മുതൽ മൂന്ന് വരെ ആഴ്ചയ്ക്കുള്ളില്‍ നിർമിക്കും.

ഇന്ന് കുട്ടികളുടെ പ്രിയപ്പെട്ട സൂപ്പർഹീറോസിന്റെയെല്ലാം ഉടയാടകൾ ഇദ്ദേഹം നിർമിച്ചിട്ടുണ്ട്. മലയാളികളുടെ സ്വന്തം 'മിന്നൽമുരളി'യുടെ വേഷവിധാനം ഉണ്ടാക്കുകയാണ് സ്വപ്നം. അതു വൈകാതെ പൂവണിയുമെന്ന് പ്രതീക്ഷിക്കുന്നു. യുഎഇയിൽ ഇതുപോലെ സൂപ്പർഹീറോസ് ഉടയാടകൾ നിർമിക്കുന്നവർ വേറെയുണ്ടെങ്കിലും അവരെല്ലാം അതൊരു ഹോബിയായി മാത്രമാണ് മുന്നോട്ടുകൊണ്ടുപോകുന്നത്. ഹാറൂണിനെ പോലെ ഇതൊരു പ്രഫഷനായി ചെയ്യുന്നവർ വളരെ അപൂർവവും.

ഹാറൂൺ നിർമിച്ച സൂപ്പർഹീറോകളുടെ ഉടയാടകൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ഹാറൂൺ നിർമിച്ച സൂപ്പർഹീറോകളുടെ ഉടയാടകൾ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ എന്താണ് കോസ്പ്ലേ..!
1939-ൽ ന്യൂയോർക്ക് സിറ്റിയിൽ നടന്ന ഒന്നാം വേൾഡ് സയൻസ് ഫിക്‌ഷൻ കൺവൻഷനുവേണ്ടി മൊറോജോയുടെ "ഫ്യൂച്ചറിസ്റ്റിക് കോസ്റ്റ്യൂംസ്" സൃഷ്ടിച്ചതിൽ തുടങ്ങി, സയൻസ് ഫിക്‌ഷൻ കൺവൻഷനുകളിലെ ഫാൻ കോസ്റ്റ്യൂമിങ് സമ്പ്രദായത്തിൽ നിന്നാണ് കോസ്‌പ്ലേ വളർന്നത്. കോസ്സുപ്യുയർ(kosupure) എന്ന ജാപ്പനീസ് പദം 1984-ലാണ് നിലവിൽ വന്നത്.

1990-കൾ മുതൽ ഒരു ഹോബിയായി കോസ്‌പ്ലേ ചെയ്യുന്ന ആളുകളുടെ എണ്ണത്തിലുണ്ടായ ദ്രുതഗതിയിലുള്ള വളർച്ച ഈ പ്രതിഭാസത്തെ ജപാനിലെയും മറ്റ് ഭാഗങ്ങളിലെയും ജനപ്രിയ സംസ്കാരത്തിന്റെ പ്രധാന ഭാഗമാക്കി മാറ്റി. കിഴക്കൻ ഏഷ്യയിലും പാശ്ചാത്യ ലോകത്തും ഇത് പെട്ടെന്ന് വളർന്നു. കോസ്‌പ്ലേ ഇവന്റുകൾ ഫാൻ കൺവൻഷനുകളുടെ പൊതു സവിശേഷതകളാണ്.

ഇന്ന് ഒട്ടേറെ കൺവൻഷനുകളും മത്സരങ്ങളും അരങ്ങേറുന്നു. അതുപോലെ തന്നെ സോഷ്യൽ നെറ്റ്‌വർക്കുകൾ, വെബ്‌സൈറ്റുകൾ, കോസ്‌പ്ലേ പ്രവർത്തനങ്ങളെ കേന്ദ്രീകരിച്ചുള്ള മറ്റ് മാധ്യമങ്ങൾ എന്നിവയും സജീവമാണ്. ഇൗ മേഖലയിൽ ഏറ്റവും ഉന്നതിയിൽ ആര് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. എല്ലാവരും അവരവരുടേതായ രംഗത്ത് ശ്രദ്ധേയരാണ്. പക്ഷേ, ചുരുക്കം ഇന്ത്യക്കാരിൽ ഏറ്റവും തിളക്കം ഹാറൂണിന് തന്നെ. ഇഷ്ടമുള്ള ഒരാളെ തിരഞ്ഞെടുക്കാൻ തന്നോട് പറഞ്ഞാൽ സംശയമില്ല, അത് കമുയി കോസ്പ്ലേ തന്നെ. അവരുടെ ഒട്ടേറെ വിഡിയോകൾ തനിക്ക് പാഠങ്ങൾ പറഞ്ഞുതന്നതായി ഇദ്ദേഹം പറയുന്നു.

മുഹമ്മദ് ഹാറൂൺ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
മുഹമ്മദ് ഹാറൂൺ. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

∙ മത്സരങ്ങളിലെ ജേതാവ് ഇപ്പോൾ വിധികർത്താവ്
യുഎഇയിൽ നടന്ന ഹീറോസ് വേഴ്സസ് വില്ലൻ, കാമെക്, പോപ്കോൺ, എത്തിസാലാത്ത് ഗെയിമിങ് ഇവന്റ്, സ്റ്റാർസ്കോൺ, യാസ് ഗെയിമിങ് തുടങ്ങി പത്തോളം കോസ്പ്ലേ മത്സരങ്ങളിൽ ജേതാവായിട്ടുള്ള ഹാറൂൺ ഇന്ന് ഇത്തരം മത്സരങ്ങളിലെ വിധി കർത്താവാണ്. കോസ് പ്ലേ എന്നത് സൂപ്പർഹീറോമാരോടുള്ള വെറും അഭിനിവേശമല്ലെന്ന് ഇൗ യുവാവ് പറയുന്നു.

ഇത് മിക്കവാറും ഒരു കഥാപാത്രത്തെ  യഥാർഥ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന പ്രക്രിയയാണ്. ഇൗ തൊഴിലിലൂടെ കലാരംഗത്തെ ഒട്ടേറെ സാധ്യതകൾ തിരിച്ചറിയാൻ സാധിച്ചു എന്നതാണ് ഏറ്റവും പ്രധാനം. ഇൗ മേഖലയിൽ ഇനിയും ഉയരങ്ങളിലേയ്ക്ക് പറക്കാനുള്ള ശ്രമം തുടരുമെന്ന് ഹാറൂൺ പറയുന്നു. ഇദ്ദേഹത്തെ ബന്ധപ്പെടാനുള്ള ഫോൺ നമ്പർ: +971 52 805 6562.

English Summary:

Muhammad Haroon Designs Costumes for Children's Superheroes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com