ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം ഇന്നുമുതൽ
Mail This Article
ദുബായ് ∙ ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ഇന്നുമുതൽ പ്രവർത്തനം ആരംഭിക്കുമെന്നു കോൺസൽ ജനറൽ (സിജി) സതീഷ്കുമാർ ശിവൻ പറഞ്ഞു. രാവിലെ 8 മുതൽ വൈകുന്നേരം 6 വരെ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നിന്ന് ഔട്പാസ് (എമർജൻസി സർട്ടിഫിക്കറ്റ്) നേരിട്ടു വാങ്ങാം. കുറഞ്ഞ കാലത്തേക്കുള്ള പാസ്പോർട്ട് ആവശ്യമുള്ളവർക്കു മുൻകൂർ അനുമതിയില്ലാതെ നേരിട്ടു ബിഎൽഎസ് സെന്ററുമായി ബന്ധപ്പെടാം.
നാട്ടിലേക്കു പോകേണ്ടവർക്ക് ഔട്പാസും ഇവിടെ തന്നെ തുടരാൻ ആഗ്രഹിക്കുന്നവർ ഹൃസ്വകാല പാസ്പോർട്ടുമാണ് എടുക്കേണ്ടത്. യുഎഇ പ്രവാസികളോടു കാണിക്കുന്ന ഉദാരസമീപനം എല്ലാവരും പ്രയോജനപ്പെടുത്തണം. ഇന്ത്യൻ സംഘടനകളുമായി കോൺസുലേറ്റ് നിരന്തരം ബന്ധപ്പെടുന്നുണ്ട്.
നിയമ ലംഘനത്തിൽ നിന്നു മോചിതരാകാനുള്ള അവസരമാണിതെന്ന് മനസ്സിലാക്കി സ്വയം മുന്നോട്ടു വരണമെന്നാണ് ഇന്ത്യൻ കോൺസുലേറ്റ് ആഗ്രഹിക്കുന്നതെന്നും കോൺസൽ ജനറൽ പറഞ്ഞു. നാട്ടിലേക്കു മടങ്ങാൻ പണമില്ലാത്തവർക്ക് കുറഞ്ഞ ചെലവിൽ ടിക്കറ്റ് ലഭ്യമാക്കുന്നതിനു വിമാന കമ്പനികളോട് അഭ്യർഥിച്ചിട്ടുണ്ട്.
പൊതുമാപ്പുകാർക്കു വേണ്ടി പ്രത്യേക പദ്ധതി തയാറാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കുറഞ്ഞ ചെലവിലോ സൗജന്യമായോ ടിക്കറ്റ് നൽകാനാണ് ശ്രമിക്കുന്നത്. കോൺസുലേറ്റിനും സൗജന്യ ടിക്കറ്റ് നൽകാൻ സാധിക്കും. അപേക്ഷകരുടെ യോഗ്യതയ്ക്ക് അനുസരിച്ചാകും ഇത്. പൊതുമാപ്പ് സേവനങ്ങൾക്ക് ഇന്ത്യൻ കോൺസുലേറ്റ് പണം വാങ്ങില്ല. അപേക്ഷ സൗജന്യമായി പൂരിപ്പിച്ചു നൽകും. പടം എടുക്കേണ്ടവർക്ക് അതും സൗജന്യമായി എടുത്തു നൽകും.
എമർജൻസി സർട്ടിഫിക്കറ്റിനുള്ള ഫീസും തൽക്കാലത്തേക്കില്ല. എന്നാൽ, ഹൃസ്വകാല പാസ്പോർട്ടിന് ബിഎൽഎസ് കേന്ദ്രങ്ങളിൽ നിശ്ചിത ഫീസ് നൽകി അപേക്ഷിക്കണം. ഹൃസ്വകാല പാസ്പോർട്ടിന്റെ കാലാവധി അപേക്ഷയുടെ സ്വഭാവം അനുസരിച്ചു വ്യത്യസ്തമാണെന്നും കോൺസൽ ജനറൽ പറഞ്ഞു.