ADVERTISEMENT

റിയാദ് ∙ വിമാനത്താവളത്തിനുള്ളിൽ  6 ദിവസം കുടുങ്ങിയ പ്രവാസി ഇന്ത്യക്കാരൻ സാമൂഹികപ്രവർത്തകരുടെ സഹായത്താൽ നാട്ടിലെത്തി. ഹായിലിൽ  ആട് ഫാമിൽ ജോലിക്കാരനായ യു പി, മഹാരാജ് ഗഞ്ച്, ഗൗരാ ദൂബേവില്ലേജ് സ്വദേശിയായ സുരേഷ് പാസ്വാൻ(41) ആണ് നാട്ടിലേക്ക് മടങ്ങാനെത്തി എയർപോർട്ട് ടെർമിനലിൽ ഗേറ്റ് അറിയാതെ വഴി തെറ്റിയിരുന്നത്.

കഴിഞ്ഞ 25 നായിരുന്നു ഡൽഹിക്കുള്ള  വിമാനത്തിൽ യാത്ര ചെയ്യാന്‍ സുരേഷ് എത്തിയത്. ഇമിഗ്രേഷനും മറ്റും പൂർത്തിയാക്കിയെന്നും ഉടൻ പുറപ്പെടുമെന്നുമുള്ള വിവരവും നാട്ടിലറിയിച്ചിരുന്നു. ഡൽഹി വിമാനത്താവളത്തിൽ കാത്തിരുന്ന വീട്ടുകാർക്ക് മുന്നിലൂടെ വിമാനത്തിൽ വന്നവരെല്ലാം പോയിട്ടും ഇയാളെ മാത്രം കണ്ടെത്താൻ കഴിഞ്ഞില്ല തുടർന്നുള്ള അന്വേഷണത്തിൽ ലഗേജ് മാത്രം എത്തിയെന്നും വിമാനത്തിൽ  ആളുണ്ടായിരുന്നില്ലെന്നുമുള്ള വിവരമാണ് ലഭിക്കുന്നത്.

ഇതിനിടെയിലാണ് റിയാദിലെ സാമൂഹിക പ്രവർത്തകനായ ശിഹാബ് കൊട്ടുക്കാടിനെ തേടി എയർപോർട്ട്  ഡ്യൂട്ടി മാനേജരുടെ ഫോൺ വിളിയെത്തുന്നത്. ഒരു ഇന്ത്യക്കാരൻ കുറച്ചു ദിവസങ്ങളായി ടെർമിനൽ 3ൽ  മുഷിഞ്ഞ വേഷത്തിൽ  ഇരിക്കുന്നു. ആള് മൗനത്തിലാണ്. കൈവശം പാസ്പോർട്ട് മാത്രമാണുള്ളത് ഇന്ത്യക്കാരനായ ഇയാളെ നാട്ടിലെത്തിക്കാനും  മറ്റു വിവരങ്ങൾ കിട്ടുന്നതിനുമുള്ള പിന്തുണ വേണമെന്നായിരുന്നു ആവശ്യം.  ഈ വിവരങ്ങളൊക്കെ അദ്ദേഹം ഇന്ത്യൻ എംബസി കമ്യൂണിറ്റി വെൽഫെയർ ഓഫിസർ മൊയീൻ അക്തറിനെ ധരിപ്പിച്ചു, വിമാനത്താവളത്തിലെത്തി അയാളുടെ സ്ഥിതിയും സാഹചര്യങ്ങളും പരിശോധിക്കുവാനും വേണ്ടി വന്നാൽ  താമസത്തിന് മതിയായ സൗകര്യമൊരുക്കാനും എംബസി അധികൃതർ ശിഹാബ് കൊട്ടുകാടിനെ ചുമതലപ്പെടുത്തി.

expatriate-indian-who-was-stuck-inside-the-airport-has-returned-home-riyadh2
ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

ടെർമിനലിൽ ഒരിടത്ത് നിസംഗതയോടെ ചുരുണ്ടുകൂടി ഇരിക്കുന്ന സുരേഷിനോട് വിവരങ്ങളൊക്കെ തിരക്കിയെങ്കിലും പ്രതികരിക്കാതെ നിശബ്ദത തുടരുകയായിരുന്നു. തുടർന്ന് ശിഹാബ് കൊട്ടുകാടും ഒപ്പമുണ്ടായിരുന്ന സാമൂഹിക പ്രവർത്തകരും ഇയാളുടെ കൈവശമുണ്ടായിരുന്ന ഫോണിൽ നിന്നും അവസാനമായി അഞ്ചു ദിവസങ്ങൾക്ക് മുമ്പ് വിളിച്ച  ദമാമിലുള്ള ബന്ധുവിന്റെ നമ്പർ കണ്ടെത്തി അവരോട് വിളിച്ചു വിവരങ്ങൾ ധരിപ്പിച്ചു. ഇയാളുടെ വീട്ടുകാർ ഏറെ വിഷമത്തോടെ കഴിഞ്ഞ ആറു ദിവസമായി ഡൽഹി വിമാനത്താവളത്തിൽ  കാത്തിരിപ്പ് തുടരുകയാണെന്നും അറിഞ്ഞു. സുരേഷിനെ കണ്ടെത്താൻ ആരോട് എവിടെ അന്വേഷിക്കണമെന്ന് അറിയാതെ കുഴങ്ങുകയായിരുന്നുവെന്നും ബന്ധു പറഞ്ഞു. 

25 ന് വൈകിട്ടുള്ള ഫ്ലൈനാസ് വിമാനത്തിൽ പോകേണ്ടിയിരുന്ന സുരേഷ് വിമാനത്താവളത്തിൽ കൃത്യമായ ഗേറ്റിലെത്താതെ വഴിതെറ്റിപ്പോയി വേറേ ഗേറ്റിൽ ആണ് കാത്തിരുന്നത്.  ഭാഷ പ്രശ്നമായതിനാൽ അറിയിപ്പുകളൊന്നും മനസിലാക്കാനും കഴിഞ്ഞിരുന്നില്ലെന്നു മാത്രമല്ല വേറേ ആരോടും തിരിക്കാനുള്ള ധൈര്യവും ഉണ്ടായിരുന്നില്ല. അവസാന വട്ട അറിയിപ്പു കഴിഞ്ഞിട്ടും യാത്രക്കാരൻ എത്തിച്ചേരാത്തതിനാൽ സുരേഷിനെ കൂടാതെ വിമാനം പുറപ്പെട്ടിരുന്നു. എന്തു ചെയ്യണമെന്നറിയാതെ ഭയവും പരിഭ്രാന്തിയും അപരിചിതത്വവും കൂടെ ചേർന്ന്  ഇയാളുടെ മനോനില തെറ്റിച്ചതായി സാമൂഹിക പ്രവർത്തകർ പറഞ്ഞു. നാട്ടിൽ കാത്തിരിക്കുന്ന വീട്ടുകാരൊട്  വിവരങ്ങൾ അറിയച്ചതോടെ അവർക്കും സമാധാനമായി , ഏതുവിധേനയും നാട്ടിലെത്തിക്കാനും വീട്ടുകാർ അഭ്യർഥിച്ചു.

എംബസി അധികൃതരും ആവശ്യമായ സഹായം വാഗ്ദാനം ചെയ്തു. അതോടെ എത്രയും വേഗം നാട്ടിലെത്തിക്കാനായിരുന്നു ശ്രമം നടത്തിയത്.  ടെർമിനൽ 2 എത്തിക്കാമെങ്കിൽ അവിടെ നിന്നും ഉടനെയുള്ള വിമാനത്തിൽ കയറ്റി അയക്കാനാവുമെന്ന് ഇയാളുടെ ദയനീയ വിവരങ്ങളറിഞ്ഞ് എയർ ഇന്ത്യാ അധികൃതരും ഉറപ്പ് നൽകി. ആറ് ദിവസത്തോളമായി ആഹാരമൊന്നും കഴിക്കാതെയും ഒരേ വസ്ത്രവുമായി കുളിക്കാതെ ഇരുന്ന സുരേഷ് ആകെ മുഷിഞ്ഞ  അവസ്ഥയിലുമായിരുന്നു.  മാറ്റി ധരിപ്പിക്കാൻ മാറ്റൊന്നും കൈവശവുമില്ലായിരുന്നു. വിമാനത്താവള അധികൃതരുടെ അനുമതിയോടെ പുറത്ത് പോയി ശിഹാബും സഹപ്രവർത്തകരും പുതിയ വസ്ത്രങ്ങൾ വാങ്ങി കൊണ്ടു വന്നു.

ഒടുവിൽ എല്ലാവരും ചേർന്ന് നിർബന്ധപൂർവ്വം പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചു. മൂന്നാം ടെർമിനലിൽ നിന്നും ഏറെ ദൂരെയുള്ള രണ്ടാം ടെർമിനലിലേക്ക് ഇതിനോടകം എത്തിക്കാൻ സമയം വൈകുമെന്ന് തിരിച്ചറിഞ്ഞതോടെ ആ ശ്രമം ഉപേക്ഷിച്ചു. പകരം ടെർമിനൽ 3ൽ തന്നെ  രാത്രി 8.40 നുളള ഫ്ലൈനാസ് വിമാനത്തിലേക്കുള്ള പുതിയ ടിക്കറ്റ് ലഭ്യമാക്കി. സുരക്ഷിതമായി ബന്ധുക്കളെ ഏൽപ്പിക്കുന്നതിന് ഇതേ വിമാനത്തിലുള്ള മറ്റൊരു ഉത്തരപ്രദേശ് സ്വദേശിയെ ഏർപ്പാടും ചെയ്തു.

  സുരേഷിനെ  തിങ്കളാഴ്ച ഉച്ചയോടെ വീട്ടുകാരുടെ അടുക്കൽ എത്തിക്കാനായതിന്റെ ചാരിതാർത്ഥ്യത്തിലാണ്  ശിഹാബ് കൊട്ടുകാടും സഹായത്തിനെത്തിയ പാലക്കാട്  കൂട്ടായ്മ ഭാരവാഹികളായ  കബീർ പട്ടാമ്പിയും, റൗഫ്  പട്ടാമ്പിയുമടങ്ങുന്ന സാമൂഹീക ജീവകാരുണ്യ പ്രവർത്തകർ.

English Summary:

Expatriate Indian who was Stuck Inside the Airport has Returned Home

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com