തൊഴിലാളി ക്യാംപുകളിലെ അപര്യാപ്തതകൾ: യുഎഇയിൽ വ്യാപക പരിശോധന
Mail This Article
അബുദാബി∙ തൊഴിലാളികൾക്കുള്ള താമസ സൗകര്യങ്ങളിൽ നടത്തിയ പരിശോധനയിൽ അപര്യാപ്തമായ വെന്‍റിലേഷനുകളും ശീതീകരണി(എയർ കണ്ടഷണർ)കളും ഉൾപ്പെടെ 352 നിയമലംഘനങ്ങൾ മനുഷ്യവിഭവ–സ്വദേശിവത്കരണ മന്ത്രാലയം കണ്ടെത്തി. യുഎഇയിലെങ്ങുമുള്ള ലേബർ ക്യാംപുകളിൽ ഏകദേശം 15 ലക്ഷം തൊഴിലാളികൾ താമസിക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് 1,800-ലേറെ കമ്പനികൾ ഇലക്ട്രോണിക് ലേബർ അക്കമഡേഷൻ സിസ്റ്റത്തിൽ റജിസ്റ്റർ ചെയ്തിട്ടുണ്ട്.
തീ പിടിക്കുന്ന വസ്തുക്കൾ സുരക്ഷിതമായി വയ്ക്കുക, ശുചിത്വ ആവശ്യകതകൾ പാലിക്കുക എന്നിവ കൂടാതെ, പാർപ്പിട സൗകര്യത്തിലെ പൊതുവായ ശുചിത്വ പ്രശ്നങ്ങളും കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി. മേയ് 20 മുതൽ ജൂൺ 7 വരെ നടത്തിയ പരിശോധനയെ തുടർന്ന് നിയമം പാലിക്കാത്ത ചില കമ്പനികൾക്ക് മുന്നറിയിപ്പ് നൽകുകയും മറ്റുള്ളവക്ക് പിഴ ചുമത്തുകയും ചെയ്തു. ചിലർക്ക് അവരുടെ താമസസൗകര്യം ശരിയാക്കാൻ ഒരു മാസം വരെ അനുവദിച്ചതായും മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ അഫയേഴ്‌സ് അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി മൊഹ്‌സിൻ അലി അൽ നാസി പറഞ്ഞു.
ഉയർന്ന നിലവാരം പുലർത്തുന്ന തൊഴിൽ സൗകര്യങ്ങൾ നൽകാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. കമ്പനികൾ അവരുടെ തൊഴിലാളികൾക്ക് മതിയായതും സൗകര്യപ്രദവുമായ പാർപ്പിടം നൽകുന്നതിനുള്ള ഉത്തരവാദിത്തം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി മന്ത്രാലയം ഇൻസ്പെക്ടർമാർ യുഎഇയിലുടനീളമുള്ള ലേബർ താമസ സൗകര്യങ്ങളില്‍ പതിവായി ഫീൽഡ് സന്ദർശനങ്ങൾ നടത്തുന്നു. കിടപ്പുമുറി, ശൗചാലയം, വെന്‍റിലേഷൻ, എയർ കണ്ടീഷനിങ് തുടങ്ങിയവ ലഭ്യമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നുണ്ട്.