5 റിയാലിന് 10 ദിവസത്തെ ടൂറിസ്റ്റ് വീസ; അടിച്ചുകേറിവാ..., ഇന്ത്യക്കാരെ ക്ഷണിച്ച് ഒമാന്‍
Mail This Article
മസ്‌കത്ത് ∙ ഒമാനിലേക്ക് ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം ഇന്ത്യന്‍ നഗരങ്ങളില്‍ നടത്തിയ പ്രമോഷന്‍ ക്യാംപെയ്ന് ലഭിച്ചത് വന്‍ വരവേല്‍പ്പ്. ന്യൂ ഡല്‍ഹി, മുംബൈ, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ നടന്ന പ്രചരണ പരിപാടികളില്‍ നൂറില്‍ അധികം ഇന്ത്യന്‍ കമ്പനികള്‍ പങ്കാളികളായി.
ഇന്ത്യയിലെ വിനോദ സഞ്ചാര മേഖലയിലെ പങ്കാളികള്‍ക്ക് ഹോട്ടലുകള്‍, ടൂര്‍ ഓപ്പറേറ്റര്‍മാര്‍, എയര്‍ലൈനുകള്‍, പൈതൃക, ടൂറിസം മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ എന്നിവയുള്‍പ്പെടെ ഒമാനി ടൂറിസം രംഗത്തെ ആളുകളെ ബന്ധപ്പെടാനുള്ള അവസരവും മന്ത്രാലയം അധികൃതര്‍ ഒരുക്കിയിരുന്നു.
ഒമാനില്‍ നിന്നുള്ള 200ല്‍ അധികം ഇന്ത്യന്‍ ട്രാവല്‍, ആൻഡ് ടൂറിസം സ്ഥാപനങ്ങളുമാണ് ക്യാംപെയ്നനിൽ പങ്കെടുത്തത്. ടൂറിസം പ്രചരണത്തിന്റെ ഭാഗമായി ന്യൂ ഡല്‍ഹിയില്‍ എത്തിയ ഒമാന്‍ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അസ്സാന്‍ ഖാസ്സിം മുഹമ്മദ് അല്‍ ബുസൈദി കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തും കൂടിക്കാഴ്ച നടത്തി.
കേന്ദ്ര ടൂറിസം മന്ത്രാലയം ഉന്നതതല പ്രതിനിധികളും സന്നിഹിതരായിരുന്നു. ഇരു രാഷ്ട്രങ്ങള്‍ക്കുമിടയില്‍ ടൂറിസം സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള സാധ്യതകളും ചര്‍ച്ച ചെയ്തു. ഒമാന്റെ പ്രധാന വിനോജ സഞ്ചാര വിപണിയാണ് ഇന്ത്യയെന്നും ഇവിടെ നിന്നും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുകയാണ് ലക്ഷ്യമാക്കുന്നതെന്നും മന്ത്രാലയം അണ്ടര്‍ സെക്രട്ടറി അസ്സാന്‍ ഖാസ്സിം മുഹമ്മദ് അല്‍ ബുസൈദി പറഞ്ഞു.
ഇന്ത്യക്കാരുടെ വിവാഹ ഡെസ്റ്റിനേഷന്‍ ആകാന്‍ ഒമാന്‍
ഒമാനിലെ വിവിധ വിനോദ സൗകര്യങ്ങളും പ്രത്യേകതകളും ടൂറിസം പ്രചാരണ ക്യാംപെയ്നിൽ അവതരിപ്പിച്ചു. ഇതില്‍ പ്രധാനമാണ് സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍, വിവാഹ വേദികള്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍.
ഇവയെ കുറിച്ച് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ കൃത്യമായി പ്രചാരം നല്‍കുന്നതിലൂടെ ഇത്തരം ഇവന്റുകള്‍ക്ക് ഒമാനിലേക്ക് ഇന്ത്യക്കാരൊഴുകിയേക്കും. ഒമാനില്‍ വിവാഹ വേദിയൊരുക്കുന്നതിന് ഇന്ത്യക്കാരെ ക്ഷണിക്കുകയാണ് അധികൃതര്‍.
അഞ്ച് റിയാലിന് പത്ത് ദിവസത്തെ ടൂറിസ്റ്റ് വീസ, ഇന്ത്യന്‍ നഗരങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍, നാല് മണിക്കൂറില്‍ താഴെ മാത്രം വിമാന യാത്ര, കുറഞ്ഞ നിരക്കില്‍ വേദിയൊരുക്കാവുന്ന ഹോട്ടലുകള്‍, പൈതൃക കേന്ദ്രങ്ങള്‍, ബീച്ചുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ഒമാനെ വിവാഹ വേദിയാക്കാന്‍ ഇന്ത്യക്കാരെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇത്തരം സംഘങ്ങള്‍ക്ക് പാക്കേജുകളൊരുക്കാന്‍ ട്രാവല്‍ ഏജന്‍സികളും രംഗത്തുണ്ട്.