യുഎഇ പൊതുമാപ്പ്: നേരത്തേ ടിക്കറ്റെടുത്താൽ യാത്ര നടക്കണമെന്നില്ല; ആദ്യം എക്സിറ്റ്, പിന്നെ മതി ടിക്കറ്റ്
Mail This Article
അബുദാബി∙ യുഎഇയിൽ പൊതുമാപ്പ് അപേക്ഷകർ, രാജ്യം വിട്ടുപോകാനുള്ള എക്സിറ്റ് പാസ് ലഭിക്കുന്നതിന് മുൻപ് വിമാന ടിക്കറ്റ് എടുക്കരുതെന്ന് അധികൃതർ. ഓരോ അപേക്ഷയും കൃത്യമായി പരിശോധിച്ച് നിയമനടപടികൾ പൂർത്തിയാക്കുകയും വിരലടയാളം രേഖപ്പെടുത്തുകയും ചെയ്ത ശേഷമേ എക്സിറ്റ് പാസ് നൽകാനാകൂ.
അപേക്ഷകരുടെ ആധിക്യം മൂലം ബയോമെട്രിക് (വിരലടയാളം) വിവരം രേഖപ്പെടുത്തുന്നതിന് 48 മണിക്കൂർ വരെ എടുക്കുന്നുണ്ട്. ഇതു പൂർത്തിയായ ശേഷമേ എക്സിറ്റ് പാസ് നൽകാനാകൂ. അതിനാൽ എക്സിറ്റ് പാസ് കിട്ടാതെ വിമാന ടിക്കറ്റ് എടുത്താൽ നിശ്ചിത സമയത്ത് യാത്ര ചെയ്യാൻ സാധിച്ചെന്നു വരില്ലെന്നു ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൻഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയും (ഐസിപി) ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും (ജിഡിആർഎഫ്എ) അറിയിച്ചു.
എക്സിറ്റ് പാസ് ലഭിച്ചാൽ 14 ദിവസത്തിനകം രാജ്യം വിട്ടാൽ മതി. ഇതിനകം വിമാന ടിക്കറ്റ് എടുത്ത് നാട്ടിലേക്കു പോകാനും സാധിക്കും. ഇതേസമയം ചിലർ നേരത്തെ തന്നെ വിമാന ടിക്കറ്റ് എടുത്തുവച്ചാണ് പൊതുമാപ്പ് അപേക്ഷിക്കാൻ എത്തുന്നത്. നിശ്ചിത സമയത്തിനകം ബയോമെട്രിക് വിരലടയാളം എടുക്കാൻ സാധിച്ചില്ലെങ്കിൽ എക്സിറ്റ് പാസ് വൈകും. ഇതുമൂലം യാത്ര മുടങ്ങും. ടിക്കറ്റ് മാറ്റി എടുക്കേണ്ടിവരും. ഇതു സാമ്പത്തിക നഷ്ടവുമുണ്ടാക്കുമെന്നും സൂചിപ്പിച്ചു.
യുഎഇയിൽ ഒരിക്കൽ ബയോമെട്രിക് എടുത്തിട്ടുള്ളവർക്ക് വീണ്ടും എടുക്കേണ്ടതില്ല. ഇത്തരക്കാർക്ക് മറ്റു കുറ്റകൃത്യ കേസുകളൊന്നും നിലവിലില്ലെങ്കിൽ ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രത്തിൽ നേരിട്ട് എത്തി അപേക്ഷിച്ചാൽ നിമിഷങ്ങൾക്കകം എക്സിറ്റ് പാസ് ലഭിക്കും. എന്നാൽ അബുദാബിയിലുള്ളവർ ടൈപ്പിങ് സെന്ററിൽനിന്ന് ടൈപ്പ് ചെയ്ത് ബയോമെട്രിക് കേന്ദ്രങ്ങളിൽ പോയി വിരലടയാളം എടുത്ത ശേഷമാണ് ഐസിപി പൊതുമാപ്പ് കേന്ദ്രത്തിൽ എത്തേണ്ടത്.
ദുബായ് അവീർ പൊതുമാപ്പ് കേന്ദ്രത്തിൽ ദിവസേന നൂറുകണക്കിന് അപേക്ഷകർക്ക് എക്സിറ്റ് പാസ് വിതരണം ചെയ്തുവരുന്നതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് അറിയിച്ചു. 3 ദിവസത്തിനിടെ ആയിരങ്ങൾ പൊതുമാപ്പ് ഉപയോഗപ്പെടുത്തി.
രാജ്യത്ത് തുടരാൻ ആഗ്രഹിക്കുന്നവർക്ക് അവീർ പൊതുമാപ്പ് കേന്ദ്രത്തിൽ തന്നെയുള്ള വിവിധ കമ്പനികൾ യോഗ്യതയ്ക്ക് അനുസരിച്ച് ജോലി നൽകുന്നത് ഒട്ടേറെ പേർക്ക് ആശ്വാസമായി. വർഷങ്ങളായി നിയമലംഘകരായി കഴിഞ്ഞതിനാൽ പലയിടങ്ങളിലായി ഒതുങ്ങി കഴിഞ്ഞവർക്ക് ജോലി അന്വേഷിച്ച് പോകാൻ സാധിച്ചിരുന്നില്ല. പൊതുമാപ്പ് കേന്ദ്രത്തിൽ തന്നെ ജോലി ലഭ്യമാക്കാനാവുക എന്നത് ഇത്തരക്കാർക്ക് വലിയ ആശ്വാസമാണ്.