ADVERTISEMENT

അബുദാബി ∙ യുഎഇയിൽ സ്കൂൾ തുറന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും തിരിച്ചെത്താതെ 30 ശതമാനം വിദ്യാർഥികൾ. വർധിച്ച വിമാന നിരക്ക് കുറയാത്തതുമൂലം പ്രവാസി കുടുംബങ്ങൾ നാട്ടിൽ തുടരുന്നതാണ് ഇതിന് കാരണം. ഇതുമൂലം വിദ്യാർഥികൾക്ക് നഷ്ടമാകുന്നത് വിലപ്പെട്ട ക്ലാസുകളാണ്. ഇന്ത്യൻ സ്കൂളുകളിലാണ് ഹാജർ നില കുറവ്. 

സാധാരണ സെപ്റ്റംബർ ആദ്യവാരം പിന്നിട്ടാൽ നിരക്ക് കുറയാറുണ്ട്. എന്നാൽ രണ്ടാം വാരത്തിലെത്തുന്ന ഓണം മുന്നിൽക്കണ്ട് നാട്ടിലേക്കു പോയി വരുന്നവരെ കൂടി ലക്ഷ്യമിട്ട് എയർലൈൻ ഓൺലൈൻ ടിക്കറ്റ് നിരക്കു കൂട്ടിവച്ചിരിക്കുകയാണ്. ഈ മാസം 20നു ശേഷമേ നിരക്കിൽ കാര്യമായ കുറവുണ്ടാകൂ എന്നാണ് ട്രാവൽ ഏജൻസികൾ നൽകുന്ന സൂചന. അപ്പോഴേക്കും വിദ്യാർഥികൾക്ക് ഏതാണ്ട് ഒരു മാസത്തെ ക്ലാസ് നഷ്ടപ്പെടുമെന്ന വേവലാതിയിലാണ് രക്ഷിതാക്കളും കുട്ടികളും.

മധ്യവേനൽ അവധിക്കുശേഷം ഓഗസ്റ്റ് 26ന് യുഎഇയിലെ സ്കൂളുകൾ തുറന്നിരുന്നു. അന്ന് ഭൂരിഭാഗം ക്ലാസുകളിലും ഹാജർ നില കുറവായിരുന്നു. 40 ശതമാനം വിദ്യാർഥികൾ എത്തിയിരുന്നില്ല. പിന്നീടുള്ള ദിവസങ്ങളിൽ 10 ശതമാനം പേർ കൂടി എത്തിയെങ്കിലും തിരിച്ചെത്താത്തവർ വളരെ കൂടുതലാണ്. 75 % ഹാജരുണ്ടെങ്കിലേ വിദ്യാർഥികളെ പരീക്ഷയ്ക്ക് ഇരുത്തൂ എന്നാണ് സിബിഎസ്ഇ, കേരള ബോർഡിന്റെ നിബന്ധന. 

യുഎഇ നിയമപ്രകാരം 85 ശതമാനം ഹാജർ വേണം. ഇതനുസരിച്ച് ഒരു വർഷം വിദ്യാർഥികൾക്ക് എടുക്കാവുന്ന പരമാവധി അവധി 25 ദിവസമാണ്. എന്നാൽ നാട്ടിൽ കുടുങ്ങിയ പ്രവാസി കുടുംബങ്ങൾ തിരിച്ചെത്തുമ്പോഴേക്കും ഈ പരിധി മറികടക്കുമോ എന്നാണ് ആശങ്ക.

നാളെ കൊച്ചിയിൽനിന്ന് ദുബായിലേക്കു വൺവേ ടിക്കറ്റിനു കുറഞ്ഞത് 22,500 രൂപയ്ക്കു മുകളിലാണ് നിരക്ക്. നാലംഗ കുടുംബത്തിനു യുഎഇയിൽ തിരിച്ചെത്താൻ കുറഞ്ഞത് 90,000 രൂപയെങ്കിലും വേണ്ടിവരും. അബുദാബി, ഷാർജ, റാസൽഖൈമ, അൽഐൻ സെക്ടറുകളിലേക്ക് നിരക്കിൽ നേരിയ ഏറ്റക്കുറച്ചിലുണ്ടാകും.

ടിക്കറ്റ് കൊള്ള: സർക്കാർ ഇടപെടൽ തേടി മാതാപിതാക്കൾ 
പ്രവാസികളിൽ 85 % സാധാരണക്കാരാണെന്നിരിക്കെ സീസൺ സമയത്ത് വിമാന കമ്പനികളുടെ ഈ കൊള്ള അവസാനിപ്പിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഇടപെടണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സമരങ്ങൾക്ക് പ്രവാസി സംഘടനകൾ രംഗത്തിറങ്ങണം. ആയിരക്കണക്കിന് പ്രവാസി സംഘടനകളുള്ള യുഎഇയിൽ വർഷത്തിൽ ഓണാഘോഷം സംഘടിപ്പിക്കുന്നതോടെ തീരരുത് സംഘടനകളുടെ ഉത്തരവാദിത്തമെന്നും രക്ഷിതാക്കൾ പറ​ഞ്ഞു.

കൊച്ചി- ദുബായ് സെക്ടറിൽ 
നാളത്തെ നിരക്ക് 
∙ എയർഇന്ത്യ എക്സ്പ്രസ് 22500
∙ സ്പൈസ് ജെറ്റ് 22700
∙ എയർ ഇന്ത്യ 25500
∙ ഇൻഡിഗോ 25700
∙ എമിറേറ്റ്സ് 26500
∙ ഫ്ലൈ ദുബായ് 30000

English Summary:

Air fares hike: Lack of attendance in UAE schools

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com