ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷന്
Mail This Article
അബുദാബി ∙ തലസ്ഥാനത്ത് നടക്കുന്ന അബുദാബി രാജ്യാന്തര ഹണ്ടിങ് ആൻഡ് ഇക്വസ്ട്രിയൻ എക്സിബിഷനിൽ (അഡിഹെക്സ്) 15 അറേബ്യൻ ഒട്ടകങ്ങളെ ഏകദേശം 25 ലക്ഷം ദിർഹത്തിന് ലേലത്തിലൂടെ വില്‍പന നടത്തി. ഒാട്ടത്തിന് പേരുകേട്ട, ഏറ്റവും മികച്ച ഇനങ്ങളിൽ നിന്നുള്ള ആൺ പെൺ ഒട്ടകങ്ങളുടെ വിൽപനയും ഉൾപ്പെടുന്നു. ഓരോ ഒട്ടകത്തിന്റെയും വംശപരമ്പര നോക്കിയാണ് അതിന്റെ മൂല്യ നിർണയം നടത്തിയതെന്ന് സംഘാടകർ പറഞ്ഞു.
അബുദാബി നാഷനൽ എക്‌സിബിഷൻ സെന്ററിൽ (അഡ്‌നെക്) ഇൗ മാസം 8 വരെ നടക്കുന്ന അഡിഹെക്‌സ് വേട്ടയാടൽ, കുതിരസവാരി കായിക വിനോദങ്ങൾ, ഔട്ട്‌ഡോർ ലൈഫ്‌സ്‌റ്റൈൽ എന്നിവയുമായി ബന്ധപ്പെട്ട വാർഷിക പ്രദർശനമാണ്. രാജ്യങ്ങൾ തമ്മിൽ സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ആഗോള വേദി കൂടിയാണിത്. അസാധാരണമായ വംശപരമ്പരയ്ക്കും ഒാട്ടത്തിനും പേരുകേട്ട അറേബ്യൻ ഒട്ടകങ്ങളെ തേടി ജിസിസി രാജ്യങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ആളുകളെ ലേലം ആകർഷിച്ചു. ഒട്ടകങ്ങള്‍ നാടോടികളായ ബദുക്ക(ഗോത്രവർഗം)ളെ നൂറ്റാണ്ടുകളായി അതിജീവിക്കാൻ സഹായിച്ചു. അതേസമയം, അറേബ്യൻ പെനിൻസുലയിൽ നൂറ്റാണ്ടുകളായി നടന്നുവരുന്ന പരമ്പരാഗത കായിക വിനോദമാണ് ഒട്ടകയോട്ടം. ഇത് ഏഴാം നൂറ്റാണ്ടിൽ ആരംഭിച്ചതായി വിശ്വസിക്കപ്പെടുന്നു. കൂടാതെ വിവാഹങ്ങൾ, ജന്മദിനങ്ങൾ, മറ്റു സാംസ്കാരിക പരിപാടികൾ, ആഘോഷങ്ങൾ എന്നിവയ്ക്ക് വേണ്ടി ബദുക്കൾ ഒട്ടകങ്ങളെ ഉപയോഗിച്ചിരുന്നു.