കുവൈത്തിൽ കപ്പല് മറിഞ്ഞ് മരിച്ചത് തൃശൂർ സ്വദേശി; മരണം അടുത്ത മാസം നാട്ടിലേക്ക് വരാനിരിക്കെ, കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ
Mail This Article
കുവൈത്ത് സിറ്റി ∙ ഇറാൻ ചരക്ക് കപ്പലായ അറബ് കതർ കുവൈത്തിൽ മറിഞ്ഞ് തൃശൂർ മണലൂർ പാലം സ്റ്റോപ്പ് സൂര്യാനഗറിൽ വെളക്കേത്ത് ഹനീഷ് ( 26) മരിച്ചു. അമ്മ: നിമ്മി. സഹോദരൻ: ആഷിക്.
10 മാസം മുൻപാണ് കപ്പലിൽ ജോലിക്ക് പോയത്. അടുത്ത മാസമോ, ഡിസംബറിലോ നാട്ടിലെത്തുമെന്ന് നേരത്തെ കൂട്ടുകാരെ അറിയിച്ചിരുന്നു. 2 ആഴ്ച മുന്നേ കുവൈത്തിലെത്തിയതായി ഹനീഷ് പറഞ്ഞതായി കൂട്ടുകാർ പറയുന്നു.
കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ; ദുഃഖത്തോടെ കുടുംബം
ഇറാൻ ചരക്കുകപ്പൽ കുവൈത്ത് തീരത്ത് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ കണ്ണൂർ വെള്ളാട് കാവുംകുടി സ്വദേശി കോട്ടയിൽ അമൽ കെ. സുരേഷി (26)നെ കുറിച്ചുള്ള വിവരത്തിനായി എംബസി അധികൃതർ അമലിന്റെ പിതാവ് സുരേഷുമായി ബന്ധപ്പെട്ടു. ഇതേതുടർന്ന് ബന്ധുക്കൾ കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപിയും ജോർജ് കുര്യനുമായി ബന്ധപ്പെട്ട് വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, കണ്ണൂർ എംപി കെ. സുധാകരൻ വിദേശകാര്യമന്ത്രാലയം എന്നിവിടങ്ങളിൽ അമലിന്റെ പിതാവ് കോട്ടയിൽ സുരേഷ് അപേക്ഷ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അറിയാൻ കാത്തിരിക്കുകയാണ് കുടുംബം.
അമൽ കപ്പലിൽ ട്രെയിനിങ് തുടങ്ങിയിട്ട് എട്ടുമാസം പൂർത്തിയാകുന്നതേയുള്ളൂ. 9 മാസമാണ് ട്രെയിനിങ്. അതിനുശേഷം ആണ് ജോലിയിൽ പ്രവേശിക്കുക. മുൻപ് പാപ്പിനിശ്ശേരി കെഎസ്ഇബി സെക്ഷനിൽ ജോലി ചെയ്തിരുന്ന അമൽ പിന്നീട് മുംബൈയിൽ ജിപി റേറ്റിങ് കോഴ്സ് പൂർത്തിയാക്കിയാണ് മുംബൈയിലെ ഏജൻസി വഴി ജോലിയിൽ പ്രവേശിച്ചത്. മാതാവ് ഉഷ. സഹോദരി: അൽഷ സുരേഷ് (നഴ്സ് എ.കെ.ജി ഹോസ്പിറ്റൽ കണ്ണൂർ).