ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ റെയിൽവേ സ്റ്റേഷനുകളുടെ വിവരങ്ങൾ പുറത്ത്; ആദ്യഘട്ട നിർമാണം ഈ 3 എമിറേറ്റുകളിൽ
Mail This Article
അബുദാബി ∙ യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ റെയിൽവേ സ്റ്റേഷനുകളുടെ വിവരങ്ങൾ വെളിപ്പെടുത്തി. അബുദാബി, ദുബായ്, ഫുജൈറ എമിറേറ്റുകളിൽ 3 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ നിർമാണം പൂർത്തിയാക്കുക. ഇത്തിഹാദ് റെയിലിന്റെ നിർമാണം തുടങ്ങി വർഷങ്ങളായെങ്കിലും പാസഞ്ചർ സ്റ്റേഷനുകളുടെ വിവരം പുറത്തുവിടുന്നത് ഇതാദ്യം. അബുദാബിയിൽ മുസഫ വ്യവസായ മേഖലയ്ക്കും മുഹമ്മദ് ബിൻ സായിദ് സിറ്റിക്കും മധ്യേ ഡൽമ മാളിനും മുസഫ ബസ് സ്റ്റേഷനും ഫീനിക്സ് ആശുപത്രിക്കും സമീപത്തായിരിക്കും സ്റ്റേഷൻ.
ദുബായിൽ റെഡ് ലൈനിലെ ഗോൾഫ് എസ്റ്റേറ്റ്സ് മെട്രോ സ്റ്റേഷനു സമീപത്തും ഫുജൈറയിൽ അൽഹിലാൽ സ്ട്രീറ്റിലുമാണ് പാസഞ്ചർ സ്റ്റേഷൻ പണിയുക. ഷാർജയിൽ യൂണിവേഴ്സിറ്റിക്കടുത്ത് എമിറേറ്റിലെ സുപ്രധാന സ്റ്റേഷൻ നിർമിക്കാനും ആലോചിക്കുന്നുണ്ട്. ഇതിനു പുറമെ ഒട്ടേറെ ചെറിയ സ്റ്റേഷനുകളും ആസൂത്രണം ചെയ്തിട്ടുണ്ട്. ചൈന റെയിൽവേ ഇന്റർനാഷനൽ ഗ്രൂപ്പിനാണ് നിർമാണ ചുമതല.അൽസില മുതൽ ഫുജൈറ വരെ 1200 കിലോമീറ്റർ നീളത്തിലുള്ളതാണ് ഇത്തിഹാദ് റെയിൽ. മണിക്കൂറിൽ 200 കി.മീ.വേഗത്തിൽ ട്രെയിൻ ഓടും.
ഫുജൈറ സ്റ്റേഷൻ നിലവിലെ ട്രാക്കിൽ തന്നെ നിർമിക്കുമ്പോൾ ദുബായ്, അബുദാബി സ്റ്റേഷനുകൾ ട്രാക്കിനു സമീപത്തായി നിർമിച്ച് ബന്ധിപ്പിക്കും. ദുബായ് ഇൻവസ്റ്റ്‌മെൻ്റ് പാർക്കിന് എതിർവശത്തുള്ള അൽ യലായിസ് സ്ട്രീറ്റിൽ ജബൽഅലി തുറമുഖത്തേക്കുള്ള പാതയിലായിരിക്കും സ്റ്റേഷൻ. ഇത് ദുബായ് മെട്രോ റെഡ് ലൈനുമായും ബന്ധിപ്പിക്കും. ഇതോടെ മെട്രോ യാത്രക്കാർക്ക് വിവിധ എമിറേറ്റുകളിലേക്ക് യാത്രയും എളുപ്പമാകും.